Vaibhav Suryavanshi IPL 2026: ഇന്ത്യയുടെ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയുടെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍ ആയിരുന്നോ ഇത്?
അല്ലെങ്കില്‍ വൈഭവിന്റെ ഏറ്റവും മികച്ച സീസണ്‍ വരാനിരിക്കുന്നതേയുള്ളോ? വൈഭവിന്റെ ക്രിക്കറ്റ് യാത്രയിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ലോകം. 776 റണ്‍സ് അടിച്ചെടുത്ത ഈ സീസണില്‍ പണം വാരാനും വൈഭവിനായി. താര ലേലത്തിലേക്ക് എത്തിയാല്‍ ഒരുപക്ഷേ 30 കോടി രൂപയ്ക്ക് മുകളില്‍ പ്രതിഫലം വൈഭവിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും തന്റെ രണ്ടാമത്തെ ഐപിഎല്‍ സീസണില്‍ വൈഭവ് നേടിയ തുക എത്രയെന്ന് നോക്കാം...
കഴിഞ്ഞ സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൂര്യവൻഷി റോയല്‍സിന് ഒരു വലിയ നേട്ടം തന്നെയായിരുന്നു. ഈ വർഷവും സൂര്യവൻഷിയെ രാജസ്ഥാൻ റിറ്റെയ്ൻ ചെയ്തത് ഈ തുകയ്ക്ക് തന്നെയാണ്. ഫ്രാഞ്ചൈസിക്കായുള്ള വൈഭവിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങള്‍ കാരണം യഥാർഥ വരുമാനം ഇതിലും വളരെ കൂടുതലായിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടം കാണാൻ സൂര്യവൻഷി എത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തുടർച്ചയായ രണ്ടാം വർഷവും കിരീടം ചൂടിയതിന് ശേഷം സമ്മാനദാന ചടങ്ങിലേക്ക് സൂര്യവൻഷിയെ ക്ഷണിക്കുകയും സീസണിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി ആദരിക്കുകയും ചെയ്തു. മറ്റ് നിരവധി അവാർഡുകളും അതിനോടൊപ്പം ലക്ഷങ്ങളുടെ പ്രൈസ് മണിയും വൈഭവ് സ്വന്തമാക്കി. ആ അവാർഡുകളും അവയുടെ സമ്മാനത്തുകകളും ഇങ്ങനെ...
മോസ്റ്റ് വാല്യൂബിള്‍ പ്ലെയർ (MVP): 15 ലക്ഷം രൂപ
ഓറഞ്ച് ക്യാപ് (ടൂർണമെന്റിലെ മികച്ച സ്കോറർ): 10 ലക്ഷം രൂപ
സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസണ്‍: 10 ലക്ഷം രൂപ (കൂടാതെ ടാറ്റ സിയറ കാറും)
സൂപ്പർ സിക്സസ് ഓഫ് ദി സീസണ്‍: 10 ലക്ഷം രൂപ (72 സിക്സറുകള്‍ പറത്തിയതിന്)
എമർജിംഗ് പ്ലെയർ ഓഫ് ദി സീസണ്‍: 10 ലക്ഷം രൂപ
താര ലേലത്തിലൂടെ ലഭിച്ച തുകയായ 1.10 കോടി രൂപയ്ക്കും ക്യാഷ് അവാർഡുകള്‍ക്കും പുറമെ താൻ കളിച്ച ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും സൂര്യവൻഷിക്ക് ലഭിച്ചു. രാജസ്ഥാന് വേണ്ടി ആകെ 16 മത്സരങ്ങള്‍ കളിച്ച വൈഭവ് മാച്ച് ഫീസായി മാത്രം ആകെ 1.20 കോടി രൂപ സമ്പാദിച്ചു.
പ്ലെയർ ഓഫ് ദി മാച്ച് ഉള്‍പ്പെടെയുള്ള അവാർഡുകളിലൂടെ വൈഭവ് പണം വാരുകയായിരുന്നു. സീസണില്‍ പലവട്ടം സ്വന്തമാക്കിയ 'ഇലക്‌ട്രിക് സ്ട്രൈക്കർ ഓഫ് ദി മാച്ച്' അല്ലെങ്കില്‍ 'മോസ്റ്റ് സിക്സസ് ഓഫ് ദി മാച്ച്' പോലുള്ള വ്യക്തിഗത മത്സര അവാർഡുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം വൈഭവിന് ലഭിച്ചു. ഐപിഎല്‍ 2026 സീസണില്‍ നിന്നുള്ള വൈഭവിന്റെ ആകെ വരുമാനം 2.50 കോടി രൂപയ്ക്കും മുകളിലാണ്.

