Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉദ്യോഗസ്ഥരല്ല, കേരളത്തില്‍ ഇനി വാഹനങ്ങളുടെ ഫിറ്റ്നസ് നിശ്ചയിക്കുക മെഷീനുകള്‍; 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ വരുന്നു

ഉദ്യോഗസ്ഥരല്ല, കേരളത്തില്‍ ഇനി വാഹനങ്ങളുടെ ഫിറ്റ്നസ് നിശ്ചയിക്കുക മെഷീനുകള്‍; 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന രീതി മാറുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എടിഎസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ അറിയിച്ചു.

തിരുവന്തപുരത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുയായിരുന്നു മന്ത്രി.

വാഹന ഫിറ്റ്‌നസ് പരിശോധിക്കാൻ ഓരോ ജില്ലയിലും രണ്ട് എടിഎസ് കേന്ദ്രങ്ങളാണ് വരുന്നത്. ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയില്‍ പരമ്പരാഗത രീതികള്‍ക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടെ ഭാവിയില്‍ പരമ്പരാഗത ഫിറ്റ്‌നസ് പരിശോധന രീതികള്‍ക്ക് വിരാമമാകുമെന്നാണ് വിലയിരുത്തല്‍.

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകള്‍ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി കൂടുതല്‍ സുതാര്യവും ആധുനികവുമാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഇതിന് പുറമെ, കേരളത്തിലെ നിരത്തുകളില്‍ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്താൻ വാഹന സെൻസസ് ആരംഭിക്കുമെന്നും വാഹൻ ഡാറ്റ കൂടുതല്‍ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗണ്‍ടൈം കുറയ്ക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുവഴി ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍. റോഡ് സുരക്ഷാ കർശനമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ എൻ പി ആർ) അധിഷ്ഠിത ഡാഷ് ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam