ടെഹ്റാൻ: അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണങ്ങളിലൂടെ മറുപടി നല്‍കി ഇറാൻ. ഒരു യുഎസ് താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കി.
തസ്നിം വാർത്താ ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ തെക്കൻ മേഖലകളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ബന്ദർ അബ്ബാസ് വിമാനത്താവളത്തിന്റെ സമീപ മേഖലകളിലാണ് ആക്രമണം നടന്നത്. ഇതിന് മറുപടിയായി അമേരിക്കയുടെ ആക്രമണത്തിന്റെ ഉറവിടമായി പ്രവർത്തിച്ച വ്യോമതാവളത്തെ പുലർച്ചെ 4:50-ന് ലക്ഷ്യമിട്ടെന്ന് ഐആർജിസി വ്യക്തമാക്കി. ടെഹ്‌റാന്റെ ഏറ്റവും പുതിയ പ്രതികരണം അമേരിക്കയ്ക്കുള്ള ഗൗരവതരമായ മുന്നറിയിപ്പാണ്. ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ല എന്നും ഐആർജിസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി അമേരിക്ക ഇറാന്റെ സൈനിക താവളം ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയർത്തിയ ഇറാന്റെ നാല് ഡ്രോണുകള്‍ യുഎസ് സൈന്യം തടഞ്ഞു. ഇവ വെടിവെച്ചിടുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പുറമെ, അഞ്ചാമതൊരു ഡ്രോണ്‍ വിക്ഷേപണത്തിന് തയ്യാറെടുക്കുകയായിരുന്ന ഇറാനിയൻ താവളത്തിന് നേരെയും ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് എല്ലാവർക്കും വേണ്ടി തുറന്നിരിക്കുമെന്നും ആരും അത് നിയന്ത്രിക്കില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടൊപ്പം, അനുയോജ്യമായ സമയത്ത് അമേരിക്കൻ സൈന്യം കടലിടുക്കില്‍ നിന്നുള്ള ബോട്ടുകള്‍ വിട്ടയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി മൂന്ന് മാസമായി നിലനില്‍ക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകള്‍ക്കായി കാബിനറ്റ് യോഗം ചേർന്നപ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ഇപ്പോള്‍ ഒരു കരാറിലെത്താൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്നാണ് കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. അവരുടെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകർച്ചയിലാണ്. അവർക്ക് 250 ശതമാനം പണപ്പെരുപ്പമുണ്ട്. അവരുടെ പണത്തിന് ഇന്ന് യാതൊരു മൂല്യവുമില്ല. അവരുടെ സമ്പൂർണ്ണ സാമ്പത്തിക വ്യവസ്ഥയും തകർന്നുവെന്നും ട്രംപ് പറഞ്ഞു. ടെഹ്റാന്റെ ഉയർന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം റഷ്യയോ ചൈനയോ കൈക്കലാക്കുന്നതില്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ അന്തിമമാക്കുന്നതിനായി ഇപ്പോള്‍ നടക്കുന്ന ചർച്ചകളില്‍ അമേരിക്ക തൃപ്തരല്ലെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നുകില്‍ അമേരിക്ക തൃപ്തരാകുമെന്നും അല്ലെങ്കില്‍ ഈ ദൗത്യം പൂർണ്ണമായും അവസാനിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ചൊവ്വാഴ്ച പുലർച്ചെ തെക്കൻ ഇറാനിലെ മിസൈല്‍ വിക്ഷേപണ താവളങ്ങള്‍ക്കും മൈനുകള്‍ വിന്യസിക്കുന്ന ബോട്ടുകള്‍ക്കും നേരെ യുഎസ് സൈന്യം പുതിയ 'സ്വയംരക്ഷാ' ആക്രമണങ്ങള്‍ നടത്തിയതോടെ ചർച്ചകള്‍ കൂടുതല്‍ സങ്കീർണ്ണമായിരിക്കുകയാണ്.

