Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉയര്‍ന്ന ചെലവും വിസ നിയന്ത്രണങ്ങളും: വിദേശ പഠന മോഹങ്ങളില്‍ നിന്ന് പിന്നോട്ട് വലിഞ്ഞ് ഇന്ത്യൻ 'ജെൻ സി'

ഉയര്‍ന്ന ചെലവും വിസ നിയന്ത്രണങ്ങളും: വിദേശ പഠന മോഹങ്ങളില്‍ നിന്ന് പിന്നോട്ട് വലിഞ്ഞ് ഇന്ത്യൻ 'ജെൻ സി'

ട്യൂഷൻ ഫീസിലെ വർധനവ്, വിസ-ഇമിഗ്രേഷൻ നിയന്ത്രണങ്ങള്‍, സുരക്ഷാ ആശങ്കകള്‍ എന്നിവ കാരണം വിദേശത്ത് ഉപരിപഠനം നടത്താനുള്ള പദ്ധതികള്‍ പുനഃപരിശോധിച്ച്‌ ഇന്ത്യൻ 'ജെൻ സി' വിദ്യാർത്ഥികള്‍.

എഡ്യൂടെക് കമ്പനിയായ 'എമറിറ്റസ്' നടത്തിയ പുതിയ സർവേ പ്രകാരം, മുൻപ് വിദേശ പഠനം ആഗ്രഹിച്ചിരുന്ന പകുതിയോളം യുവാക്കളിലും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതിനോടുള്ള താല്‍പര്യം കുറഞ്ഞതായി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 15-നും 28-നും ഇടയില്‍ പ്രായമുള്ള 1,010 പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് 'ഇന്ത്യാസ് ജെൻ സി ഔട്ട്‌ലുക്ക് 2026' റിപ്പോർട്ട് തയ്യാറാക്കിയത്. വിദേശ പഠനം പരിഗണിച്ചിരുന്ന 48 ശതമാനം പേരും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇപ്പോള്‍ കുറഞ്ഞ താല്‍പര്യമാണ് പ്രകടിപ്പിച്ചത്.

പഠനച്ചെലവിലെ വർധനവാണ് ഈ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി 37 ശതമാനം പേരും ചൂണ്ടിക്കാണിച്ചത്. വിസ, കുടിയേറ്റ നിബന്ധനകളിലെ സങ്കീർണ്ണതകള്‍ (26%), സുരക്ഷാ ആശങ്കകള്‍ (24%) എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങള്‍.

അമേരിക്കയോടുള്ള ആവേശം കുറയുന്നു

അമേരിക്കയില്‍ പഠിക്കാൻ ആഗ്രഹിച്ചിരുന്ന വിദ്യാർത്ഥികളിലാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ദൃശ്യമായത്. യുഎസ് ലക്ഷ്യമിട്ടിരുന്ന 42 ശതമാനം പേർക്കും മുൻപത്തെ താല്‍പര്യം നഷ്ടപ്പെട്ടു. ഇതില്‍ 41 ശതമാനം പേരും ഉയർന്ന ട്യൂഷൻ ഫീസാണ് തിരിച്ചടിയായി പറഞ്ഞതെങ്കില്‍, 34 ശതമാനം പേർ കർശനമായ വിസ നയങ്ങളെയാണ് കുറ്റപ്പെടുത്തിയത്.

ഇന്ത്യയിലിരുന്ന് ആഗോള ബിരുദം

വിദേശത്തേക്ക് നേരിട്ട് പോകുന്നതിലെ താല്‍പര്യം കുറഞ്ഞെങ്കിലും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ആഗ്രഹം വിദ്യാർത്ഥികളില്‍ കുറഞ്ഞിട്ടില്ല. സാമ്പത്തികവും അല്ലാത്തതുമായ റിസ്കുകള്‍ കുറച്ചുകൊണ്ട് ആഗോള ഡിഗ്രികള്‍ സ്വന്തമാക്കാനുള്ള പുതിയ വഴികളാണ് അവർ തെരഞ്ഞെടുക്കുന്നത്.

അന്താരാഷ്ട്ര സർവ്വകലാശാലകള്‍ ഇന്ത്യയില്‍ നല്‍കുന്ന പ്രോഗ്രാമുകളില്‍ ചേരാൻ 68 ശതമാനം പേരും താല്‍പര്യം പ്രകടിപ്പിച്ചു. ബിരുദ പഠനത്തിന് ശേഷം ഉപരിപഠനം ആഗ്രഹിക്കുന്നവരില്‍ 69 ശതമാനം പേരും വിസ അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാൻ ഇന്ത്യ അധിഷ്ഠിത അന്താരാഷ്ട്ര പ്രോഗ്രാമുകളാണ് തിരഞ്ഞെടുക്കുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും പഠനം സംയോജിപ്പിക്കുന്ന 'ഹൈബ്രിഡ്' അല്ലെങ്കില്‍ 'പാത്ത്‌വേ' മോഡലുകളോടുള്ള താല്‍പര്യം പ്രീ-കോളേജ് വിദ്യാർത്ഥികളില്‍ 27 ശതമാനമായിരുന്നത് ഉന്നതവിദ്യാഭ്യാസത്തിലേക്ക് കടക്കുന്നവരില്‍ 39 ശതമാനമായി ഉയർന്നു. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളില്‍ 50 ശതമാനം പേരും ഇന്ത്യയിലെ വിദേശ ക്യാമ്പസുകള്‍ പരിഗണിക്കുമ്പോള്‍, 38 ശതമാനം പേർക്കും ഇതാണ് ആദ്യ മുൻഗണന.

അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപനവും വിദ്യാഭ്യാസ ഗുണനിലവാരവും ഉറപ്പാക്കുന്നതോടൊപ്പം സാമ്പത്തികമായി കൂടുതല്‍ ലാഭകരവുമാണ് ഇന്ത്യയിലെ വിദേശ സർവ്വകലാശാല പ്രോഗ്രാമുകളെന്ന് 72 ശതമാനം പേരും അഭിപ്രായപ്പെട്ടു.

കേവലം ഒരു വിദേശ മോഹത്തിനപ്പുറം ബിരുദത്തിന്റെ പ്രായോഗിക മൂല്യം, തൊഴില്‍ സാധ്യതകള്‍, പ്രൊഫഷണല്‍ നെറ്റ്‌വർക്കുകള്‍, സാമ്പത്തിക ലാഭം എന്നിവ കൃത്യമായി വിലയിരുത്തി തീരുമാനങ്ങളെടുക്കുന്ന പ്രാഗ്മാറ്റിക് രീതിയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികള്‍ മാറിയെന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam