ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനായി കമല്‍ സംവിധാനം ചെയ്ത മലയാളത്തിന്റെ എവർഗ്രീൻ കോമഡി ചിത്രമാണ് 'അഴകിയ രാവണൻ'.
ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ അംബുജാക്ഷനും അദ്ദേഹത്തിന്റെ ഐതിഹാസിക നോവലായ ചിറകൊടിഞ്ഞ കിനാവുകളും മലയാളികള്‍ അത്രപെട്ടന്ന് മറക്കാനിടയില്ല. നോവലിലെ തയ്യല്‍ക്കാരനും സുമതിയും മരംവെട്ടുകാരനായ അച്ഛനുമെല്ലാം ഒരു സിനിമ പോലെ പ്രേക്ഷകരുടെ മനസ്സിലുണ്ട്.
ഇപ്പോഴിതാ, ആ കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കിയിരിക്കുകയാണ് ഒരു എഐ വീഡിയോ. ചിറകൊടിഞ്ഞ കിനാവുകളുടെ വീഡിയോ രൂപം സോഷ്യല്‍ മീഡിയയിലും വൈറലാണ്. അംബുജാക്ഷൻ തന്റെ സങ്കല്‍പ്പത്തില്‍ കണ്ടതിനേക്കാള്‍ ബ്രഹ്മാണ്ടമായാണ് എഐ കഥാപാത്രങ്ങളെ കാസ്റ്റു ചെയ്തിരിക്കുന്നത്.
നായകനായ തയ്യല്‍ക്കാരനായി നടൻ അജു വർഗീസാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കാമുകിയായ സുമതിയുടെ വേഷത്തില്‍ ഹോളിവുഡ് താരം സെൻഡയ ആണ് എത്തുന്നത്. സുമതിയുടെ വിറകുവെട്ടുകാരനായ അച്ഛനായി സാക്ഷാല്‍ ബരാക് ഒബാമയെയാണ് വീഡിയോയില്‍ കാസ്റ്റു ചെയ്തിരിക്കുന്നത്.
സുമതിയെ കെട്ടാനെത്തുന്ന ഗള്‍ഫുകാരനായി ധ്യാൻ ശ്രീനിവാസന്റെ ഒരു സർപ്രൈസ് കാമിയോയും വീഡിയോയിലുണ്ട്. രസകരമായ എഐ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള 'ihafix' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നില്‍. വീഡിയോ വൈറലായതോടെ, അജു വർഗീസ് തന്നെ പോസ്റ്റില്‍ കമന്റുമായെത്തിയിട്ടുണ്ട്. "സുമതിയോ? ഇത് സ്പൈഡമാന്റെ പെണ്ണല്ലേ", "എന്നാലും ഒബാമ എന്തിന് വിറക് കീറി" തുടങ്ങി നിരവധി രകരമായ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്..

