Astrology: വ്യാഴം അതിൻ്റെ ഉച്ചരാശിയായ (Exalted House ) കർക്കടകം രാശിയിലാണിപ്പോള്‍. സമുന്നത ഫലങ്ങള്‍ തരുന്ന ഗ്രഹമാണ് വ്യാഴം.
ജന്മരാശിയുടെ അഥവാ ജനിച്ച കൂറിൻ്റെ 2,5,7,9,11 തുടങ്ങിയ ഭാവങ്ങളില്‍ വ്യാഴം സഞ്ചരിക്കുന്നവർക്ക് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലുണ്ടായ വ്യാഴമാറ്റം ഏറ്റവും ഗുണകരമാണ്.
വ്യാഴം ഉച്ചത്തില്‍ സഞ്ചരിക്കുകയാല്‍ വ്യാഴദശയിലൂടെ കടന്നുപോവുന്നവർക്കും, മറ്റു ദശകളില്‍ വ്യാഴത്തിൻ്റെ അപഹാരം നടക്കുന്നവർക്കും, വ്യാഴത്തിൻ്റെ നക്ഷത്രങ്ങളായ പുണർതം , വിശാഖം, പൂരൂരുട്ടാതി എന്നിവയില്‍ ജനിച്ചവർക്കും , വ്യാഴാഴ്ച ജന്മദിവസമായവർക്കും, കൂടാതെ വ്യാഴം രാശിനാഥനായി വരുന്ന ധനു, മീനം എന്നീ കൂറുകളില്‍ ജനിച്ചവർക്കും ഇക്കാലം ഗുണപ്രദവും അനുകൂലവുമാണ്. പൊതുവേ വ്യാഴത്തെ ഈശ്വരാംശം ഏറ്റവും കൂടുതലുള്ള ഗ്രഹമായി പരിഗണിക്കുകയാല്‍ എല്ലാ നാളുകാർക്കും ഏതെങ്കിലും തരത്തിലുള്ള നന്മകള്‍ വ്യാഴം ഉച്ചരാശിയില്‍ സഞ്ചരിക്കുമ്പോള്‍ വന്നുചേരാറുണ്ട് എന്നതാണ് ഉണ്‍മ.
ഗ്രഹങ്ങള്‍ സൂര്യൻ്റെ സമീപത്ത് സഞ്ചരിക്കുമ്പോള്‍ ഗ്രഹങ്ങളുടെ ബലം നശിക്കും. ഇതിനെ മൗഢ്യം/Combustion എന്നു പറയുന്നു. വ്യാഴം-സൂര്യൻ എന്നിവ പരസ്പരം 11 ഡിഗ്രിക്കുള്ളിലാകുമ്പോള്‍ വ്യാഴത്തിൻ്റെ മൗഢ്യം തുടങ്ങുന്നു. ഈ വർഷം ജൂലൈ 15ന് / മിഥുനം 31 ന് ബുധനാഴ്ച അസ്തമയത്തില്‍ സൂര്യൻ വ്യാഴത്തിൻ്റെ 11 ഡിഗ്രി മാത്രം അകലത്തെത്തുമ്പോള്‍ വ്യാഴത്തിൻ്റെ മൗഢ്യം തുടങ്ങുന്നു.
വ്യാഴമൗഢ്യം ശരാശരി ഒരു മാസക്കാലമാണ്. ഇത്തവണ 28 ദിവസങ്ങള്‍ മാത്രമാണ് ഗുരുമൗഢ്യകാലം ഉണ്ടാവുക. ആഗസ്റ്റ് 11 ന് /കർക്കടകം 26 ന് വ്യാഴമൗഢ്യം അവസാനിക്കും. അപ്പോള്‍ സൂര്യൻ വ്യാഴത്തില്‍ നിന്നും 11 ഡിഗ്രി അകലത്തില്‍ ആവുമെന്നർത്ഥം.
മൗഢ്യകാലം ഗ്രഹങ്ങളുടെ മരണകാലമാണ് എന്നു പറയാറുണ്ട്. മൗഢ്യാവസ്ഥയിലൂടെ കടന്നുപോകുന്ന ഗ്രഹത്തിന് അതിൻ്റെ ആത്മശക്തി/സഹജഭാവങ്ങള്‍ നഷ്‌ടമാകുമെന്നാണ് ജ്യോതിഷ സങ്കല്പം. ഗുണം ചെയ്യാൻ സ്വതേ ഉള്ള കഴിവ് വ്യാഴത്തിനും നഷ്ടപ്പെടുന്നു.
