ആദിത്യൻ മിഥുനം - കർക്കടകം രാശികളിലാണ്. ജൂലൈ 16 രാത്രിയില്‍ ആദിത്യൻ്റെ കർക്കടക സംക്രമം. പുണർതം ഞാറ്റുവേലക്കാലമാണ്.
ചന്ദ്രൻ കറുത്തപക്ഷത്തില്‍; ജൂലൈ 14 ന് കറുത്തവാവ്. 15 മുതല്‍ ചാന്ദ്രമാസമായ ആഷാഢം ആരംഭിക്കുന്നു. ജൂലൈ 17 ന് കർക്കടക മാസം തുടങ്ങുകയാണ്.
വ്യാഴം കർക്കടകത്തില്‍ ഉച്ചസ്ഥനാണെങ്കിലും ജൂലൈ 15 ബുധൻ അസ്തമയം മുതല്‍ 28 ദിവസം നീളുന്ന മൗഢ്യം ആരംഭിക്കുന്നു. ശനി മീനം രാശിയില്‍ രേവതി നക്ഷത്രത്തിലാണ്. രാഹു കുംഭത്തില്‍ അവിട്ടത്തിലും കേതു ചിങ്ങത്തില്‍ മകത്തിലും തുടരുന്നു.
കുജൻ ഇടവം രാശിയില്‍ രോഹിണിയിലും ബുധൻ മിഥുനം രാശിയില്‍ പുണർതത്തിലും (വക്രമൗഢ്യത്തോടെ) സഞ്ചരിക്കുന്നു. ശുക്രൻ ചിങ്ങം രാശിയില്‍ മകം - പൂരം നക്ഷത്രങ്ങളിലാണ്.
ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സമ്പൂർണ്ണവാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
അശ്വതി
അനുകൂലസാഹചര്യങ്ങളെ പ്രയോജനപ്പെടുത്താൻ കൂടുതല്‍ പരിശ്രമം ആവശ്യമാണ്. ഭാവനാത്മകതയുണ്ടാവും. പുതിയ കാര്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങള്‍ എങ്ങനെ കമനീയമാക്കണമെന്നതിനെക്കുറിച്ചും ആലോചിച്ചുകൊണ്ടിരിക്കും. നിർമ്മാണ പ്രവർത്തനങ്ങള്‍ തടസ്സപ്പെടാം. ഗാർഹികാന്തരീക്ഷം അത്ര മെച്ചപ്പെട്ടതാവില്ല. പൊരുത്തപ്പെടാനുള്ള ശ്രമം വിജയിക്കാൻ സമയമെടുക്കും. വ്യാപാരികള്‍ക്ക് പണമെടപാട് സുഗമമാവും. വിദ്യാത്ഥികള്‍ക്ക് ആശിച്ച വിഷയങ്ങളില്‍ ഉപരിപഠനം സാധ്യമായേക്കും. പ്രണയികള്‍ക്ക് പ്രചോദനമാകുന്ന വാരമാണ്. ഞായർ, ബുധൻ ഗുണം കുറയുന്ന ദിവസങ്ങള്‍.
ഭരണി
മാറ്റങ്ങള്‍ക്കായി വാദിക്കും. ഗൃഹത്തിലും പുറത്തും. എന്നാല്‍ സാഫല്യം അകലെയാവും. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടും. തർക്കങ്ങളിലേർപ്പെർപ്പെടാൻ തോന്നും. രണ്ടിലെ ചൊവ്വ മൂന്നാം നക്ഷത്രത്തിലാകയാല്‍ വാക്കില്‍ ശ്രദ്ധ വേണം. സൗകര്യപ്രദമായ വാടകവീട് തരപ്പെടുന്നതാണ്. അർഹതയ്ക്കൊത്ത ജോലി ലഭിക്കാൻ കാത്തിരിപ്പ് വേണ്ടതുണ്ട്. ഭാവനയുണരാൻ അഞ്ചിലെ ശുക്രൻ കാരണമാകും. പ്രായോഗികതയെ മറന്ന് ദന്തഗോപുരത്തില്‍ വസിക്കും. മക്കളുടെ കാര്യത്തിലെ ആശങ്കകള്‍ കുറയാനിടയുണ്ട്. കടം കൊടുത്തു തീർക്കാൻ നിർബന്ധമുണ്ടാവും. ഞായർ, തിങ്കള്‍ ശോഭ കുറയും.
