ഉത്സവകാലങ്ങളിലും വൈകുന്നേരങ്ങളിലെ ചായസമയങ്ങളിലും മലയാളികളുടെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഉണ്ണിയപ്പം. പാരമ്പര്യമായി പച്ചരിയും ഉഴുന്നും ശർക്കരയും ചേർത്താണ് ഉണ്ണിയപ്പം തയ്യാറാക്കാറുള്ളത്.
എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവർക്കായി പാരമ്പര്യ രുചി ഒട്ടും ചോർന്നുപോകാതെ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് ഓട്സ് ഉണ്ണിയപ്പം.
ഓട്സ് മള്‍ട്ടിഗ്രെയിൻ മിക്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പലഹാരം രുചികരവും ഒപ്പം പോഷകസമൃദ്ധവുമാണ്. ശർക്കരയ്ക്ക് പകരം ഈത്തപ്പഴത്തിന്റെ മധുരവും ഒപ്പം ഏത്തപ്പഴവും ചേർക്കുന്നതിനാല്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ധൈര്യമായി ഇത് കഴിക്കാം. വറുത്ത തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യിന്റെ മണവും കൂടിച്ചേരുമ്പോള്‍ നാടൻ ഉണ്ണിയപ്പത്തിന്റെ അതേ രുചി ഇതിലും ലഭിക്കും. കുറഞ്ഞ സമയം കൊണ്ട് എണ്ണ അധികം ചേർക്കാതെ ഉണ്ണിയപ്പച്ചട്ടിയില്‍ ചുട്ടെടുക്കാവുന്ന ഈ പലഹാരം ഡയറ്റ് നോക്കുന്നവർക്കും പ്രമേഹരോഗികള്‍ക്കും ഒരു മികച്ച ചോയ്‌സാണ്. നീതു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകള്‍
- ഓട്സ് മള്‍ട്ടിഗ്രെയിൻ മിക്സ് - ഒന്നര കപ്പ്
- ഗോതമ്പ് പൊടി - അര കപ്പ്
- ഈന്തപ്പഴം (കുരുകളഞ്ഞത്)- 15 എണ്ണം
- ഏത്തപ്പഴം - 2 എണ്ണം
- തേങ്ങാക്കൊത്ത് - കാല്‍ കപ്പ്
- എള്ള് - 1 ടേബിള്‍ സ്പൂണ്‍
- ബേക്കിംഗ് സോഡ - 1 ടീസ്പൂണ്‍
- ഉപ്പ് - ഒരു നുള്ള് (ആവശ്യമെങ്കില്‍)
- നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ആദ്യം ഓട്സ് മള്‍ട്ടിഗ്രെയിൻ മിക്സ് ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുത്ത് മാറ്റിവെക്കാം.
- പഴുത്ത ഏത്തപ്പഴവും ചൂടുവെള്ളത്തില്‍ കുതിർത്തു വെച്ചിരിക്കുന്ന ഈത്തപ്പഴവും മിക്സിയില്‍ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം.
- ഒരു പാത്രത്തില്‍ പൊടിച്ചു വെച്ച ഓട്സ് ഫ്ലവർ, ഗോതമ്പ് പൊടി, അരച്ചു വെച്ചിരിക്കുന്ന പഴം-ഈത്തപ്പഴം മിശ്രിതം, കറുത്ത എള്ള്, തേങ്ങാക്കൊത്ത്, ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കാം.
- ഇതിലേക്ക് ഏകദേശം ഒന്നര മുതല്‍ രണ്ട് കപ്പ് വരെ വെള്ളം ഒഴിച്ച് കട്ടകളില്ലാതെ നന്നായി ഇളക്കി ഉണ്ണിയപ്പത്തിന്റെ പാകത്തിലുള്ള മാവ് തയ്യാറാക്കാം.
- ഉണ്ണിയപ്പച്ചട്ടി (പനിയാരം പാൻ) അടുപ്പത്തുവെച്ച് ചൂടാകുമ്പോള്‍ അല്പം നെയ്യ് തടവാം.
- തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കുഴികളിലേക്ക് ഒഴിച്ച് കൊടുക്കാം. ചെറുതീയില്‍ 4-5 മിനിറ്റ് വേവിച്ച ശേഷം മറ്റൊരു വശത്തേക്ക് മറിച്ചിടാം.
- ഇരുവശവും 2-3 മിനിറ്റ് കൊണ്ട് വേവിച്ചെടുക്കുന്നതോടെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഓട്സ് ഉണ്ണിയപ്പം തയ്യാർ. ഇനി ചൂടോടെ കഴിച്ചു നോക്കൂ.