നന്മയുടെ മൂർത്തിമദ്ഭാവം എന്ന സ്ഥിതിക്ക് ഉലച്ചില്‍ തട്ടുകയായി. ദോഷങ്ങള്‍ അനുഭവിപ്പിക്കുന്ന, കഷ്ടനഷ്ടങ്ങള്‍ വരുത്തുന്ന ഗ്രഹമായി വ്യാഴത്തിന് ഭാവാന്തരപ്രാപ്തി ഭവിക്കുന്നു. ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ പഞ്ചതാരാഗ്രഹങ്ങള്‍ക്കും ചന്ദ്രനും (ചിലതിന് വാർഷികമായി, ചിലതിന് മാസികമായി) മൗഢ്യകാലമുണ്ടെങ്കിലും വ്യാഴമൗഢ്യത്തിനാണ് ദുർവീര്യം അനുഭവപ്പെടുത്താനും വിപര്യയങ്ങള്‍ സൃഷ്‌ടിക്കാനും അധികമായ സാധ്യത കല്പിക്കപ്പെടുന്നത്.
ശുഭകാര്യങ്ങള്‍, നവാരംഭങ്ങള്‍, സുപ്രധാന രേഖകളില്‍ ഒപ്പിടല്‍, ദീർഘയാത്രകള്‍, വൻസാമ്പത്തിക ഇടപാടുകള്‍ എന്നിവ മുഖ്യമായും വ്യാഴത്തിൻ്റെ മൗഢ്യകാലത്ത് ഒഴിവാക്കുക കരണീയം. വ്യവഹാരം, ആരോഗ്യം, ജോലി, കുടുംബജീവിതം എന്നിങ്ങനെ ജീവിതത്തിൻ്റെ സമസ്തഭാവങ്ങളിലും വ്യാഴമൗഢ്യത്തിൻ്റെ ദുഷ്ഫലങ്ങള്‍ കടന്നുവരാം. സഫലതകളെ വിഫലതകളാക്കാനും, കപ്പിനും ചുണ്ടിനും ഇടയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താനും, പ്രണയ വിപ്രലംഭങ്ങള്‍ സൃഷ്ടിക്കാനും, ഭാഗ്യക്കേടുകളും കാര്യവിളംബവും വരുത്താനും മൗഢ്യാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യാഴത്തിനാവും.
മേടം മുതല്‍ മീനം വരെയുള്ള രാശികളില്‍ / കൂറുകളില്‍ ജനിച്ച അശ്വതി മുതല്‍ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വ്യാഴമൗഢ്യഫലം ഇവിടെ വിശദമായി പരിശോധിക്കുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
നാലാംഭാവമായ കർക്കിടകം രാശിയിലാണ് ഉച്ചവ്യാഴം സഞ്ചരിക്കുന്നത്. സാമാന്യം അനുകൂലമായ കാലമാണ്. ചില പരിമിതികളുണ്ടാവുമെങ്കിലും. വ്യാഴം മൗഢ്യത്തില്‍/Combustion ല്‍ എത്തുകയാല്‍ ജൂലൈ 15 മുതല്‍ ആഗസ്റ്റ് 11 വരെ വ്യാഴം പ്രതികൂലഗതിയിലാവും. ഗുണം കിട്ടിയ കാര്യങ്ങളില്‍ ഇനി ഗുണരാഹിത്യം അനുഭവപ്പെടും. നേട്ടങ്ങള്‍ കടലാസില്‍ മാത്രമാവുന്ന സ്ഥിതിയുണ്ടാവാം. അനുഭവത്തില്‍ വരില്ല, പലതും. ദേഹത്തിനും മനസ്സിനും സുഖക്കുറവ് അനുഭവപ്പെടുന്നതാണ്. മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അവർക്ക് അനിഷ്‌ടങ്ങളായ കാര്യങ്ങള്‍ ചെയ്യരുത്. സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പിണങ്ങേണ്ടതായ സാഹചര്യം സംജാതമാവും. തെറ്റിദ്ധാരണകള്‍ നീക്കാനുള്ള അവസരം ലഭിക്കുകയുമില്ല. സകാരണമായും അകാരണമായും ആത്മസംഘർഷം അനുഭവത്തില്‍ വരും. വാഹനം ഉപയോഗിക്കുന്നവർ ഏറ്റവും കരുതല്‍ കൈക്കൊള്ളേണ്ടതാണ്.
