നമ്മുടെ വീട്ടുപറമ്പിലെ 'അത്ഭുത വൃക്ഷം' എന്നറിയപ്പെടുന്ന മുരിങ്ങ, ആരോഗ്യത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും ഉത്തമമാണെന്ന് പലർക്കും അറിയില്ല.
വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായ മുരിങ്ങയിലയും മുരിങ്ങക്കുരുവും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്ന മികച്ച പ്രകൃതിദത്ത ഔഷധങ്ങളാണ്. ഇന്നത്തെ കാലത്ത് മുടി നേരിടുന്ന പ്രധാന വെല്ലുവിളികളായ അകാല നര, മുടി പൊട്ടിപ്പോകല്‍, തലയോട്ടിയിലെ വരള്‍ച്ച എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ ഒരു പരിഹാരമാണ് മുരിങ്ങ.
"ഈ സസ്യത്തിന്റെ ഓരോ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇതിന്റെ ഇളം ഇലകള്‍ ഉണക്കി വറുത്ത് പൊടിച്ചെടുത്ത് പൊടി രൂപത്തിലും കാപ്സ്യൂളുകളായും ഗുളികകളായും വിപണിയില്‍ വില്‍ക്കുന്നുണ്ട്. മുരിങ്ങക്കായ ഇട്ട് വെക്കുന്ന സാമ്പാർ, കറികള്‍, അച്ചാറുകള്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ദക്ഷിണേന്ത്യൻ അടുക്കളകളില്‍ വർഷങ്ങളായി പ്രിയങ്കരമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ഈ ഔഷധസസ്യം. പോഷകങ്ങള്‍ നിറഞ്ഞ മുരിങ്ങ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, കരളിന്റെ പ്രവർത്തനം സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ എഡിമ പോലുള്ള രോഗങ്ങളെ ചികിത്സിക്കാനും ഏറെ ഫലപ്രദമാണ്" എന്ന് ആയുർവേദ വിദഗ്ധനായ ഡോ. അഭിഷേക് കുമാർ പറഞ്ഞു.
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം ഇത് വ്യത്യസ്ത തരത്തില്‍ മുടി പരിചരണത്തിനും ഉപയോഗിക്കാം.
സ്കാല്‍പ്പ് ഓയിലിംഗ് (ആഴ്ചയില്‍ 2-3 തവണ)
ഒന്നോ രണ്ടോ ടീസ്പൂണ്‍ മുരിങ്ങക്കുരു എണ്ണ ചെറുതായി ചൂടാക്കാം. ഇത് തലയോട്ടിയില്‍ തേച്ച് 5-7 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 2 മുതല്‍ 8 മണിക്കൂർ വരെ ഇത് തലയില്‍ വെയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. അമിതമായ മർദ്ദം നല്‍കാതെ തലയോട്ടിയുടെ എല്ലാ ഭാഗത്തും എണ്ണ എത്തുന്ന രീതിയില്‍ പുരട്ടാൻ ശ്രദ്ധിക്കാം.
മുടി കഴുകുന്നതിന് മുമ്പുള്ള സംരക്ഷണം
മുടി കഴുകുന്നതിന് 30-60 മിനിറ്റ് മുമ്പ് കുറച്ച് മുരിങ്ങ എണ്ണ മുടിയുടെ മധ്യഭാഗം മുതല്‍ അറ്റം വരെ പുരട്ടാം. ഇത് മുടി കഴുകുമ്പോള്‍ ഉണ്ടാകുന്ന പൊട്ടലുകള്‍ കുറയ്ക്കാനും മുടിയുടെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.
പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് മുരിങ്ങ | ചിത്രം: ഫ്രീപിക്മുരിങ്ങയില പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
ദിവസവും ഒരു ടീസ്പൂണ്‍ (ഏകദേശം 2 ഗ്രാം) മുരിങ്ങയില പൊടി സ്മൂത്തികളിലോ തൈരിലോ ചെറുചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കുന്നത് മുടിക്ക് ഉള്ളില്‍ നിന്ന് പോഷണം നല്‍കുന്നു. ഇതിലെ പ്രോട്ടീനും അയണും മുടിവേരുകളെ ബലപ്പെടുത്തും.
കറ്റാർവാഴ - മുരിങ്ങ സ്കാല്‍പ്പ് മാസ്ക്
ഒരു ടീസ്പൂണ്‍ മുരിങ്ങയില പൊടി, 2-3 ടീസ്പൂണ്‍ കറ്റാർവാഴ ജെല്‍, ഒരു ടീസ്പൂണ്‍ ലഘുവായ എണ്ണ (ഉദാഹരണത്തിന് വെളിച്ചെണ്ണ) എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 20-30 മിനിറ്റിന് ശേഷം കഴുകാം. തലയോട്ടിയിലെ അസ്വസ്ഥതകള്‍ മാറാനും മുടി എളുപ്പത്തില്‍ ചീകി ഒതുക്കാനും ഇത് സഹായിക്കും.
ഉലുവ - മുരിങ്ങ ഹെയർ മാസ്ക് (രണ്ടാഴ്ചയിലൊരിക്കല്‍)
ഒരു ടേബിള്‍സ്പൂണ്‍ ഉലുവ കുതിർത്ത് അരച്ചെടുത്ത പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ മുരിങ്ങയില പൊടിയും ഒരു ടീസ്പൂണ്‍ എണ്ണയും ചേർക്കുക. ഇത് മുടിയുടെ നീളത്തില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ പരുപരുപ്പ് (Frizz) കുറയ്ക്കാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
താരൻ ഉള്ളവർ എണ്ണ ഉപയോഗിക്കുമ്പോള്‍ അളവ് കുറയ്ക്കണം. എണ്ണ പുരട്ടിയ ശേഷം അധികം വൈകാതെ തന്നെ കഴുകിക്കളയാൻ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള അലർജിയോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.
DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