കാർത്തിക
സഹജഗുണങ്ങള്‍ പ്രകാശിപ്പിക്കാനാവും. ഔദ്യോഗിക കൃത്യങ്ങളിലെ ഏകോപനം ആദരിക്കപ്പെടും. ഫയലുകള്‍ തീർപ്പാക്കാൻ വ്യഗ്രതയുണ്ടാവും. പ്രൊഫഷണലുകള്‍ കിടമത്സരങ്ങളെ നേരിടും. വ്യാപാര പുരോഗതിക്ക് പരസ്യം കൂടിയേ കഴിയൂ എന്ന സ്ഥിതി വരാം. സുഹൃല്‍ബസങ്ങളില്‍ കരുതല്‍ വേണം. നിർമ്മാണ പ്രവർത്തനങ്ങള്‍ തുടരുന്നതിന് ധനക്ലേശം അനുഭവപ്പെടും. മകളുടെ ഉപരിപഠനത്തില്‍ വ്യക്തത ലഭിക്കുന്നതാണ്. ആരോഗ്യ കാര്യത്തില്‍ അലംഭാവമരുത്. പ്രണയാനുഭവങ്ങള്‍ ഊഷരമായേക്കാം. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ അല്പം മനക്ലേശങ്ങള്‍ സൃഷ്‌ടിച്ചേക്കാം.
രോഹിണി
കറുത്തപക്ഷം തുടരുകയാല്‍ വാരമധ്യം വരെ മനസ്സ് ചഞ്ചലമായിക്കൊണ്ടിരിക്കും. പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാൻ വൈകുന്നതാണ്. ചൊവ്വ ജന്മനക്ഷത്രത്തിലൂടെ കടന്നുപോവുന്നതിനാല്‍ ക്ഷോഭം അധികമാവും. അകാരണമായി കലഹിച്ചേക്കും. കുടുംബജീവിതത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും തുടർക്കഥയാവും. നവസംരംഭങ്ങളുടെ ചർച്ചകള്‍ ഏതാണ്ട് പൂർത്തിയാക്കും. തുടങ്ങാൻ അല്പം കൂടി കാത്തിരിക്കുക നന്ന്. ധനവരവ് പ്രതീക്ഷിച്ചപോലെയാവും. എന്നാല്‍ ചെലവ് കൂടാം. വിനോദങ്ങള്‍ ആസ്വദിക്കാൻ നേരം കണ്ടെത്തുന്നതാണ്.
മകയിരം
സ്വന്തം പണം മുടക്കിച്ചെയ്യുന്ന കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രത ആവശ്യമാണ്. പരാശ്രയത്വം വിഷമിപ്പിക്കാം. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തില്‍ സ്വീകാര്യതയുയരുന്നതാണ്. വിദ്യാഭ്യാസ ലോണ്‍ പരിഗണിക്കപ്പെടും. യാത്രാക്ലേശത്താല്‍ ജോലിസ്ഥലത്തു തന്നെ താമസിക്കാൻ തീരുമാനിച്ചേക്കും. രോഗിയായ ബന്ധുവിൻ്റെ ചികില്‍സച്ചെലവുകള്‍ക്ക് സഹായമേകും. ചിലപ്പോള്‍ ആത്മവിശ്വാസം കുറയുന്നതായി അനുഭവപ്പെടും. ഉറക്കം കുറയാം. ഭൂമിയുടെ ക്രയവിക്രയം നീളുന്നതാണ്. നവീന ഇലക്‌ട്രോണിക് ഉല്പന്നം വാങ്ങും. ഉപാസനാദികള്‍ മുടങ്ങാതിരിക്കാൻ ശ്രദ്ധ വേണം.