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകീര്യം 1, 2 പാദങ്ങള്‍)
ഇടവക്കൂറുകാർക്ക് വ്യാഴം ഇപ്പോള്‍ അനുകൂല ഭാവത്തിലല്ല. മൂന്നിലാണ് വ്യാഴം സഞ്ചരിക്കുന്നത്. മൂന്നിലെ വ്യാഴം മുറവിളികൂട്ടും എന്നിങ്ങനെ ചൊല്ലുമുണ്ട്. വ്യാഴത്തിന് മൗഢ്യാവസ്ഥയും കൂടിയാവുമ്പോള്‍ ക്ലേശങ്ങള്‍ ദ്വിഗുണീഭവിക്കാം. ആവശ്യങ്ങള്‍ അനന്തമാവും. പോംവഴി തെളിയുകയുമില്ല. കടുംപിടിത്തങ്ങള്‍ ശത്രുക്കളെ സൃഷ്‌ടിക്കുന്നതാണ്. സഹോദരർക്കിടയില്‍ ഒറ്റപ്പെടുന്നതായി തോന്നും. ക്രിയാത്മകത പരുങ്ങലിലാവുന്ന അനുഭവമുണ്ടാവും. കലാസാഹിത്യരംഗത്തുള്ളവർ അവസരങ്ങള്‍ ലഭിക്കാതെ വിഷമിച്ചേക്കാം. തുറന്നുപറച്ചിലുകളെ കുറ്റസമ്മതമായി വിലയിരുത്താൻ ഒപ്പമുള്ളവർ ശ്രമിക്കുന്നതാണ്. പണമെടപാടുകള്‍ ചെറുതോ വലുതോ ആയാലും ജാഗ്രത ആവശ്യമാണ്. കടം വീട്ടാനുള്ള ശ്രമം വൃഥാവിലാവും. ആരോഗ്യകാര്യത്തില്‍ അലംഭാവം വരാനിടയുണ്ട്. അമിതമായ ആത്മവിശ്വാസം ഒഴിവാക്കപ്പെടണം.
മിഥുനക്കൂറിന് ( മകീര്യം 3,4 പാദങ്ങള്‍, തിരുവാതിര, പുണർതം 1,2,3 പാദങ്ങള്‍)
രണ്ടാം ഭാവത്തില്‍ ഉച്ചനായ ഗുരു സഞ്ചരിക്കുന്നത് കാരണം മിഥുനക്കൂറുകാർക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നതാണ്. എന്നാല്‍ വ്യാഴം മൗഢ്യാവസ്ഥയിലെത്തുമ്പോള്‍ ആ സ്ഥിതിക്ക് വ്യത്യാസം വരുന്നതാണ്. സദുദ്ദേശത്തോടെ പറഞ്ഞ വാക്കുകള്‍ക്ക് ദുരുദ്ദേശം കല്പിക്കപ്പെടും. ശത്രുക്കള്‍ മറഞ്ഞു നില്‍ക്കും. മറ്റുള്ളവർ പരത്തുന്ന കിംവദന്തികളില്‍ പെടരുത്. പണമെടപാടുകളില്‍ കരുതല്‍ വേണം. വിദ്യാഭ്യാസത്തില്‍ തടസ്സമോ ആലസ്യമോ ഉണ്ടായേക്കാം. പ്രതീക്ഷിച്ച കോഴ്സുകളില്‍ അഡ്‌മിഷൻ വൈകാനിടയുണ്ട്. കുടുംബജീവിതത്തില്‍ സ്വരക്കേടുകളുണ്ടാവും. വാഗ്ദാന ലംഘനങ്ങളാല്‍ അപഹസിക്കപ്പെടും. നവസംരംഭങ്ങള്‍ മെല്ലെയാവും. ക്ഷമ പരീക്ഷിക്കപ്പെടാം. ഭൂമി വാങ്ങുക, വില്‍ക്കുക ഇത്യാദികളില്‍ കബളിപ്പിക്കപ്പെടാം. പതിവ് വൈദ്യപരിശോധനകള്‍ മുടക്കരുത്.
