ഡല്‍ഹി: യുക്രൈൻ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി അറിയിച്ചു.
തുടർച്ചയായ ആറാം ദിവസമാണ് യുക്രൈൻ തലസ്ഥാനത്തിന് നേരെ റഷ്യൻ ആക്രമണം ഉണ്ടാകുന്നത്.
നഗരത്തിലെ പാർപ്പിട സമുച്ചയങ്ങള്‍, റെയില്‍വേ ഡിപ്പോ, മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന വൻ തീപിടിത്തമുണ്ടാവുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നാണ് വിവരം.
റഷ്യ വൻതോതില്‍ ജെറ്റ് അധിഷ്ഠിത ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പാർപ്പിട സമുച്ചയങ്ങള്‍ക്കും പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായെന്നും എക്സ് കുറിപ്പിലൂടെ സെലെൻസ്‌കി വ്യക്തമാക്കി. "മൊത്തം 12 പേർ കൊല്ലപ്പെട്ടു, ഇതില്‍ ഒരു ഇന്ത്യൻ പൗരനും ഉള്‍പ്പെടുന്നു. കൂടാതെ ഡസൻ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട എല്ലാവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു," അദ്ദേഹം കുറിച്ചു.
നിലവില്‍ കീവിലും സമീപ പ്രദേശങ്ങളിലും മാത്രമായി ഏകദേശം 350 രക്ഷാപ്രവർത്തകരാണ് രംഗത്തുള്ളത്. ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സന്ദർശിച്ച് "മനുഷ്യത്വത്തിനു വേണ്ടി" യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം.