തിരുവാതിര
തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിനെക്കാള്‍ നിലവിലുള്ളവ തിരുത്തുകയും പരിഷ്‌കരിക്കുകയും ആണ് കരണീയം. അഭിമാനം ഉയരും. എന്നാല്‍ മിഥ്യാഭിമാനമാവരുത്. കൂട്ടുകാരുടെ, വിശേഷിച്ചും സ്ത്രീകളുടെ പിന്തുണയും സഹായവും കിട്ടും. ഏജൻസികളും കരാർപണികളും തൃപ്തികരമാവും. ജീവിതശൈലീരോഗങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. വ്യവഹാരങ്ങള്‍ക്ക് മുതിരരുത്. കുടുംബ ബന്ധം സാമാന്യം തൃപ്തികരമായിരിക്കും. ചെറുയാത്രകളുണ്ടാവും. ഞായർ, തിങ്കള്‍ ഗുണം കുറയും.
പുണർതം
സ്വപ്നപദ്ധതികളുമായി മുന്നോട്ടു പോകും. നേട്ടങ്ങളില്‍ അഭിമാനിക്കാറാവും. ഒപ്പം നിന്നവരോട് കൃതജ്ഞത പ്രകാശിപ്പിക്കും. വിദ്യാഭ്യാസ പരമായി മൗഢ്യം വന്ന ബുധൻ ജന്മനക്ഷത്രത്തില്‍ തുടരുകയാല്‍ കാലം ഗുണകരമല്ല. ഏകഗ്രത കുറയുന്നതാണ്. ജോലിമാറ്റക്കാര്യത്തില്‍ ക്ഷമ ആവശ്യമാണ്. നിലവിലെ ജോലി ഉപേക്ഷിക്കരുത്. സൂക്ഷ്മമായി പല കാര്യങ്ങളും ഗ്രഹിക്കുവാനാവും. ജനകീയ വിഷയങ്ങള്‍ പഠിച്ചറിയും. സാഹോദര്യം ദൃഢമാകുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരങ്ങള്‍ക്കായി കാക്കേണ്ട സ്ഥിതി തുടരും.
പൂയം
പൂർവ്വിക സ്വത്തില്‍ നിന്നും അനുഭവങ്ങള്‍ വന്നുതുടങ്ങും. സമയോചിത തീരുമാനങ്ങള്‍ കൈക്കൊള്ളും. കർമ്മരംഗത്ത് ശുഷ്കാന്തി കാട്ടും. വിപരീത സാഹചര്യങ്ങളിലും ആദർശം ഉപേക്ഷിക്കാൻ തയ്യാറാവില്ല. ഭൗതിക കാര്യങ്ങളില്‍ ജീവിത പങ്കാളിയുടെ ഉപദേശ തേടും. ഗൃഹത്തില്‍ ചെറിയ അറ്റകുറ്റങ്ങള്‍ വേണ്ടിവന്നേക്കും. വിദേശത്ത് കഴിയുന്നവരുടെ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരം വൈകാം. ജന്മവ്യാഴത്തിന് മൗഢ്യം കൂടി വരികയാല്‍ ഉപാസനാദികള്‍ /പറഞ്ഞുറപ്പിച്ച തീർത്ഥയാത്രകള്‍ എന്നിവ തടസ്സപ്പെടാം. ബുധൻ , വെള്ളി കൂടുതല്‍ ശോഭനമായ ദിവസങ്ങള്‍.
ആയില്യം
പന്ത്രണ്ടിലും ജന്മത്തിലും ആദിത്യനും, വ്യാഴം ജന്മത്തിലും സഞ്ചരിക്കുകയാല്‍ ആത്മവിശ്വാസം കുറയും. ദേഹക്ഷീണം അനുഭവപ്പെടും. അലച്ചിലുണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. മേശപ്പുറത്ത് ഫയലുകള്‍ കുമിയാം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടുന്നവർ അഭിമുഖങ്ങളില്‍ ശോഭിക്കുമെങ്കിലും നിയമന ഉത്തരവ് വൈകുന്നതാണ്. സുഹൃത്തുക്കളുടെ പ്രശ്നങ്ങള്‍ നയോപായത്തിലൂടെ പരിഹരിക്കും. ബന്ധുവിന് കഴിയുന്ന ചികില്‍സാ സഹായം നല്‍കും. ഞായർ, ബുധൻ, വ്യാഴം കൂടുതല്‍ ഗുണകരമായ ദിവസങ്ങള്‍.

