Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വളരെ സന്തോഷം, ഈ സുന്ദരിയായ സ്ത്രീയോടൊപ്പം ഞാൻ 25 വര്‍ഷത്തോളം ജീവിച്ചിട്ടുണ്ട്; മുൻ ഭാര്യ സീമയെ കുറിച്ച്‌ നടൻ സൊഹൈല്‍ ഖാൻ

വളരെ സന്തോഷം, ഈ സുന്ദരിയായ സ്ത്രീയോടൊപ്പം ഞാൻ 25 വര്‍ഷത്തോളം ജീവിച്ചിട്ടുണ്ട്; മുൻ ഭാര്യ സീമയെ കുറിച്ച്‌ നടൻ സൊഹൈല്‍ ഖാൻ

കുനാല്‍ ഖേമു അവതാരകനായ 'അലയൻസ്' എന്ന റിയാലിറ്റി ഷോയില്‍ വെച്ചാണ് സൊഹൈല്‍ ഖാൻ തന്റെ മുൻ ഭാര്യ സീമ സജ്ദേവിനെ കണ്ടുമുട്ടിയത്.

സീമയെ കാണുന്നത് എപ്പോഴും വളരെ സന്തോഷമുള്ള കാര്യമാണെന്നാണ് സൊഹൈല്‍ ഖാൻ പ്രതികരിച്ചത്. "വളരെ സന്തോഷം. ഈ സുന്ദരിയായ സ്ത്രീയോടൊപ്പം ഞാൻ 25 വർഷത്തോളം ജീവിച്ചിട്ടുണ്ട്. ഞങ്ങളുടെ ഇടയില്‍ വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്ന് ദേശീയ ടെലിവിഷനില്‍ എനിക്ക് സമ്മതിക്കാം," ഷോയുടെ പ്രൊമോയില്‍ കുനാല്‍ ഖേമുവിന്റെ ചോദ്യത്തിന് മറുപടിയായി സൊഹൈല്‍ പറഞ്ഞു.

വിവാഹമോചനങ്ങള്‍ പരസ്യമായ ചെളിവാരിയെറിയലുകളായും സോഷ്യല്‍ മീഡിയ വഴി ആളുകള്‍ പക്ഷംപിടിക്കുന്നതായും മാറുന്ന ഇന്നത്തെ കാലത്ത്, സൊഹൈലിന്റെ ഈ പ്രതികരണം മാന്യതയുടെ വലിയൊരു സന്ദേശമാണ് നല്‍കുന്നത് എന്ന് സൈക്കോതെറാപ്പിസ്റ്റും ലൈഫ് കോച്ചായ ഡെല്‍ന രാജേഷ് വ്യക്തമാക്കുന്നു.

"ഒരു ബന്ധം അവസാനിച്ചാല്‍ ആ ബന്ധം പൂർണ്ണമായും പരാജയമായിരുന്നു എന്നതാണ് വിവാഹമോചനത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളില്‍ ഒന്ന്. മനുഷ്യബന്ധങ്ങള്‍ ഒരിക്കലും അത്ര ലളിതമല്ല. രണ്ടുപേർക്ക് പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കാനും, ഒരുമിച്ച്‌ മനോഹരമായ ജീവിതം കെട്ടിപ്പടുക്കാനും, കുട്ടികളെ വളർത്താനും, പരസ്പരം പിന്തുണയ്ക്കാനും കഴിയും. എന്നാല്‍ പിന്നീട് ഒരുമിച്ച്‌ മുന്നോട്ട് പോകുന്നത് ആരോഗ്യകരമല്ല എന്ന് തോന്നുന്ന ഒരു ഘട്ടത്തില്‍ അവർ വേർപിരിയുന്നു. ഒരു വിവാഹം അവസാനിക്കുന്നത് അതിനു മുൻപുള്ള വർഷങ്ങളുടെ വില ഇല്ലാതാക്കുന്നില്ല. അർത്ഥവത്തായ പലതും നല്‍കി കൊണ്ടും ഒരു ബന്ധം അവസാനിക്കാം," ഡെല്‍ന പറയുന്നു.

ബന്ധങ്ങള്‍, അവ വേദനാജനകമാണെങ്കില്‍ പോലും, പലപ്പോഴും ഏറ്റവും വലിയ ഗുരുക്കന്മാരായി മാറാറുണ്ട്. "അവ നമ്മുടെ ആശയവിനിമയ ശൈലികള്‍, വൈകാരിക മുറിവുകള്‍, കുട്ടിക്കാലത്തെ അനുഭവങ്ങള്‍, നമ്മള്‍ ഇത്രയും കാലം തിരിച്ചറിയാതെ പോയ ആവശ്യങ്ങള്‍, ഇനിയും നമ്മള്‍ മെച്ചപ്പെടേണ്ട മേഖലകള്‍ എന്നിവയെല്ലാം നമ്മെ മനസ്സിലാക്കി തരുന്നു," ഡെല്‍ന പറയുന്നു.

