Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സപ്ലിമെന്റുകള്‍ വേണ്ട; ദീര്‍ഘായുസ്സിന് ഈ 6 ചെറിയ ശീലങ്ങള്‍ മതി!

സപ്ലിമെന്റുകള്‍ വേണ്ട; ദീര്‍ഘായുസ്സിന് ഈ 6 ചെറിയ ശീലങ്ങള്‍ മതി!

ദീർഘായുസ്സ് ലഭിക്കാൻ ചെലവേറിയ മരുന്നുകളോ സങ്കീർണ്ണമായ ശീലങ്ങളോ ആവശ്യമില്ല; പകരം, നാം എത്രത്തോളം ചലിക്കുന്നു, എത്ര നന്നായി ഉറങ്ങുന്നു, ജോലിക്കായി എത്ര സമയം ചെലവഴിക്കുന്നു എന്നതുപോലെയുള്ള സാധാരണ കാര്യങ്ങളാണ് യഥാർത്ഥത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് അടിത്തറയാകുന്നത്.

എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ഡോ. സുധീർ കുമാർ, ദീർഘായുസ്സിന്റെ ശാസ്ത്രം എന്ന പേരില്‍ ജീവിതല്‍ ശൈസിയെ പിന്തുണയ്ക്കുന്ന ശീലങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്. 'ദീർഘായുസ്സുമായി ബന്ധപ്പെട്ട ശക്തമായ ഡാറ്റയുടെ പിന്തുണയുള്ള ജീവിതശൈലി ശീലങ്ങള്‍. നിങ്ങള്‍ക്ക് സപ്ലിമെന്റുകളോ ബയോഹാക്കുകളോ ആവശ്യമില്ല. നിങ്ങള്‍ ചലിക്കണം, ഉറങ്ങണം, ജോലി ബുദ്ധിപൂർവം ചെയ്യണം,' ഡോ. സുധീർ കുമാർ എക്സില്‍ കുറിച്ചു.

ഓട്ടം, നടത്തം, ദിവസവും നടക്കുന്ന ചുവടുകള്‍, ശക്തിവർധിപ്പിക്കുന്ന വ്യായാമം, ഉറക്കം, ജോലി സമയം എന്നിവയാണ് ഡോ. സുധീറിന്റെ കുറിപ്പിലെ പ്രധാന വിഷയങ്ങള്‍. 'ഓടുന്നവർക്ക് ഓടാത്തവരെ അപേക്ഷിച്ച്‌ ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 27% കുറവാണ്. ഹൃദയ സംബന്ധമായ കാരണങ്ങളാല്‍ മരിക്കാനുള്ള സാധ്യത 30% കുറവും കാൻസർ മൂലമുള്ള മരണസാധ്യത 23% കുറവുമാണ്,' ഡോ. സുധീർ കൂട്ടിച്ചേർത്തു.

ദീർഘായുസ്സിനുള്ള ലളിതമായ ശീലങ്ങള്‍

വ്യായാമവും നടത്തവും: ആഴ്ചയില്‍ 50 മിനിറ്റില്‍ താഴെ ഓടുന്നത് പോലും ഹൃദയാരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ആഴ്ചയില്‍ 11 MET-മണിക്കൂർ നടക്കുന്നത് മരണസാധ്യത ഗണ്യമായി കുറയ്ക്കും.

നടക്കുന്ന വേഗത: ദൂരത്തേക്കാള്‍ വേഗതയ്ക്കാണ് ഇവിടെ പ്രാധാന്യം; വേഗത്തില്‍ നടക്കുന്നവർക്ക് മരണസാധ്യത വളരെ കുറവാണ്.

ചുവടുകളുടെ എണ്ണം: ദിവസവും 7,000 മുതല്‍ 10,000 വരെ ചുവടുകള്‍ നടക്കുന്നത് ആരോഗ്യത്തിന് മികച്ച പിന്തുണ നല്‍കുന്നു.

ശക്തിവർധക വ്യായാമം: ആഴ്ചയില്‍ വെറും 60 മിനിറ്റ് റെസിസ്റ്റൻസ് ട്രെയിനിങ് ചെയ്യുന്നത് മരണസാധ്യത 27% വരെ കുറയ്ക്കാൻ സഹായിക്കും.

പ്രവർത്തനവും ദീർഘായുസ്സും തമ്മിലുള്ള തെളിവുകള്‍ എത്ര ശക്തമാണ്?

'സ്ഥിരമായ ശാരീരിക പ്രവർത്തനവും ഏതെങ്കിലും കാരണത്താലുള്ള മരണസാധ്യത കുറയുന്നതും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയുന്നതും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകള്‍ ഏറെയുണ്ട്. പ്രധാനമായി, ഇത് എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല എന്ന തരത്തിലുള്ള കാര്യമല്ല. താരതമ്യേന ചെറിയ തോതിലുള്ള ശാരീരിക പ്രവർത്തനങ്ങളില്‍ നിന്നുതന്നെ ഗുണം ആരംഭിക്കുന്നു. പ്രത്യേകിച്ച്‌, സജീവമല്ലാത്ത ഒരാള്‍ മിതമായ രീതിയില്‍ സജീവനാകുമ്പോഴാണ് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്. 7,000 മുതല്‍ 10,000 വരെ ചുവടുകള്‍ എന്ന ലക്ഷ്യം ഒരു നല്ല മാർഗനിർദേശമാണ്, എന്നാല്‍ അതിനെ ശരീരത്തിന് നിർബന്ധമായ ഒരു പരിധിയായി കാണരുത്,' എലൈറ്റ് കെയർ ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. പാല്ലെട്ടി ശിവ കാർത്തിക് റെഡ്ഡി ഇന്ത്യൻ എക്സ്പ്രസ്.കോമിനോട് പറഞ്ഞു.

ഒരു പ്രത്യേക സംഖ്യ പിന്തുടരുന്നതിനെക്കാള്‍ സ്ഥിരതയ്ക്കാണ് പ്രാധാന്യം. ശാരീരികമായി അധികം സജീവമല്ലാത്ത ഒരാള്‍ക്ക് സ്ഥിരമായി നടക്കുന്നതിലൂടെ ആരംഭിക്കുകയും ദിവസേനയുള്ള ചലനം ക്രമേണ വർധിപ്പിക്കുകയും ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ശക്തിവർധക വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ആരോഗ്യത്തിന് കാര്യമായ ഗുണം നല്‍കും. പെട്ടെന്ന് കഠിനമായ വ്യായാമക്രമത്തിലേക്ക് മാറുന്നതിനു പകരം ഫിറ്റ്നസ് ക്രമേണ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ഉറക്കവും ജോലിയും ആരോഗ്യവും

അനുയോജ്യമായ ഉറക്കം: ആരോഗ്യകരമായ ജീവിതത്തിന് ദിവസവും 7 മണിക്കൂർ ഉറക്കമാണ് ഏറ്റവും അനുയോജ്യമായ സമയം.

ഉറക്കക്കുറവിന്റെ ദോഷങ്ങള്‍: രാത്രിയില്‍ 5 മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് മരണസാധ്യത 40% വരെ വർധിപ്പിക്കാം.

അമിത ജോലിയുടെ അപകടം: ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും ഉള്ള സാധ്യത കൂട്ടുന്നു.

ശാരീരിക പ്രവർത്തനങ്ങളും ദീർഘായുസ്സും തമ്മില്‍ ശക്തമായ ബന്ധമുണ്ട്; എല്ലാം ഒരേസമയം ചെയ്യണമെന്നില്ല, ചെറിയ തോതിലുള്ള തുടക്കങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് ഡോ. റെഡ്ഡി പറയുന്നു.

സമ്മർദ്ദവും ഹോർമോണുകളും: ഉറക്കക്കുറവും ദീർഘനേരം ജോലിയെടുക്കുന്നതും കോർട്ടിസോള്‍ ഹോർമോണിന്റെ അളവ് കൂട്ടുകയും രക്തസമ്മർദ്ദവും ശാരീരിക വീക്കവും വർധിപ്പിക്കുകയും ചെയ്യും.

ക്രമമായ പുരോഗതി: പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് മാറുന്നതിനു പകരം, ഫിറ്റ്നസ് ഘട്ടംഘട്ടമായി മെച്ചപ്പെടുത്തുകയാണ് വേണ്ടത്.

ദീർഘായുസ്സിനായി ചെലവേറിയ സപ്ലിമെന്റുകളോ സങ്കീർണ്ണമായ വഴികളോ ആവശ്യമില്ല; മറിച്ച്‌ സജീവമായ ജീവിതശീലങ്ങളും കൃത്യമായ ഉറക്കവും മിതമായ ജോലിയുമാണ് പ്രധാനം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

'നടി വിദ്യ ബാലനോട് നന്ദി': 3 മാസത്തില്‍ 9 കിലോ കുറച്ച്‌ ജ്യോതിക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam