കേരളം പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു നാടാണ്. പശ്ചിമഘട്ടത്തിന്റെ സാന്നിധ്യം ഇവിടുത്തെ മലനിരകള്‍ക്ക് വശ്യമായ ഭംഗി നല്‍കുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്നേഹികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് കേരളത്തിലെ ഹൈക്കിംഗ് പാതകള്‍. കോടമഞ്ഞ് പുതച്ച മലനിരകളും, ഇടതൂർന്ന വനങ്ങളും, വന്യമൃഗങ്ങളുടെ സാന്നിധ്യവും ഇത്തരം യാത്രകളെ കൂടുതല്‍ ആവേശകരമാക്കുന്നു.
നഗരജീവിതത്തിലെ തിരക്കുകളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തില്‍ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മറഞ്ഞിരിക്കുന്ന സ്വർഗ്ഗങ്ങള്‍ മികച്ച അനുഭവമായിരിക്കും. പച്ചപ്പിലൂടെയുള്ള ഓരോ ചുവടും മനസ്സിന് ഉന്മേഷവും ശരീരത്തിന് കരുത്തും നല്‍കുന്നു.
കേരളത്തിന്റെ മലയോര മേഖലകളിലെ ഇത്തരം വിസ്മയങ്ങള്‍ തേടിയുള്ള യാത്രകള്‍ ടൂറിസം സാധ്യതകളെ കൂടുതല്‍ വർദ്ധിപ്പിക്കുന്നു.
ആനമുടി ചോല (ഇടുക്കി)
മറയൂരിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നിബിഡമായ ചോലവനങ്ങളാല്‍ സമ്പന്നമാണ്. പശ്ചിമഘട്ടത്തിലെ അപൂർവ്വമായ സസ്യജാലങ്ങളെയും പക്ഷികളെയും ഇവിടെ കാണാൻ സാധിക്കും. ശാന്തമായ അന്തരീക്ഷത്തില്‍ പ്രകൃതിയെ അറിഞ്ഞ് നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഒരിടമാണ്. മൂന്നാറില്‍ നിന്ന് ഏകദേശം 42 കിലോമീറ്റർ ദൂരമുണ്ട്. മറയൂർ വഴി ഇവിടെ എത്തിച്ചേരാം.

