മധുരക്കിഴങ്ങ് പുഴുങ്ങിയതും ചുട്ടതുമൊക്കെ ഒരുപാടുകാലമായി കഴിക്കുന്ന വിഭവങ്ങളാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഈ കിഴങ്ങുവർഗ്ഗം വിറ്റാമിൻ സി, വിറ്റാമിൻ ബി, ഡയറ്ററി ഫൈബർ, പൊട്ടാസ്യം, മാംഗനീസ് എന്നിവയാല്‍ സമ്പന്നമാണ്.
പച്ചക്കറികള്‍ ആവിയില്‍ വേവിച്ചു കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന കാര്യത്തില്‍ തർക്കമില്ല. എന്നാല്‍ ഒരേ രീതിയില്‍ സ്ഥിരമായി കഴിക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ വിരസത തോന്നാം. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാന്തരം നാലുമണിപ്പലഹാരമാണ് മധുരക്കിഴങ്ങ് ലഡ്ഡു.
നമുക്കേവർക്കും പരിചിതമായ ലഡ്ഡു, തികച്ചും വ്യത്യസ്തമായ ചേരുവകള്‍ കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായി മാറ്റിയെടുക്കാം.മധുരക്കിഴങ്ങിന്റെ സ്വാഭാവികമായ മധുരവും എള്ളിന്റെ മണവും മൈദയുടെ പരുവവും ഒത്തുചേരുമ്പോള്‍ ഇതൊരു അപൂർവ്വ രുചിക്കൂട്ടായി മാറുന്നു. എണ്ണയില്‍ വറുത്തെടുക്കുന്ന ഈ വിഭവം പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
ചേരുവകള്‍
- മധുരക്കിഴങ്ങ്- 200 ഗ്രാം
- വെളുത്ത എള്ള്- ആവശ്യത്തിന്
- പഞ്ചസാര- 30 ഗ്രാം
- എണ്ണ- ആവശ്യത്തിന്
- മൈദ- 60ഗ്രാം
തയ്യാറാക്കുന്ന വിധം
- 200 ഗ്രാം മധുരക്കിഴങ്ങ് ചെറുതായി അരിഞ്ഞതിലേയ്ക്ക് 30 ഗ്രാം പഞ്ചസാര ചേർത്ത് ആവിയില്‍ വേവിച്ചെടുക്കുക. നന്നായി വെന്ത കിഴങ്ങ് ഉടച്ചെടുക്കുക.
- ഇതിലേയ്ക്ക് 60ഗ്രാം മൈദ ചേർത്തിളക്കി ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കു. ആവശ്യമെങ്കില്‍ കുറച്ച് വെള്ളം ഉപയോഗിക്കാം.
- മധുരക്കിഴങ്ങ് ഉരുളകള്‍ വെളുത്ത എള്ളില്‍ മുക്കിയെടുക്കുക.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഇടത്തരം തീയില്‍ ഉരുളക്കിഴങ്ങ് വറുത്തെടുക്കുക. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.