ഓരോ ബന്ധത്തിനും അതിന്റേതായ വ്യക്തിഗത കഥകളും ഒരു പൊതു കഥയുമുണ്ടാകും. അതില്‍ ഒരാള്‍ മാത്രം പൂർണ്ണമായി ശരിയോ തെറ്റോ എന്ന് എപ്പോഴും പറയാനാകില്ല. "ദുരൂഹമെന്നു പറയട്ടെ, വിവാഹമോചനത്തിന് ശേഷവും പലരും നിയമപരമായി മാത്രമാണ് പിരിയുന്നത്, മാനസികമായി അവർ വർഷങ്ങളോളം ആ ബന്ധത്തില്‍ തന്നെ തുടരുന്നു. അവർ പഴയ വഴക്കുകള്‍ വീണ്ടും ഓർക്കുന്നു, മറ്റുള്ളവരുടെ അംഗീകാരം തേടുന്നു, താനാണ് ശരിയെന്ന് തെളിയിക്കാൻ നോക്കുന്നു, അല്ലെങ്കില്‍ ക്ഷമാപണത്തിനായി കാത്തിരിക്കുന്നു. അങ്ങനെ ഭാവിയിലെ എല്ലാ കാര്യങ്ങളെയും ബാധിക്കുന്ന വിധത്തിലുള്ള ദേഷ്യവും പകയും അവർ ഉള്ളില്‍ കൊണ്ടുനടക്കുന്നു. വിവാഹം അവസാനിച്ചിട്ടുണ്ടാകാം, എന്നാല്‍ വൈകാരികമായി അവർ ഇനിയും അതിന്റെ ഉള്ളില്‍ തന്നെയാണ് ജീവിക്കുന്നത്," ഡെല്‍ന കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ പോസ്റ്റ്-ഡിവോഴ്സ് ഹീലിംഗ് എങ്ങനെയായിരിക്കണം?

  • നിങ്ങളുടെ മുറിവുകള്‍ ഉണങ്ങാൻ എടുക്കുന്ന സമയത്തെക്കുറിച്ച്‌ ആകുലപ്പെടാതെ, അതിന് ആവശ്യമായ സമയം നല്‍കുക.
  • നിങ്ങളുടെ വ്യക്തിത്വത്തെ നിങ്ങളുടെ വിവാഹാവസ്ഥയുമായി കൂട്ടിച്ചേർത്ത് കാണാതിരിക്കുക. നിങ്ങള്‍ മറ്റൊരാളുടെ മുൻ പങ്കാളി എന്നതിലുപരി ഒരു വ്യക്തിയാണ്.
  • എല്ലാ സംഭാഷണങ്ങളിലും നിങ്ങളുടെ മുൻ പങ്കാളിയെ കേന്ദ്രബിന്ദുവായി മാറ്റാതിരിക്കുക. ഭൂതകാലത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുംതോറും നിങ്ങളുടെ ഭാവിക്ക് വേണ്ട ഊർജ്ജം നഷ്ടപ്പെടുന്നു.
  • കുട്ടികളുണ്ടെങ്കില്‍, അവർക്ക് യാതൊരു കുറ്റബോധവുമില്ലാതെ രണ്ട് മാതാപിതാക്കളെയും ഒരുപോലെ സ്നേഹിക്കാൻ അർഹതയുണ്ടെന്ന് ഓർക്കുക.
  • വേദനകളില്‍ നിന്ന് മാത്രം ഒഴിഞ്ഞുനില്‍ക്കുന്ന ഒന്നാകരുത് നിങ്ങളുടെ ജീവിതം, മറിച്ച്‌ അത് ലക്ഷ്യബോധമുള്ളതായിരിക്കുക. ഹോബികള്‍, സൗഹൃദങ്ങള്‍, ആരോഗ്യം, പഠനം, ആത്മീയത, വ്യക്തിഗത വളർച്ച എന്നിവയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ദേഷ്യം, കുറ്റബോധം, അപകർഷതാബോധം അല്ലെങ്കില്‍ നീരസം എന്നിവ നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുക. പ്രതിസന്ധികള്‍ക്ക് മാത്രമല്ല തെറാപ്പി, മറിച്ച്‌ നിങ്ങളുടെ ആത്മവിശ്വാസവും മാനസിക കരുത്തും വീണ്ടെടുക്കാനുള്ള ഇടം കൂടിയാണിത്.
  • മറ്റൊരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നിങ്ങള്‍ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ശീലങ്ങളും നിങ്ങളുടെ ഭാവിയില്‍ ഉള്‍പ്പെടുത്താൻ ആഗ്രഹിക്കുന്ന ഗുണങ്ങളും എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയം കണ്ടെത്തുക.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam