ഡിജിറ്റല്‍ പേയ്മെന്റുകള്‍ രാജ്യവ്യാപകമായി വ്യാപിച്ചതോടെ ഇന്ത്യ സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ മുൻഗണന സമ്പദ്വ്യവസ്ഥയിലേക്ക് മുന്നേറുകയാണ്.
എന്നാല്‍, ഭയമോ ആകാംക്ഷയോ അടിയന്തര സാഹചര്യമോ സൃഷ്ടിച്ച് ആളുകളെ പെട്ടെന്ന് തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്ന ലളിതമായ ഒരു ടെക്സ്റ്റ് മെസ്സേജിലൂടെയാണ് ഇന്ന് പല തട്ടിപ്പുകളും ആരംഭിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യത്തേക്കാള്‍ മനുഷ്യരുടെ വികാരങ്ങളെയാണ് ഇത്തരം സോഷ്യല്‍ എഞ്ചിനീയറിംഗ് തട്ടിപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
1. ടെക്സ്റ്റ് മെസ്സേജ് തട്ടിപ്പ് എന്നാല്‍ എന്ത്?
നിങ്ങളുടെ പണമോ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റല്‍ അക്കൗണ്ടുകളോ അപകടത്തിലാക്കുന്ന നടപടികളിലേക്ക് നിങ്ങളെ കബളിപ്പിച്ച് നയിക്കുന്ന വ്യാജ എസ്.എം.എസാണ് ടെക്സ്റ്റ് മെസ്സേജ് തട്ടിപ്പ്.
വിശ്വസനീയമായ സ്ഥാപനത്തിന്റെയോ നിങ്ങള്‍ക്ക് പരിചിതമായ ഒരാളുടെയോ പേരില്‍ എത്തുന്ന ഇത്തരം സന്ദേശങ്ങള്‍ യഥാർഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് തയ്യാറാക്കപ്പെടുന്നത്.
2. തട്ടിപ്പുകാർ നിങ്ങളെക്കൊണ്ട് ചെയ്യിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍
- വ്യാജ വെബ്സൈറ്റിലേക്ക് നയിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യിപ്പിക്കുക.
- വ്യാജ കസ്റ്റമർ കെയർ അല്ലെങ്കില്‍ ഹെല്‍പ്ലൈൻ നമ്പറിലേക്ക് വിളിപ്പിക്കുക.
- അറിയാത്ത ആപ്പോ ഫയലോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുക.
- ഒ.ടി.പി., പിൻ, പാസ്വേഡ് തുടങ്ങിയ വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ പങ്കിടാൻ പ്രേരിപ്പിക്കുക.
- മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ പ്രേരിപ്പിക്കുക (അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്തതായി കാണിക്കുന്ന വ്യാജ എസ്.എം.എസ് ഉപയോഗിച്ച്).
3. തട്ടിപ്പുകാർ എങ്ങനെ നിങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നു?
- ബാങ്കുകള്‍, സർക്കാർ ഏജൻസികള്‍, ഡെലിവറി കമ്പനികള്‍, ടെലികോം സേവനദാതാക്കള്‍ തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ സമീപിക്കുന്നത്.
- കാര്യങ്ങള്‍ പരിശോധിക്കാനോ ചിന്തിക്കാനോ സമയം നല്‍കാതെ ഉടൻ നടപടി സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് അവർ ഉപയോഗിക്കുന്നത്.
- അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നോ പണവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നോ പറഞ്ഞ് ഭയം സൃഷ്ടിക്കുന്നു.
- സമ്മാനങ്ങള്‍, റിവാർഡുകള്‍ അല്ലെങ്കില്‍ റീഫണ്ടുകള്‍ വാഗ്ദാനം ചെയ്ത് ആളുകളുടെ അത്യാഗ്രഹം മുതലെടുക്കുന്നു.
4. സുരക്ഷിതരായിരിക്കാനുള്ള ലളിതമായ വഴികള്‍
- ഏതെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് എല്ലാ സന്ദേശങ്ങളും ശ്രദ്ധാപൂർവം വായിക്കുക.
- ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് അല്ലെങ്കില്‍ സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ വഴി സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുക.
- ഔദ്യോഗിക ആപ്പ് സ്റ്റോറുകള്‍ പോലുള്ള വിശ്വസനീയ സ്രോതസ്സുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
- നിങ്ങളുടെ ഒ.ടി.പി., യു.പി.ഐ. പിൻ, പാസ്വേഡ് എന്നിവ ഒരിക്കലും മറ്റാരുമായും പങ്കിടരുത്.
- പ്രതീക്ഷിക്കാത്ത സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കുക.
- ക്രെഡിറ്റ് സന്ദേശം ലഭിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് പണം യഥാർഥത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ആപ്പുകള്‍ക്ക് ആവശ്യമായ അനുമതികള്‍ മാത്രം നല്‍കുകയും നല്‍കുന്ന അനുമതികള്‍ ശ്രദ്ധാപൂർവം പരിശോധിക്കുകയും ചെയ്യുക.
5. രേഖപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുക
- സന്ദേശങ്ങള്‍ സേവ് ചെയ്യുക, സ്ക്രീൻഷോട്ടുകള്‍ എടുക്കുക, ആശയവിനിമയങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക.
- സംശയാസ്പദമായ നമ്പറുകള്‍ ദേശീയ സൈബർ ക്രൈം ഹെല്‍പ്ലൈൻ നമ്പറായ 1930-ലോ ടെലികോം വകുപ്പിന്റെ https://sancharsaathi.gov.in/sfc/ വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യുക.

