Dailyhunt
സൗജന്യ ഗ്യാസും തൊഴിലില്ലായ്മ വേതനവും; വിജയ്‌യുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ക്ക് വേണ്ടത് കോടികള്‍

സൗജന്യ ഗ്യാസും തൊഴിലില്ലായ്മ വേതനവും; വിജയ്‌യുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ക്ക് വേണ്ടത് കോടികള്‍

മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ ടി.വി.കെ (തമിഴക വെട്രി കഴകം) ഭരണത്തിലേറാൻ ഒരുങ്ങുമ്പോള്‍, പാർട്ടി പ്രകടനപത്രികയിലെ വിപുലമായ വാഗ്‌ദാനങ്ങളിലേക്കാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

മുൻ സർക്കാരുകളുടെ വാഗ്‌ദാനങ്ങളെപ്പോലും മറികടക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളത്.

കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ, ഓരോ കുടുംബത്തിനും വർഷംതോറും 6 സൗജന്യ പാചകവാതക സിലിണ്ടറുകള്‍, പത്ത് ലക്ഷം തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 4,000 രൂപ വീതം ധനസഹായം എന്നിങ്ങനെ മുൻ തമിഴ്‌നാട് സർക്കാരുകള്‍ നല്‍കിയിരുന്ന ഉറപ്പുകളെക്കാള്‍ വലിയ വാഗ്‌ദാനങ്ങളാണ് ടി.വി.കെ മുന്നോട്ട് വെച്ചിരിക്കുന്നത്.

ടിവികെയുടെ പ്രകടനപത്രികയും ഔദ്യോഗിക സംസ്ഥാന കണക്കുകളും പ്രകാരം, പുതിയ സർക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കായി മാത്രം പ്രതീക്ഷിക്കുന്ന വാർഷിക ചെലവ് ഏകദേശം 1 ലക്ഷം കോടി രൂപയായിരിക്കും. ഇത് 2025-26 കാലയളവില്‍ മുൻപത്തെ ഡിഎംകെ സർക്കാർ ക്ഷേമപദ്ധതികള്‍ക്കും സബ്‌സിഡികള്‍ക്കുമായി ചെലവഴിച്ച 65,000 കോടി രൂപയേക്കാള്‍ 52 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തുന്നത്.

ഈ കണക്കുകളെ ഒന്ന് താരതമ്യം ചെയ്താല്‍, 2025-26 ലെ സംസ്ഥാന ബജറ്റ് പ്രകാരം തമിഴ്‌നാടിന്റെ ആകെ റവന്യൂ വരുമാനമായ 3.31 ലക്ഷം കോടി രൂപയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗത്തിന് തുല്യമാണ് ടി.വി.കെ ലക്ഷ്യമിടുന്ന ക്ഷേമ ചെലവുകള്‍. ഇതൊരു വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം, പ്രത്യേകിച്ച്‌ ഇതിനകം തന്നെ ജി.എസ്.ഡി.പിയുടെ 26 ശതമാനം കടബാധ്യതയുള്ള ഒരു സംസ്ഥാനത്ത് മൂലധനച്ചെലവിനുള്ള സാഹചര്യം ഇത് കുറയ്ക്കും. പുതിയ വരുമാന സ്രോതസുകളില്ലാതെ അധിക ചെലവിലൂടെയാണ് ഇത് നടപ്പിലാക്കുന്നതെങ്കില്‍, 2025-26 ബജറ്റില്‍ വിഭാവനം ചെയ്ത 3 ശതമാനം ധനക്കമ്മി ജി.എസ്.ഡി.പി യുടെ 3.5 മുതല്‍ 4.0 ശതമാനം വരെയായി ഉയരാൻ ഇത് കാരണമായേക്കാം.

പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്തിട്ടുള്ള സഹകരണ കാർഷിക കടം എഴുതിത്തള്ളല്‍, നെല്ലിനും കരിമ്പിനും നിയമപരമായ ഉറപ്പോടെയുള്ള കുറഞ്ഞ തറവില നല്‍കി സംഭരിക്കല്‍ എന്നിവയ്ക്കായി ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് വർധിപ്പിക്കാൻ ഇടയാക്കുന്ന മറ്റ് നിരവധി പ്രഖ്യാപനങ്ങളുമുണ്ട്. പോലീസുകാരുടെ ശമ്പളം മാസം 18,500 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയർത്തുക, 1,000 രൂപ പ്രതിമാസ ഹാർഡ്‌ഷിപ്പ് അലവൻസ്, അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ താല്‍ക്കാലിക അധ്യാപകർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും സ്ഥിരം നിയമനം നല്‍കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇതെല്ലാം ചേർന്ന് പുതിയ സർക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിച്ചേക്കാം. ഇത് അവരുടെ ഏറ്റവും വലിയ വാഗ്ദാനമായ യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ തടസമാവുകയും ചെയ്യും.

ടി.വി.കെയുടെ പ്രകടനപത്രികയില്‍ വരുമാന വർധനവിനായി പുതിയ വഴികള്‍ കണ്ടെത്തുന്നതിനെക്കുറിച്ച്‌ വിശദമായ ഒരു കർമ്മപദ്ധതിയും മുന്നോട്ടുവെക്കുന്നില്ല. അതില്‍ ഇപ്രകാരം മാത്രമാണ് പറയുന്നത്: "വർധിച്ചുവരുന്ന കടബാധ്യത കുറച്ചുകൊണ്ടും, ജനങ്ങളുടെ മേല്‍ അധിക നികുതി ചുമത്താതെ വരുമാനം വർധിപ്പിച്ചുകൊണ്ടും, കാര്യക്ഷമവും മിതവ്യയവുമായ ചെലവഴിച്ചില്‍ ഉറപ്പാക്കിക്കൊണ്ടും, പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിച്ചുകൊണ്ടും തമിഴ്നാടിനെ സാമ്പത്തിക സ്വയംപര്യാപ്തതയുള്ള ഒരു സംസ്ഥാനമാക്കി മാറ്റും."

പ്രകടനപത്രികയില്‍ ഒരു എഐ മന്ത്രാലയവും, ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളെ ആകർഷിക്കാൻ ഒരു എഐ സിറ്റിയും സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പറയുന്നുണ്ട്. എന്നാല്‍ ഇത് യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളെക്കുറിച്ച്‌ കൃത്യമായി വിവരിക്കുന്നില്ല. ഒരു എഐ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുക, ആവശ്യത്തിന് വൈദ്യുതി അനുവദിക്കുക, നികുതി ഇളവുകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ടേക്കാം.

ഈ പ്രകടന പത്രിക വ്യക്തമാക്കുന്ന മറ്റൊരു കാര്യം, തമിഴ്‌നാടിന്റെ നിലവിലുള്ള നയപരമായ ചട്ടക്കൂടുകളെ തകർക്കാൻ ടിവികെ ശ്രമിച്ചിട്ടില്ല എന്നതാണ്. പകരം, അത് നിലവിലുള്ള രീതികളെത്തന്നെയാണ് പിന്തുടരുന്നത്. സ്ത്രീകള്‍ക്കായി വിപുലവും ലക്ഷ്യബോധമുള്ളതുമായ ക്ഷേമപദ്ധതികള്‍ വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം, യുവാക്കള്‍ മുതല്‍ കർഷകർ വരെയും സർക്കാർ ജീവനക്കാർ വരെയുമുള്ള പ്രധാനപ്പെട്ട എല്ലാ വോട്ട് ബാങ്കുകളെയും ഇത് അഭിസംബോധന ചെയ്യുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam