Astrology: ആദിത്യൻ കർക്കടകം രാശിയില്‍ ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വാരാദ്യം കൃഷ്ണപക്ഷത്തില്‍. ആഗസ്റ്റ് 12 / കർക്കടകം 27നാണ് കർക്കടക വാവ് വരുന്നത്.
ആഗസ്റ്റ് 13 മുതല്‍ ശുക്ലപക്ഷം ആരംഭിക്കുന്നു. ചാന്ദ്രമാസമായ ശ്രാവണം തുടങ്ങുന്നതും അന്നുതന്നെ. ചൊവ്വ മിഥുനം രാശിയില്‍ മകയിരം -തിരുവാതിര നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ബുധൻ കർക്കടകത്തില്‍ പൂയം നക്ഷത്രത്തിലും ശുക്രൻ നീചക്ഷേത്രമായ കന്നിയില്‍ ഉത്രം - അത്തം നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. വ്യാഴം ഉച്ചക്ഷേത്രമായ കർക്കടകത്തില്‍ പൂയം നക്ഷത്രത്തിലാണ്. ആഗസ്റ്റ് 10ന് അസ്തമയത്തോടെ ഏതാണ്ട് ഒരുമാസം നീണ്ട വ്യാഴമൗഢ്യം അവസാനിക്കും.
ശനി മീനം രാശിയില്‍ രേവതി നക്ഷത്രത്തില്‍ വക്രഗതിയിലാണ്. രാഹു കുംഭത്തില്‍ അവിട്ടം നക്ഷത്രത്തിലും കേതു ചിങ്ങത്തില്‍ മകം നക്ഷത്രത്തിലും തുടരുന്നു. നവഗ്രഹങ്ങളുടെ ഇപ്രകാരമുള്ള സ്ഥിതിയെ മുൻനിർത്തി അശ്വതി മുതല്‍ ആയില്യം വരെയുള്ള നാളുകളില്‍ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
അശ്വതി
മൂന്നിലെ ചൊവ്വ മനശ്ശക്തി പകരും. മറ്റുള്ളവർ മടിക്കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതാണ്. ഭൂമി വില്‍പ്പനയില്‍ ലാഭമുണ്ടാക്കും. നാലിലെ ബുധഗുരുരവിയോഗം കർമ്മഗുണം ഉയർത്തും. അധികാരികളുടെ വിശ്വസ്തരാക്കും. ഭവനം/ ഓഫീസ്/ വാഹനം മോടിപിടിപ്പിക്കുന്നതാണ്. സദസ്സുകളിലും സഭകളിലും ശോഭിക്കും. ആറിലെ ശുക്രസ്ഥിതി പ്രണയികള്‍ക്ക് ഇച്ഛാഭംഗത്തിന് കാരണമായേക്കാം. സാമ്പത്തിക സ്ഥിതി സമ്മിശ്രമാണ്. ബുധൻ, വെള്ളി ഗുണം കുറയാനിടയുണ്ട്.
ഭരണി
നക്ഷത്രാധിപൻ ശുക്രൻ ആറാം ഭാവത്തില്‍ സഞ്ചരിക്കുകയാല്‍ സ്വസ്ഥത കുറയാം. പല കാര്യങ്ങളിലും തടസ്സമോ എതിർപ്പോ ഉണ്ടാവും. മൂന്നില്‍ ചൊവ്വ സഞ്ചരിക്കുന്നത് ആപദ്‌ധൈര്യം നല്‍കും. സഹോദരർക്ക് ഗുണകാലമാണ്. അവരുടെ പിന്തുണ ലഭിക്കും. നാലില്‍ ബുധവ്യാഴസഞ്ചാരം പഠന പുരോഗതി നല്‍കും. പരീക്ഷകളില്‍ ശോഭിക്കാനാവും. തൊഴില്‍ രംഗം പുഷ്ടിപ്പെടുന്നതാണ്. കൃത്യമായ കരുനീക്കങ്ങള്‍ നടത്തി വിപണയില്‍ സ്ഥാനമുറപ്പിക്കും. ചെലവുകളില്‍ കർശന നിയന്ത്രണം ആവശ്യമാണ്.
കാർത്തിക
നക്ഷത്രാധിപനായസൂര്യന് ശുഭഗ്രഹയോഗം വരികയാല്‍ നല്ല കൂട്ടുകെട്ടുകളുണ്ടാവും. പ്രവർത്തനങ്ങള്‍ക്ക് ദിശാബോധം കൈവരുന്നതാണ്. മനക്കരുത്തേറും. എതിർപ്പുകളെ സധൈര്യം നേരിടുന്നതാണ്. ഗൃഹം/ വാഹനം/ ഓഫീസ് മുറി മോടിപിടിപ്പിക്കും. ഭാവനാശാലികളാവും. വർണ്ണനകളില്‍ രസം കണ്ടെത്തുന്നതാണ്. അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതുണ്ട്. പണമെടപാടുകളില്‍ സൂക്ഷ്മത വേണം. പ്രണയികള്‍ക്ക് അല്പം ഇച്ഛാഭംഗം ഉണ്ടാവാം. ചൊവ്വ, ബുധൻ കൂടുതല്‍ കരുതല്‍ വേണം.
രോഹിണി
നക്ഷത്രാധിപനായ ചന്ദ്രന് പക്ഷബലഹാനി വരികയാല്‍ മനസമാധാനം കുറയും. കലഹബുദ്ധി, അകാരണഭയം, നിദ്രാരാഹിത്യം എന്നിവ ഭവിക്കാം. വിദ്യാർത്ഥികള്‍ക്ക് ഏകാഗ്രത കുറയുന്നതാണ്. രണ്ടിലെ ചൊവ്വ വാക്ദോഷത്തിന് കാരണമാകും. വ്യവഹാരങ്ങള്‍ക്ക് മുതിരരുത്. മൂന്നിലെ ത്രിഗ്രഹയോഗത്താല്‍ വിശിഷ്ട വ്യക്തികളുടെ സർവ്വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. അഞ്ചിലെ ശുക്രൻ ഭാവനയുണർത്തും. വ്യാപാരികള്‍ക്ക് ലാഭം കുറയില്ല.
മകയിരം
സമ്മർദ്ദങ്ങള്‍ തുടരും. പിടിവാശി എതിർപ്പുകള്‍ക്ക് കാരണമാകും. ഭൗതികസാഹചര്യം മെച്ചപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ മേല്‍ സ്വാധീനമുണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ തടസ്സം അനുഭവപ്പെടുന്നതാണ്. വിദ്യാർത്ഥികള്‍ക്ക് ഓണപ്പരീക്ഷ നന്നായി എഴുതാനാവും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതാണ്. സമൂഹത്തില്‍ അംഗീകാരമുള്ളവരുടെ നല്ലവാക്കുകള്‍ കേള്‍ക്കുന്നതാണ്. വ്യാപാരയാത്രകള്‍ പ്രയോജനം ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങള്‍ക്ക് മേന്മ കുറയാം.
തിരുവാതിര
തുടർച്ചയായ പ്രവർത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതാണ്. മത്സരങ്ങളിലും പരീക്ഷകളിലും ശോഭിക്കും. ഏകോപനത്തില്‍ വിജയം നേടും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുഗമത കുറയുന്നതാണ്. നല്ല കാര്യങ്ങള്‍ പറയാനും പ്രവർത്തിക്കാനും സന്ദർഭം വന്നെത്തും. നാലില്‍ ശുക്രൻ ദുർബലനാകയാല്‍ സ്ത്രീസൗഹൃദം, സുഹൃദ്ബന്ധം എന്നിവ അനിഷ്ടമുണ്ടാക്കും. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കുറയുന്നതാണ്. ഞായർ, തിങ്കള്‍ സൗഖ്യം കുറയും.
പുണർതം
ജന്മരാശിയിലെ ചൊവ്വയാല്‍ ക്ഷോഭം അധികരിക്കും. വൈകാരിക പ്രതികരണങ്ങള്‍ ഒഴിവാക്കണം. രണ്ടിലെ ത്രിഗ്രഹയോഗം അനുകൂലമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഉയർച്ച വരും. പഠനത്തില്‍ താത്പര്യമേറുന്നതാണ്. വാക്കുകള്‍ ശ്രദ്ധേയമാവും. കലാകാരന്മാർക്ക് അവസരങ്ങള്‍ വന്നെത്തും. നാലിലെ നീചശുക്രൻ അല്പം ഗൃഹസമാധാനം കുറയ്ക്കാം. എന്നാലും ഭൗതികമായി മോശസ്ഥിതി വരില്ല. ഞായർ, തിങ്കള്‍ ചെലവേറും. ആശയക്കുഴപ്പം ഉണ്ടാവാം.
പൂയം
നക്ഷത്രാധിപനായ ശനി വക്രസഞ്ചാരം നടത്തുന്നതിനാല്‍ ലക്ഷ്യബോധം കുറയും. ജന്മത്തില്‍ മൂന്നു ഗ്രഹങ്ങളുള്ളത് കർമ്മതടസ്സം സൃഷ്ടിച്ചേക്കും. വ്യർത്ഥ ശ്രമങ്ങളുണ്ടാവും. വാഗ്ദാനങ്ങള്‍ ജലരേഖകളായി പരിണമിക്കുന്നതാണ്. വ്യാപാരത്തില്‍ കൂടുതല്‍ പണം മുടക്കുന്നത് കരുതലോടെ വേണം. മൂന്നിലെ ശുക്രനാല്‍ സ്ത്രീകളുടെ സഹായം ലഭിക്കും. ആകസ്മിക നേട്ടങ്ങള്‍ സന്തോഷമേകും. സൗഹൃദം പുഷ്‌ടിപ്പെടുന്നതാണ് പഴയ കടബാധ്യതകള്‍ പരിഹരിക്കാൻ പോംവഴി തെളിയും. ചൊവ്വ,ബുധൻ മേന്മ കുറഞ്ഞ ദിനങ്ങള്‍.
ആയില്യം
നക്ഷത്രാധിപനായ ബുധൻ ജന്മരാശിയില്‍ സ്ഥിതി ചെയ്യുന്നു. സ്വജനങ്ങള്‍ക്കിടയില്‍ പ്രീതി വർദ്ധിക്കും. ധനകാര്യത്തില്‍ ചില തീരുമാനങ്ങള്‍ കൈകൊള്ളും. സഹപ്രവർത്തകരുടെ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതാണ്. പന്ത്രണ്ടിലെ ചൊവ്വ ഭൂമി വ്യവഹാരത്തില്‍ സമ്മർദ്ദം ഉയർത്തും. ഞായറും തിങ്കളും ദേഹക്ഷീണം, അലച്ചില്‍ ഇവ വരാം. ചൊവ്വ, ബുധൻ, വ്യാഴം കർമ്മമേഖലയില്‍ തിളങ്ങും. വ്യക്തിപരമായും സന്തോഷിക്കാറാവും. വെള്ളി, ശനി
ഉറക്കക്കുറവ്, ദിനചര്യകള്‍ തെറ്റുക ഇവയ്ക്ക് സാധ്യത.