കർക്കടകക്കൂറിന് (പുണർതം 4, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് ജന്മരാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ജന്മവ്യാഴം ദോഷപ്രദനാണ്. വ്യാഴത്തിന് മൗഢ്യാവസ്ഥയും കൂടി വരുമ്പോള്‍ കൂനിന്മേല്‍ കുരു എന്നതുപോലെ അനുഭവങ്ങള്‍ വരാം. തൊട്ടതൊക്കെ ഏടാകൂടങ്ങളാവാനിടയുണ്ട്. ഗാർഹസ്ഥ്യത്തില്‍ പിണക്കങ്ങള്‍ കൂടുകയും ഇണക്കങ്ങള്‍ പരിമിതങ്ങളാവുകയും ചെയ്യും. വെറുതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാം. മനസ്സറിയാത്ത കാര്യങ്ങളില്‍ പഴി കേള്‍ക്കും. വിശ്വാസവഞ്ചന ആരോപിക്കപ്പെടാം. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചവർ നൈരാശ്യത്തിലാവും. കരാർ ജോലികള്‍ നീട്ടിക്കിട്ടിയേക്കില്ല. സാമ്പത്തികമായ അമളികള്‍ പിണയാതിരിക്കാൻ കരുതലുണ്ടാവണം. സന്താനങ്ങളുടെ ശീലങ്ങള്‍ സമാധാനക്കേടിന് കാരണമാവുന്നതാണ്. തൊഴിലിടത്തില്‍ സമാധാനഭംഗത്തിന് സാധ്യതയുണ്ട്. ചെലവുകള്‍ കൂടാം. ആത്മസംയമനം അനിവാര്യമായ ജീവതസന്ദർഭമാണെന്നത് ഓർമ്മയിലുണ്ടാവണം.
ചിങ്ങക്കൂറിന് (മകം , പൂരം, ഉത്രം ഒന്നാം പാദം)
പന്ത്രണ്ടാമെടത്തിലാണ് വ്യാഴം ഇപ്പോള്‍. അനിഷ്ടഭാവമാണ് പന്ത്രണ്ടാമെടം. അതിനാല്‍ വ്യാഴം ഉച്ചത്തിലാണെങ്കിലും കുറച്ചുഗുണങ്ങളും കൂടുതല്‍ ദോഷങ്ങളും എന്നതാണ് സ്ഥിതി. വ്യാഴമൗഢ്യത്താല്‍ ആ സ്ഥിതി ആ നിലയിലും അല്പം കൂടി മോശമാവുന്നതാണ്. ബിസിനസ്സില്‍ നിന്നും മറ്റും വരവ് കുറയുന്നതാണ്. എന്നാല്‍ പാഴ്ച്ചെലവുകള്‍ കൂടുകയും ചെയ്യും. അന്യനാട്ടില്‍ കഴിയുന്നവർക്ക് തൊഴിലില്‍ അസ്ഥിരത്വമുണ്ടാവാം. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാനിടയുണ്ട്. കൈയ്യില്‍ കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താൻ കഴിയാതെ ഉഴലുന്നതാണ്. തീരുമാനങ്ങള്‍ ഏകപക്ഷീയമാകുന്നതായി ഒപ്പമുള്ളവർ കുറ്റാരോപണം നടത്തും. വെവ്വേറേ ദിക്കുകളില്‍ ജോലിചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് അനുകൂല സ്ഥലംമാറ്റം കിട്ടാൻ വൈകുന്നതാണ്. പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണ കുറയും. ഊഹക്കച്ചവടത്തില്‍ നഷ്‌ടം വരാനിടയുണ്ട്.
