Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇ റെയിലിന്റെ കന്നിയാത്ര വൻ വിജയം; ഇത്തിഹാദ് റെയില്‍ ടിക്കറ്റുകള്‍ മിന്നല്‍ വേഗത്തില്‍ വിറ്റഴിയുന്നു

യുഎഇ റെയിലിന്റെ കന്നിയാത്ര വൻ വിജയം; ഇത്തിഹാദ് റെയില്‍ ടിക്കറ്റുകള്‍ മിന്നല്‍ വേഗത്തില്‍ വിറ്റഴിയുന്നു

ബുദാബിക്കും ഫുജൈറയ്ക്കും ഇടയില്‍ ആരംഭിച്ച യുഎഇയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസിന് വൻ സ്വീകാര്യത. ആദ്യ ട്രെയിൻ കഴിഞ്ഞ ദിവസം രാവിലെ 5.34-ന് ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട് വിജയകരമായി കന്നിയാത്ര പൂർത്തിയാക്കിയിരുന്നു.

വരും ദിവസങ്ങളിലെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിയുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

105 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഫുജൈറയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.19-ന് അബുദാബിയില്‍ എത്തേണ്ടിയിരുന്ന ട്രെയിൻ, നിശ്ചിത സമയത്തിന് ഏകദേശം 10 മിനിറ്റ് മുൻപ് തന്നെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനില്‍ എത്തിച്ചേർന്നു. ഫുജൈറയില്‍ നിന്നുള്ള ഈ കന്നിയാത്രയില്‍ പങ്കാളികളായ യാത്രക്കാർക്ക് ട്രെയിനില്‍ സൗജന്യ പ്രഭാതഭക്ഷണം വിളമ്പി.

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച്‌ വെറും രണ്ട് ദിവസത്തിനുള്ളില്‍ 5,000-ത്തിലധികം യാത്രക്കാർ സീറ്റുകള്‍ റിസർവ് ചെയ്തിരുന്നു. ഇതോടെ ഇത്തിഹാദ് റെയിലിന്റെ മൊബൈല്‍ ആപ്ലിക്കേഷൻ യു.എ.ഇ.യില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി മാറി.

ഫുജൈറയില്‍ നിന്നുള്ള ഈ കന്നിയാത്രയില്‍ പങ്കാളികളായ യാത്രക്കാർക്ക് ട്രെയിനില്‍ സൗജന്യ പ്രഭാതഭക്ഷണം വിളമ്പി | ഫൊട്ടോ: ഇത്തിഹാദ് റെയില്‍സ്

2021-ല്‍ 'പ്രോജക്‌ട്സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി യുഎഇ റെയില്‍വേ പ്രോഗ്രാം പ്രഖ്യാപിച്ച്‌ അഞ്ച് വർഷം തികയുന്നതിന് മുൻപാണ് ഈ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നത്. എത്തിഹാദ് റെയിലും കീലിസും (Keolis) ചേർന്നുള്ള സംയുക്ത സംരംഭമായ 'എത്തിഹാദ് റെയില്‍ പാസഞ്ചർ സർവീസസ്' ആണ് ഈ ട്രെയിൻ ശൃംഖലയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കും ഉപഭോക്തൃ സേവനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന ഈ പാസഞ്ചർ റെയില്‍ ശൃംഖലയിലെ പ്രധാന ഹബ്ബായ 'മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷൻ' ഉദ്ഘാടനം ചെയ്തു.

ദുബായ് ട്രെയിൻ സ്റ്റേഷനും അല്‍ ദൈദ് ട്രെയിൻ സ്റ്റേഷനും 2026 സെപ്റ്റംബർ 30ന് തുറക്കും, തുടർന്ന് 2026 ഡിസംബർ 30ന് അല്‍ ദഫ്ര മേഖലയിലെ സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും. 2027 മാർച്ച്‌ 30ന് ഷാർജ ട്രെയിൻ സ്റ്റേഷൻ തുറക്കുന്നതോടെ പാസഞ്ചർ റെയില്‍ ശൃംഖല പൂർണ്ണമായും പൂർത്തിയാകും, രാജ്യത്തെ 11 നഗരങ്ങളിലും പ്രദേശങ്ങളിലുമായി മുഴുവൻ ശൃംഖലയെയും ബന്ധിപ്പിക്കും.

മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനുകളിലെ സ്റ്റേഷനുകളില്‍ കഫേകള്‍, റെസ്റ്റോറന്റുകള്‍, അന്താരാഷ്ട്ര ബ്രാൻഡുകളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉണ്ടായിരിക്കും. ട്രെയിനിനുള്ളിലും ഡൈനിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള 13 ട്രെയിനുകളാണ് ഈ പാസഞ്ചർ റെയില്‍ ഫ്ലീറ്റില്‍ ഉള്ളത്.

പ്രവാസികള്‍ക്ക് വൻ ലാഭം

യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികള്‍ക്ക് പുതിയ ട്രെയിൻ സർവീസ് വലിയ രീതിയില്‍ പ്രയോജനം ചെയ്യും. നിലവില്‍ അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ രണ്ടര മുതല്‍ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും.

ദുബായ് ഷാർജ വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നിന്നും ഏറ്റവുമധികം വിമാന സർവീസുകളുള്ളത് അബുദാബിയിലേയ്ക്കാണ്, ഒപ്പം വിമാന ടിക്കറ്റ് നിരക്കും കുറവാണ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാർക്ക് എമിറേറ്റുകളായ ദുബായ്, ഷാർജ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാൻ ഈ ട്രെയിൻ സർവീസ് വലിയൊരു അനുഗ്രഹമായി മാറും.

വിമാനമിറങ്ങിയ ശേഷം ബസ്സിലും ടാക്സിയിലും മണിക്കൂറുകളോളം ഇനി യാത്ര ചെയ്യേണ്ടി വരില്ല.ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം വെറും 57 മിനിറ്റായും, അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാസമയം 105 മിനിറ്റായും ഇത് ചുരുക്കും.

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വാരാന്ത്യങ്ങളില്‍ ഫുജൈറയിലെ ബീച്ചുകളിലേക്കും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കുടുംബത്തോടൊപ്പം ക്ഷീണമില്ലാതെ യാത്ര ചെയ്യാം. ട്രെയിനിലെ മികച്ച ഭക്ഷണസൗകര്യങ്ങളും സ്റ്റേഷനുകളിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കും.

ഫുജൈറ സ്റ്റേഷനിലേക്കും അവിടെ നിന്നുമുള്ള യാത്രയ്ക്കിടയിലും യാത്രക്കാർക്ക് ഒരു സവിശേഷ അനുഭവം സമ്മാനിച്ചുകൊണ്ട് ട്രെയിൻ ഹാജർ പർവതനിരകളിലൂടെ കടന്നുപോകും. ഇതിനായി ആകെ 6.9 കിലോമീറ്റർ നീളമുള്ള ഒമ്പത് തുരങ്കങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും നീളമേറിയ തുരങ്കമാണിത്.

ഈ യാത്രയ്ക്കിടയില്‍, റെയില്‍ ശൃംഖലയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയായ ബിത പാലത്തിലൂടെയും ട്രെയിൻ കടന്നുപോകും. 40 മീറ്റർ ഉയരമുള്ള ഈ പാലത്തിന് 600 മീറ്ററിലധികം നീളമുണ്ട്. ട്രെയിൻ ഇതിലൂടെ കടന്നുപോകുമ്പോള്‍ സമീപത്തുള്ള ബിത്‌ന കോട്ടയുടെയും അതിനു ചുറ്റുമുള്ള പച്ചപ്പിന്റെയും അതിമനോഹരമായ ദൃശ്യങ്ങള്‍ യാത്രക്കാർക്ക് ആസ്വദിക്കാനാകും.

ടിക്കറ്റ് നിരക്കുകള്‍:

  • കംഫർട്ട് ക്ലാസ് : 55 ദിർഹം മുതല്‍
  • പ്രീമിയം ക്ലാസ് : 120 ദിർഹം മുതല്‍

ട്രെയിൻ സമയം

യാത്രക്കാർക്ക് എത്തിഹാദ് റെയിലിന്റെ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദിവസേന മൂന്ന് സർവീസുകളാണ് ഈ റൂട്ടില്‍ ഉണ്ടാകുക, രാവിലെ 8:19, ഉച്ചയ്ക്ക് 1:53, വൈകുന്നേരം 6:39ന്. ജൂണ്‍ 23 മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് സമീപമെല്ലാം ഈ 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയില്‍ ശൃംഖലയ്ക്ക് സ്റ്റേഷനുകളുണ്ട് | Photo Credit: Etihad Rail

മറ്റ് സവിശേഷതകള്‍

  • അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ പുതിയ ട്രെയിനുകളില്‍ 400 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകും. മണിക്കൂറില്‍ 200 കിലോമീറ്റർ വരെ വേഗതയിലാണ് ഈ ട്രെയിൻ പായുന്നത്.
  • ഈ ട്രെയിനുകളില്‍ പ്രീമിയം, കംഫർട്ട് എന്നിങ്ങനെ രണ്ട് ക്ലാസുകളാണുള്ളത്. പ്രീമിയം ക്ലാസില്‍ ഇളം ചാരനിറത്തിലുള്ള, വീതിയേറിയതും പിന്നിലേക്ക് ചാരി ഇരിക്കാവുന്നതുമായ സീറ്റുകളാണുള്ളത്; ഇവയ്ക്ക് മുന്നിലായി മടക്കിവെക്കാവുന്ന ചെറിയ മേശകളുംസജ്ജീകരിച്ചിരിക്കുന്നു.
  • മറുഭാഗത്ത്, കംഫർട്ട് ക്ലാസില്‍ ഇരുണ്ട ചാരനിറത്തിലുള്ള സീറ്റുകളാണുള്ളത്. മാറ്റിവെക്കാൻ സാധിക്കുന്ന ഹാൻഡ് റെസ്റ്റുകളുള്ള ഈ സീറ്റുകള്‍ ഒരു ക്ലസ്റ്റർ രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ സീറ്റുകള്‍ക്കും സമീപത്തായി ചാർജിംഗ് പോർട്ടുകളും പവർ ഔട്ട്‌ലെറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
  • രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് സമീപമെല്ലാം ഈ 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയില്‍ ശൃംഖലയ്ക്ക് സ്റ്റേഷനുകളുണ്ട്. ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കായി, അവരുടെ ബാഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ കാരിയേജിന്റെ കോണിലായി ഒരു പ്രത്യേക ഭാഗം ഒരുക്കിയിട്ടുണ്ട്. ചെറിയ ബാഗുകള്‍ക്കായി സീറ്റുകള്‍ക്ക് മുകളിലായി ഓവർഹെഡ് ലഗേജ് സ്പേസും ഒരുക്കിയിട്ടുണ്ട്.

  • നിശ്ചിത അളവിലുള്ള (55cm x 40cm x 23cm) അംഗീകൃത കൂടുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍, നായ്ക്കളും വേട്ടപ്പരുന്തുകളും അടക്കമുള്ള വളർത്തുമൃഗങ്ങളെ ട്രെയിനില്‍ കൂടെക്കൊണ്ടുപോകാൻ അനുവദിക്കുന്നതാണ്. വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്ന കൂട് യാത്രക്കാരുടെ അനുവദനീയമായ സാധാരണ കാബിൻ ലഗേജിന്റെ ഭാഗമായിട്ടായിരിക്കും കണക്കാക്കുക. അതുകൊണ്ട് യാത്രക്കാർക്ക് വളർത്തുമൃഗങ്ങളുടെ കൂടിനൊപ്പം മറ്റൊരു കാബിൻ ബാഗ് കൂടി കൈയില്‍ കരുതാൻ അനുവാദമുണ്ടായിരിക്കില്ല.
  • യാത്രക്കാരോടൊപ്പമുള്ള ഓരോ കുട്ടിക്കും ഒരു പുഷ്‌ചെയർ വീതം പൂർണ്ണമായും സൗജന്യമായി കൊണ്ടുപോകാൻ കുടുംബങ്ങള്‍ക്ക് അനുവാദമുണ്ട്. യാത്രയ്ക്കിടയില്‍ കേടുപാടുകള്‍ വരാതിരിക്കാൻ പുഷ്‌ചെയറുകള്‍ റാപ്പ് ചെയ്ത് സൂക്ഷിക്കാനും ഇത്തിഹാദ് റെയില്‍ നിർദ്ദേശിക്കുന്നു.
  • വീല്‍ചെയറോ മറ്റ് യാത്രാസഹായികളോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങള്‍ ട്രെയിനില്‍ ഉണ്ടായിരിക്കും. എന്നാല്‍, കമ്പനി തന്നെ നിർമ്മിച്ചു നല്‍കിയിട്ടുള്ള ബാറ്ററികള്‍ ഘടിപ്പിച്ച ഇലക്‌ട്രിക് വീല്‍ചെയറുകള്‍ മാത്രമേ ട്രെയിനില്‍ അനുവദിക്കുകയുള്ളൂ. വീല്‍ചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക സീറ്റുകള്‍/സ്ഥലം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ റിസർവ് ചെയ്യേണ്ടതാണ്.
  • ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകളില്‍ സൈക്കിളുകള്‍, ഇ-സ്കൂട്ടറുകള്‍, ഇ-ബൈക്കുകള്‍ എന്നിവ അനുവദിക്കുന്നതല്ല.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam