ന്യൂഡല്‍ഹി: ഓട്ടിസം ബാധിതരും ബൗദ്ധിക-വികസന വൈകല്യമുള്ളവരുമായ വ്യക്തികള്‍ക്ക് കൂടുതല്‍ കായിക അവസരങ്ങള്‍ ഒരുക്കുന്നതിനായി ഇന്ത്യ ഓട്ടിസം സെന്ററും (ഐഎസി) സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരതും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ കായിക ഫെഡറേഷനായ സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരതും, ഓട്ടിസം മേഖലയില്‍ പ്രവർത്തിക്കുന്ന പ്രമുഖ ലാഭേച്ഛയില്ലാ സ്ഥാപനമായ ഇന്ത്യ ഓട്ടിസം സെന്ററും തമ്മിലുള്ള ഈ മൂന്ന് വർഷത്തെ സഹകരണം, പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികള്‍ക്ക് പരിശീലനം, മത്സരാവസരങ്ങള്‍, സാമൂഹിക പങ്കാളിത്തം എന്നിവ വർധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കരാർ പ്രകാരം കൊല്‍ക്കത്തയിലെ ഐഎസി സ്പോർട്സ് സെന്റർ സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരതിന്റെ ഔദ്യോഗിക പരിശീലന-മത്സര വേദിയായി പ്രവർത്തിക്കും. പരിശീലന ക്യാമ്പുകള്‍, ശില്പശാലകള്‍, കായിക മത്സരങ്ങള്‍, വിലയിരുത്തല്‍ പരിപാടികള്‍, ഉള്‍ക്കൊള്ളുന്ന വിനോദപ്രവർത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ ഐഎസി പിന്തുണ നല്‍കും. കായികരംഗത്തിലൂടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വളർത്താനും, പ്രത്യേക കായികതാരങ്ങള്‍ക്ക് ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് മുന്നേറാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ അഡാപ്റ്റീവ് സ്പോർട്സ്, ഓട്ടിസം, സാമൂഹിക ഉള്‍ക്കൊള്ളല്‍ തുടങ്ങിയ മേഖലകളില്‍ സംയുക്ത ഗവേഷണങ്ങളും അറിവ് വികസന പ്രവർത്തനങ്ങളും നടത്താനും ഇരു സ്ഥാപനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