കന്നിക്കൂറിന് (ഉത്രം 2,3,4,അത്തം, ചിത്തിര 1,2)
ഉച്ചസ്ഥനായ വ്യാഴം സർവ്വാഭീഷ്ട സ്ഥാനമായ പതിനൊന്നിലാണ്. ന്യായമായ ആഗ്രഹങ്ങള്‍ തടസ്സം കൂടാതെ കൈവശം എത്തിച്ചേരുന്നതാണ്. പല നേട്ടങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ ഒരു മാസക്കാലം വ്യാഴം മൗഢ്യത്തിലാവുന്നതോടെ കാര്യങ്ങള്‍ മന്ദഗതിയിലാവും. ആഗ്രഹിച്ചതാവില്ല നിറവേറപ്പെടുക. കൊതിക്കാത്തത് കിട്ടും. സമ്മർദ്ദം ചെലുത്തി പണം നേടേണ്ടി വരാം. പുതിയകാര്യങ്ങള്‍ അവസാന നിമിഷം പിന്നീടത്തേക്കാക്കും. ബന്ധുക്കളാലും സുഹൃത്തുക്കളാലും സമാധാനക്കേടുകള്‍ ഭവിക്കാം. പ്രണയാനുഭവങ്ങള്‍ ശൈത്യബാധിതമാവും. കലാരംഗത്ത് നിരുന്മേഷാവസ്ഥ സംജാതമാകുന്നതാണ്. ജേഷ്ഠന്, തല്‍സ്ഥാനീയർക്ക് ആരോഗ്യക്ലേശത്തിന് സാധ്യത കാണുന്നു. ക്ഷമ അനിവാര്യമാണ്. കൂടുതല്‍ പഠിച്ചറിയാൻ നേരം നീക്കിവെക്കണം.
തുലാക്കൂറിന് (ചിത്തിര 3,4, ചോതി, വിശാഖം 1,2,3)
പത്താം ഭാവത്തില്‍ വ്യാഴം ഉച്ചസ്ഥനാണ്. കർമ്മഭാവം അഥവാ ഉപജീവനഭാവമാണ് പത്താമെടം. തൊഴില്‍ തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. സർക്കാരില്‍ നിന്നും ലഭിക്കേണ്ടതായ അനുമതി / ലൈസൻസ് തടസ്സപ്പെടും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതിയും പ്രോല്‍സാഹനവും ലഭിക്കില്ല. സംഘടനകളില്‍ ചിലപ്പോള്‍ ഒറ്റപ്പെടാം. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വിളംബമുണ്ടാവും. തീർത്ഥയാത്രകള്‍ മാറ്റിവെക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. ബിസിനസ്സുകാർക്ക് ഉപഭോക്താക്കളുടെ പിന്തുണ ഗണ്യമായി കുറയും. അന്യദേശത്ത് തൊഴില്‍/ വിസാ പ്രശ്നങ്ങളെ അഭിമുഖീകരിക്കാം. സഹായവാഗ്ദാനങ്ങള്‍ ജലരേഖകളായി മാറും. നിലവിലെ തൊഴില്‍ ഈ കാലയളവില്‍ ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. തെറ്റായ ഉപദേശം കേള്‍ക്കും. നിർമ്മാണ പ്രവർത്തനങ്ങള്‍ ഇഴയുന്നതാണ്.
വൃശ്ചികക്കൂറിന് (വിശാഖം 4, അനിഴം, തൃക്കേട്ട)
ഭാഗ്യഭാവമായ നവമഭാവത്തിലാണ് വ്യാഴസഞ്ചാരം. ഗുരുമൗഢ്യം ഭാഗ്യത്തെ മന്ദീഭവിപ്പിക്കാം. ഉറപ്പിച്ച കാര്യങ്ങള്‍ വൈകുന്നതാണ്. പിതൃ / ഗുരു ജനങ്ങളുടെ നീരസം നേടാതിരിക്കാൻ കരുതല്‍ വേണം. പൈതൃകസ്വത്തുക്കളില്‍ തർക്കത്തിന് സാധ്യതയുണ്ട്. അമിതമായ ആത്മവിശ്വാസമരുത്. പ്രയത്നത്തിനനുസരിച്ചുള്ള ഫലം ഉണ്ടാവാത്തതിനാല്‍ നൈരാശ്യമനുഭവപ്പെട്ടേക്കാം. ദൈവിക സമർപ്പണങ്ങള്‍ മറക്കാനോ മുടങ്ങാനോ ഇടയുണ്ട്. ധനപരമായി പിരിമുറുക്കം ഭവിക്കും. മനസ്സമാധാനം കുറയുന്നതാണ്. ധർമ്മകർമ്മങ്ങള്‍ക്ക് നേരം കുറയും. കിടപ്പുരോഗികള്‍ക്ക് ചികില്‍സാമാറ്റത്താല്‍ പ്രതീക്ഷിച്ച രോഗശാന്തി വരണമെന്നില്ല. വിവാഹകാര്യത്തില്‍ തടസ്സം വരാം. വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ തത്കാലം തുടങ്ങാതിരിക്കുക അഭികാമ്യം. വിദ്യാർത്ഥികള്‍ക്ക് ഏകാഗ്രത കുറയുന്നതാണ്. സൗഹൃദങ്ങില്‍ ജാഗരൂകരാവേണ്ടതുണ്ട്.
ധനുക്കൂറിന് ( മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
വ്യാഴം അനിഷ്ടസ്ഥാനമായ എട്ടാമെടത്താണ് ധനുക്കൂറുകാർക്ക് സഞ്ചരിക്കുന്നത്. കഷ്ടനഷ്ടങ്ങള്‍ കുറച്ചൊക്കെ നേരിടുന്നുണ്ട്. വ്യാഴമൗഢ്യത്താല്‍ മനപ്രയാസം തുടരും. തീരുമാനിച്ചുറച്ച കാര്യങ്ങളില്‍ തടസ്സമുണ്ടാവും. പരാശ്രയത്വമുണ്ടാവാനിടയുണ്ട്. കാര്യനിർവ്വഹണത്തില്‍ സുഗമത കുറയുന്നതാണ്. ഒപ്പമുള്ളവർക്കിടയില്‍ തെറ്റിദ്ധാരണ വരാം. ആരോപണങ്ങള്‍ ഉയർത്തപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലർത്തണം. നവാരംഭങ്ങള്‍ പിന്നീടത്തേക്കാക്കുക കരണീയം. ഗുരുജനങ്ങളെ നിന്ദിക്കേണ്ടി വരുന്നതാണ്. ത്വരിതഗതിയില്‍ ഒരു കാര്യവും ചെയ്യരുത്. ആരോഗ്യപരമായി കരുതല്‍ വേണം. പുതിയ ജോലി ലഭിക്കാതെ നിലവിലെ കർമ്മരംഗം ഉപേക്ഷിക്കരുത്. കൂട്ടുകാർ പറയുന്നത് മുഖവിലയ്ക്ക് എടുക്കുന്നതിനു പകരം അവയില്‍ കാമ്പും കഴമ്പുമുണ്ടോ എന്ന് പരിശോധിച്ചാവും കൈക്കൊള്ളേണ്ടത്. ഉപാസനാദികളില്‍ വിളംബമോ വില്നമോ ഭവിക്കാം.
മകരക്കൂറിന് (ഉത്രാടം 2,3,4, തിരുവോണം, അവിട്ടം1,2)
അനുകൂലമായ ഏഴാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. വ്യാഴ ദൃഷ്ടിയും ജന്മരാശിക്കുള്ളതിനാല്‍ സുരക്ഷാകവചം ഉള്ളതുപോലെ തോന്നലുമുണ്ടാവും വ്യാഴം മൗഢ്യത്തിലാവുമ്പോള്‍ ശുഭാനുഭവങ്ങള്‍ മന്ദീഭവിക്കുന്നതാണ്. അരക്ഷിതാവസ്ഥ തോന്നാം. പ്രവർത്തന സ്വാതന്ത്ര്യം കുറയുന്നതായി തോന്നാം. കൂട്ടുകച്ചവടം ലാഭകരമല്ലാതായേക്കും. പാർട്ണർമാർക്കിടയില്‍ ഭിന്നത തലപൊക്കും. പ്രതീക്ഷിച്ചതിലും സാമ്പത്തിക ചെലവുകള്‍ വന്നെത്തും. കിട്ടുമെന്ന് കരുതിയ വരവില്‍ വിഘ്നം ഭവിക്കാം. യാത്രകളുടെ ലക്ഷ്യപ്രാപ്തി വൈകുന്നതാണ്. ദാമ്പത്യം, പ്രണയം തുടങ്ങിയവയില്‍ അലോസരങ്ങള്‍ വരാം. അഹം കൂടും. അനുരഞ്ജനത്തിന് മുതിരില്ല. വിദേശയാത്രകള്‍ക്ക് അനുമതി ലഭിച്ചേക്കില്ല. നിർമ്മാണപ്രവർത്തനങ്ങള്‍ക്ക് അനുമതി കിട്ടണമെന്നില്ല. പതിവ് ആരോഗ്യ പരിശോധനകള്‍ മുടക്കരുത്.
കുംഭക്കൂറിന് (അവിട്ടം 3,4, ചതയം, പൂരൂരുട്ടാതി 1,2,3)
ആറാമെടത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. അനിഷ്‌ട സ്ഥാനമാണത്. അതിനാല്‍ ഉച്ചനെങ്കിലും വ്യാഴം കഴിഞ്ഞ ഒന്നരമാസമായി പ്രതികൂല ഫലങ്ങളും സൃഷ്‌ടിക്കുന്നുണ്ട്. മൗഢ്യസ്ഥിതിയിലാവുമ്പോള്‍ ദുരിതം ഉണ്ടാക്കാൻ വ്യാഴത്തിന് പ്രേരണയും ശക്തിയും കൂടുന്നതാണ്. രോഗങ്ങള്‍ വരാം. ദീർഘകാലമായി രോഗികളായവർക്ക് ചികില്‍സാമാറ്റത്താല്‍ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ബിസിനസ്സുകാർക്ക് പണവരവ് കുറയും. ചെലവുകള്‍ വെട്ടിച്ചുരുക്കല്‍ നന്ന്. പുതിയതായി വീണ്ടും കടം വാങ്ങി കടക്കെണിയിലാവരുത്. ശത്രുഭയം ഉണ്ടാവും. ഇടനാഴികളില്‍ ഉപജാപക്കാരുണ്ടായേക്കാം. അകാരണമായ ഭയപ്പാടുകള്‍, വിഷാദം, മാനസിക പിരിമുറുക്കം ഇവയുണ്ടാവാൻ സാധ്യത കൂടുതലാണ്. ആത്മവിശ്വാസം മന്ദീഭവിക്കും. ഏകാന്തത അനുഭവിക്കാം. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. ദാമ്പത്യം, സൗഹൃദം, ബന്ധുത്വം ഇവ ബാധിക്കപ്പെടാം. സഹിഷ്ണുതയും പ്രാർത്ഥനയും കൂടിയാവുമ്പോള്‍ ഈ കാലവും കടന്നുപോകുന്നതാണ്.
മീനക്കൂറിന് (പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി)
പഞ്ചമഭാവത്തിലാണ് വ്യാഴം. പ്രജ്ഞ, പ്രതിഭ, സന്താനങ്ങള്‍, സുകൃതദുഷ്കൃതങ്ങള്‍ ഇവയെല്ലാം പഞ്ചമഭാവം കൊണ്ടാണ് വിലയിരുത്തുക. എന്നാല്‍, വ്യാഴത്തിന് മൗഢ്യസ്ഥിതി വരികയാല്‍ ഈ അനുഭവങ്ങള്‍ കുറഞ്ഞ കാലയളവിലേക്ക് മന്ദീഭവിക്കുന്നതാണ്. മകൻ്റെ പഠനകാര്യത്തില്‍ അവ്യക്തത തുടരും. ജോലിക്കാര്യത്തില്‍ ഉറപ്പ് കിട്ടുകയുമില്ല. ഉദ്യോഗസ്ഥർക്ക് ഫയലുകള്‍ നീക്കുന്നതില്‍ ഉദാസീനത കൈവരും. ചെയ്തുപോരുന്ന ബിസിനസ്സില്‍ നിന്നും പണവരവ് പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. തെറ്റായ തീരുമാനങ്ങള്‍ എടുക്കാൻ പ്രേരണയുണ്ടാവും. കലാസാഹിത്യമേഖല ശുഷ്കമായേക്കാം. എഴുത്തുകാർ Writer's Block പോലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കും. നവസംരംഭങ്ങള്‍ തുടങ്ങാൻ തദ്ദേശസ്ഥാപനത്തിൻ്റെ അനുമതി ലഭിച്ചേക്കില്ല. ദാമ്പത്യത്തില്‍ സ്നേഹവും ഊഷ്മളതയും കുറയാം. പ്രണയികള്‍ക്കിടയില്‍ പൊരുത്തക്കേടുകള്‍ മറനീക്കി പുറത്തുവരും.

