Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വന്ധ്യതാ ചികിത്സ നിര്‍ത്തുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നത് എന്ത്?

വന്ധ്യതാ ചികിത്സ നിര്‍ത്തുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നത് എന്ത്?

ഹോർമോണ്‍ മരുന്നുകള്‍, കുത്തിവയ്പ്പുകള്‍, നിരന്തരമായ രോഗനിരീക്ഷണം തുടങ്ങി പ്രത്യുല്‍പ്പാദന വ്യവസ്ഥയെ താല്‍ക്കാലികമായി സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളിലൂടെയാണ് വന്ധ്യതാ ചികിത്സ കടന്നുപോകുന്നത്.

എന്നാല്‍ ചികിത്സ പൂർത്തിയാകുമ്പോഴോ, താത്കാലികമായി നിർത്തിവെക്കുമ്പോഴോ ശരീരം പഴയ അവസ്ഥയിലേക്ക് എപ്പോള്‍ തിരികെ എത്തുമെന്നത് പലരിലും സംശയമുണ്ടാക്കുന്ന ഒന്നാണ്.

എല്ലാവരിലും ഈ മാറ്റങ്ങള്‍ ഒരേപോലെ ആയിരിക്കണമെന്നില്ല. ചികിത്സ നിർത്തുമ്പോള്‍ ഹോർമോണ്‍ നിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആർത്തവം, അണ്ഡോത്പാദനം, മാനസികാവസ്ഥ, ശാരീരിക ലക്ഷണങ്ങള്‍ എന്നിവയെ സ്വാധീനിക്കും. ചിലരില്‍ ഈ ലക്ഷണങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് മാറുമെങ്കില്‍, മറ്റു ചിലരില്‍ ചികിത്സയുടെ രീതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച്‌ കൂടുതല്‍ സമയമെടുത്തേക്കാം. അതിനാല്‍, ചികിത്സ നിർത്തിയ ഉടൻ തന്നെ ശരീരം പൂർണമായും പഴയപടിയിലാകുമെന്നോ, അല്ലെങ്കില്‍ കാണുന്ന എല്ലാ ലക്ഷണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്നോ കരുതേണ്ടതില്ല.

ബാനർഘട്ട റോഡിലെ ബോണ്‍ ആൻഡ് ബർത്ത് ക്ലിനിക്കിലെയും റെയിൻബോ ഹോസ്പിറ്റലിലെയും ഗൈനക്കോളജിസ്റ്റായ ഡോ.ഗാന ശ്രീനിവാസ് പറയുന്നതനുസരിച്ച്‌, ചികിത്സ അവസാനിപ്പിക്കുന്നതോടെ പ്രത്യുല്‍പ്പാദന വ്യവസ്ഥ പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങും. എന്നാല്‍ ഇതിനെടുക്കുന്ന സമയം വ്യക്തികള്‍ക്കും ചികിത്സാ രീതികള്‍ക്കും അനുസരിച്ച്‌ വ്യത്യാസപ്പെടാം.

അണ്ഡോത്പാദന മരുന്നുകള്‍ നിർത്തുമ്പോള്‍ ഹോർമോണ്‍ നില താരതമ്യേന വേഗത്തില്‍ സാധാരണ നിലയിലാകും. ചികിത്സാ സമയത്ത് നല്‍കിയ മരുന്നുകളുടെയും പ്രൊജസ്റ്ററോണ്‍ സപ്പോർട്ടിന്റെയും സ്വാധീനം നിലനില്‍ക്കുന്നതിനാല്‍ പൂർണമായി സാധാരണ നിലയിലെത്താൻ കുറച്ചുകൂടി സമയമെടുക്കാം. ഉയർന്ന അളവിലുള്ള ഹോർമോണ്‍ ഉത്തേജനം ആവശ്യമുള്ള ചികിത്സയായതിനാല്‍, അണ്ഡം ശേഖരിച്ച ശേഷവും അണ്ഡാശയങ്ങള്‍ കുറച്ചുകാലത്തേക്ക് വലിപ്പം കൂടിയ അവസ്ഥയിലോ ഹോർമോണ്‍ പ്രവർത്തനക്ഷമമായോ തുടരാമെന്ന് അവർ പറഞ്ഞു.

ആർത്തവവും അണ്ഡോത്പാദനവും എപ്പോള്‍ സാധാരണ നിലയിലാകും?

ചികിത്സ നിർത്തി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അണ്ഡോത്പാദനവും ആർത്തവവും തിരികെ എത്തുമെന്ന് ഡോ.ഗാന വ്യക്തമാക്കി. എങ്കിലും, ഉപയോഗിച്ച മരുന്നുകള്‍, ചികിത്സ നിർത്തിയ സമയം, വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവ ഇതിനെ സ്വാധീനിക്കും. ആദ്യത്തെ ഒന്നോ രണ്ടോ ആർത്തവ ചക്രങ്ങളില്‍ രക്തസ്രാവത്തിന്റെ അളവിലോ സമയത്തിലോ വ്യത്യാസങ്ങള്‍ കാണപ്പെടാമെന്ന് അവർ പറഞ്ഞു.

മരുന്നുകളുടെ സ്വാധീനം ശരീരത്തില്‍ കുറയുകയും സ്വാഭാവിക ഹോർമോണ്‍ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമ്പോള്‍ സ്തനങ്ങളില്‍ വേദന, വയറുവീർക്കല്‍, തലവേദന, ഇടുപ്പിലെ അസ്വസ്ഥത, മൂഡ് മാറ്റങ്ങള്‍ എന്നിവ താത്കാലികമായി അനുഭവപ്പെടാം. പ്രത്യേകിച്ച്‌ ഐ.വി.എഫ് ചികിത്സയ്ക്ക് ശേഷം വരുന്ന ആദ്യ ആർത്തവം സാധാരണയില്‍ നിന്ന് വ്യത്യസ്തമാകാൻ സാധ്യത കൂടുതലാണ്. ഇത്തരം താല്‍ക്കാലിക മാറ്റങ്ങള്‍ സ്വാഭാവികമാണെങ്കിലും, അസ്വസ്ഥതകള്‍ ദീർഘകാലം തുടരുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്ന് ഡോ.ഗാന ശ്രീനിവാസ് അഭിപ്രായപ്പെട്ടു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam