RCB vs GT IPL 2026 Final: സൂര്യൻ അസ്തമിക്കുമ്പോഴും ശനിയാഴ്ച വൈകുന്നേരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രജത് പാട്ടിദാറും ദേവ്ദത്ത് പടിക്കലും ദിനേഷ് കാർത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഗ്രൗണ്ടില്‍ പരിശീലനം തുടരുകയായിരുന്നു.
ഈ രണ്ട് താരങ്ങളുടേയും ആവേശം അവരുടെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ശാന്തതയും. ആ ഒരു കോമ്പിനേഷൻ, 'പരിഭ്രാന്തിയില്ലാത്ത ഉത്കണ്ഠ,' കഴിഞ്ഞ രണ്ട് സീസണുകളായി ഈ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നിർണ്ണായക സവിശേഷതയായി മാറിയിരിക്കുന്നു.
ആർസിബി ഇന്നത്തെ ഫൈനലിലേക്ക് എത്തുന്നത് നിലവിലെ ചാമ്പ്യന്മാരായാണ്. ഈ സീസണില്‍ തങ്ങളെ ഇതിനകം ഒരു തവണ പരാജയപ്പെടുത്തിയ ഒരു വേദിയിലേക്കാണ് കലാശപ്പോരാട്ടത്തിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എത്തിയിരിക്കുന്നത്. ഏപ്രിലില്‍ ഇവിടെ നടന്ന ലീഗ് ഘട്ട മത്സരത്തില്‍ ആർസിബി 155 റണ്‍സിന് പുറത്തായിരുന്നു. ഗുജറാത്ത് നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു.
ഫൈനല്‍ യഥാർഥത്തില്‍ ആർസിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോജിസ്റ്റിക് ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ബിസിസിഐ ഇത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. അതിനാല്‍ നിലവിലെ ചാമ്പ്യന്മാർ കിരീടത്തിനായി പോരാടുക സ്വന്തം ഗ്രൗണ്ടിലല്ല. മറിച്ച് ഗുജറാത്തിന്റെ മണ്ണിലാണ്, തങ്ങളെ തകർക്കാൻ കെല്‍പ്പുള്ളതാണെന്ന് ആർസിബിക്കെ അറിയാവുന്ന ഒരു പിച്ചില്‍. കഴിഞ്ഞ അഞ്ച് സീസണുകളില്‍ നാലാം തവണയാണ് അഹമ്മദാബാദ് ഐപിഎല്‍ ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്. പരിചിതത്വത്തിന്റെ ആശ്വാസമില്ലാതെ എത്തുന്ന ഒരേയൊരു ടീം ആർസിബിയാണ്.
മുൻകാലങ്ങളിലെ ആർസിബിയെ അസ്വസ്ഥമാക്കുമായിരുന്ന തരത്തിലുള്ള ഒരു കാര്യമാണ് പരിചിതമല്ലാത്ത പിച്ചില്‍ കളിക്കുക എന്നത് . എന്നാല്‍ ഈ ടീം വെറും പേരിന്റെ പ്രശസ്തിയില്‍ മാത്രം കെട്ടിപ്പടുത്ത ഒന്നല്ല. ഇതിന്റെ ഉദാഹരണം കഴിഞ്ഞ ചൊവ്വാഴ്ച ധർമ്മശാലയില്‍ കണ്ടതാണ്. 16 വർഷമായി താൻ എറിയുന്ന അതേ സീം അപ്പ് ആക്ഷനില്‍ പന്തെറിയുന്ന ഈ സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടിയ 36 വയസ്സുകാരനായ ഭുവനേശ്വർ കുമാർ. 97 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ ടീം നില്‍ക്കെ ക്രീസിലെത്തി 33 പന്തില്‍ 93 റണ്‍സ് നേടിയ രജത് പാട്ടിദാർ, ഐപിഎല്‍ ചരിത്രത്തിലെ 90 റണ്‍സോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ഇന്നിംഗ്സ് ആയിരുന്നു അത്. ഈ രണ്ടും യാദൃശ്ചികമായി സംഭവിച്ചതല്ല.
പ്രശസ്തരായ കളിക്കാരെ ഒന്നിച്ച് കൂട്ടുന്നത് അവസാനിപ്പിച്ച് കൃത്യമായി നിർവചിക്കപ്പെട്ട റോളുകള്‍ നല്‍കി ടീം പടുത്തുയർത്താൻ തുടങ്ങിയ ഒരു ഫ്രാഞ്ചൈസിയുടെ ഫലമായിരുന്നു ഇവ രണ്ടും. ഈ സ്ക്വാഡ് രൂപപ്പെടുത്തിയതിന് പിന്നിലെ ചിന്താഗതി ചിന്നസ്വാമി സ്റ്റേഡിയം രൂപപ്പെടുത്തിയ വ്യക്തതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഉയർന്ന സ്കോറിംഗ്, ചെറിയ ബൗണ്ടറികള്‍, പേസിന് അനുകൂലമായ സാഹചര്യം.
ഭുവനേശ്വർ സ്വിംഗും പവർപ്ലേ വിക്കറ്റുകളും നല്‍കി ആർസിബിക്ക് ആദ്യമേ നിയന്ത്രണം നല്‍കുന്നു. സമ്മർദ്ദം നിലനിർത്താൻ ജോഷ് ഹേസല്‍വുഡ് തന്റെ ലെങ്തുകള്‍ ബുദ്ധിപൂർവ്വം മാറ്റുന്നു. യാഷ് ദയാലിന്റെ അഭാവത്തില്‍ മൂന്നാം സീമറുടെ റോള്‍ റാസിഖ് സലാം ദാർ നിശബ്ദമായി നിറവേറ്റി. സ്പിന്നില്‍ സുയാഷ് ശർമ്മയും ക്രുണാല്‍ പാണ്ഡ്യയും ഒരേ ആവശ്യത്തിനായി വ്യത്യസ്ത ആയുധങ്ങള്‍ കൊണ്ടുവരുന്നു, മധ്യ ഓവറുകളിലെ നിയന്ത്രണവും ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ വിക്കറ്റുകള്‍ നേടലും.
ബാറ്റിംഗും ഇതേ കൃത്യതയെ പ്രതിഫലിപ്പിക്കുന്നു. വിരാട് കോഹ്‌ലി ടീമിന് സ്ഥിരത നല്‍കുകയും നങ്കൂരമിടുകയും ചെയ്യുന്നു. ദേവ്ദത്ത് പടിക്കല്‍ ടോപ്പില്‍ ആധിപത്യം സ്ഥാപിക്കുന്നു. ടിം ഡേവിഡ് അവസാന ഘട്ടത്തില്‍ റണ്‍സ് സ്കോറിംഗ് വേഗത കൂട്ടുന്നു. ജിതേഷ് ശർമ്മ ഫിനിഷിംഗിന് ആഴം നല്‍കുന്നു. ഏറ്റവും പ്രശസ്തമായ ഒരു ഇലവനെ ഒരുക്കുക എന്നതല്ല ലക്ഷ്യം. മറിച്ച് ഏറ്റവും കാര്യക്ഷമമായ ഒന്നായി മാറുക എന്നതാണ്.
ഞായറാഴ്ച വിജയിച്ചാല്‍, തുടർച്ചയായി ഐപിഎല്‍ കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയില്‍ എംഎസ് ധോണിക്കും രോഹിത് ശർമ്മയ്ക്കുമൊപ്പം രജത് പാട്ടിദാറിന്റെ പേരും ഇടംപിടിക്കും. ശനിയാഴ്ച നടന്ന മത്സരത്തിന് മുൻപായുള്ള വാർത്താസമ്മേളനത്തില്‍ രജത്തിനോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. മറുപടി രജത്തിന്റെ സ്വഭാവത്തിന് ചേർന്നതായിരുന്നു. 'ഇല്ല, മറ്റൊരു ക്യാപ്റ്റൻ എന്താണ് ചെയ്തതെന്നോ അല്ലെങ്കില്‍ ആരോടെങ്കിലും മത്സരിക്കണമെന്നോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ യാത്ര ഒരു റോളർകോസ്റ്റർ പോലെയായിരുന്നു, പക്ഷേ ഞാൻ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. നിലവിലുള്ള സാഹചര്യത്തില്‍ എനിക്ക് ഏറ്റവും മികച്ചത് എന്ത് ചെയ്യാൻ കഴിയും എന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോള്‍, എന്റെ ശ്രദ്ധ ഫൈനലിലും നാളെ എന്റെ പരമാവധി നല്‍കുന്നതിലും മാത്രമാണ്.'
തങ്ങളുടെ ക്യാപ്റ്റനേക്കാള്‍ ഈ വലിയ പാരമ്പര്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് ഫ്രാഞ്ചൈസിക്ക് കൂടുതല്‍ താല്പര്യമുണ്ട്. കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഒന്നിന്റെ അടിത്തറയായി ഈ ആർസിബി ഗ്രൂപ്പില്‍ മൂന്ന് കാര്യങ്ങള്‍ വേറിട്ടുനില്‍ക്കുന്നു. ആദ്യത്തേത് പാട്ടിദാറിന്റെ ക്യാപ്റ്റൻസിയാണ്. ഇത് ഇതുവരെ പൂർണ്ണമായി രൂപപ്പെട്ടിട്ടില്ലെങ്കിലും ഇതിനകം ഒരു വ്യക്തമായ സിസ്റ്റത്തില്‍ ഉള്‍ച്ചേർന്നിരിക്കുന്നു. വ്യക്തിത്വത്തേക്കാള്‍ തുടർച്ചയ്ക്കായി നിർമ്മിച്ചതാണത്. രണ്ടാമത്തേത് ക്രുണാല്‍, ദേവ്ദത്ത് പടിക്കല്‍, ജിതേഷ്, രജത് എന്നിവരടങ്ങുന്ന ഇന്ത്യൻ കോർ ആണ്, ഇത് ടീമിന് ഒരു ഐഡന്റിറ്റി നല്‍കുന്ന ഘടനാപരമായ നട്ടെല്ലാണ്.
കൂടാതെ വിദേശ കളിക്കാർക്ക് അവരുടെ റോളുകളിലേക്ക് എളുപ്പത്തില്‍ കടന്നുവരാൻ ഇത് അനുവദിക്കുന്നു. മൂന്നാമത്തേത് കോഹ്‌ലിയും ഭുവനേശ്വറും ഫ്രാഞ്ചൈസിയുടെ ഭൂതകാലത്തിനും അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിനും ഇടയില്‍ നല്‍കുന്ന പാലമാണ്. അവർ രണ്ടുപേരും ആ ഐഡന്റിറ്റിയും അനുഭവസമ്പത്തും ഒരുമിച്ച് കൊണ്ടുപോകുന്നു. ഇരുവരും അധികപ്പറ്റല്ല. രണ്ടുപേരും അത്യന്താപേക്ഷിതമാണ്.
ഗുജറാത്ത് ടൈറ്റൻസ് അത്ര എളുപ്പമുള്ള എതിരാളികളല്ല. ഇരു ടീമുകളും തങ്ങളുടെ രണ്ടാമത്തെ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഇറങ്ങുന്നത്. ആദ്യ കിരീടം 2022ല്‍ ഹാർദിക് പാണ്ഡ്യയുടെ കീഴില്‍ ഗുജറാത്ത് ടൈറ്റൻസി നേടി. അവർക്ക് ഈ ഗ്രൗണ്ട് നന്നായി അറിയാം. ഗില്ലിന്റേയും സായ് സുദർശന്റേയും ടോപ് ഓർഡർ ബാറ്റിംഗും, റബാഡയും സിറാജും ചേർന്ന് ബൗളിംഗ് ആക്രമണവും, റാഷിദ് ഖാൻ മധ്യ ഓവറുകള്‍ നിയന്ത്രിക്കുന്നതും ഗുജറാത്തിന്റെ ഹൈലൈറ്റുകളാണ്.
ഈ സീസണില്‍ ഗുജറാത്ത് ആർസിബിയോട് രണ്ട് തവണ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെയെത്താൻ ക്വാളിഫയർ 2 വിജയിച്ചിട്ടുണ്ട്. ക്വാളിഫയർ 1ലെ പരാജയത്തിന് ശേഷമുള്ള ഗില്ലിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു, സമ്മർദ്ദ ഘട്ടത്തില്‍ ഫീല്‍ഡിംഗ് അവരെ ചതിച്ചു. അവർ അത് പരിഹരിച്ചിട്ടുണ്ടാകും.
ഫൈനലിനായി ഉപയോഗിക്കുന്ന പിച്ച് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിന് ഉപയോഗിച്ച അതേ പിച്ചാണ്. ആ തെളിവ് മാത്രം കണക്കിലെടുത്താല്‍, സാഹചര്യങ്ങള്‍ ഇരു ടീമുകളെയും ഒരുപോലെ പരീക്ഷിക്കും. എന്നാല്‍ ഇത് ഒരുപോലെ പരീക്ഷിക്കാത്തത് അവരുടെ മാനസികാവസ്ഥയെയാണ്. തന്ത്രങ്ങളേക്കാള്‍ ഉപരിയായി, ഞായറാഴ്ചത്തെ മത്സരം ശരിക്കും മാനസികാവസ്ഥയെ കുറിച്ചാണ്. ആർസിബി ഒരിക്കല്‍ ഉയരങ്ങള്‍ കിഴടക്കി മുകളില്‍ എത്തിയിട്ടുണ്ട്. ചോദ്യം, അവിടെത്തന്നെ തുടരാൻ തക്കവണ്ണം ശക്തമായ എന്തെങ്കിലും അവർ നിർമ്മിച്ചിട്ടുണ്ടോ എന്നതാണ്.
- റിപ്പോർട്ട് തയ്യാറാക്കിയത് ഇന്ത്യൻ എക്സ്പ്രസിലെ സ്പോർട്സ് ജേണലിസ്റ്റായ ശങ്കർ നാരായണ്‍
- ആർട്ടിക്കിള്‍ വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

