Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ത്രിദിന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ഇന്ന് (ജൂണ്‍ 3) ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

ത്രിദിന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ഇന്ന് (ജൂണ്‍ 3) ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

  • ദക്ഷിണ കേരളത്തിലെ വ്യത്യസ്ത ടൂറിസം സർക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പ് ഇന്ന് (ജൂണ്‍ 3) വൈകിട്ട് 6 ന് കോവളം ഉദയസമുദ്ര ഹോട്ടലില്‍ ടൂറിസം സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകള്‍ ജിടിഎമ്മില്‍ അവതരിപ്പിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ഗതാഗത മന്ത്രി സിപി ജോണ്‍, ശ്രീലങ്കൻ ടൂറിസം സഹമന്ത്രി പ്രൊഫ. റുവാൻ രണസിംഗെ, ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. എം. വിൻസെൻറ് എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല മുഖ്യപ്രഭാഷണം നടത്തും.

ജിടിഎമ്മിൻറെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാർട്ട് എക്സ്പോ ജൂണ്‍ നാലിന് രാവിലെ 10 ന് അമരവിള ഗോള്‍ഡൻ പാലസ് ഇൻറർനാഷണല്‍ കണ്‍വെൻഷൻ സെൻററില്‍ ആരംഭിക്കും.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്‌എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കും.

ആന്ധ്രാപ്രദേശ് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അജയ് ജെയിൻ, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടർ അഞ്ജന എം, ഗോവ ടൂറിസം ഡയറക്ടർ കേദാർ എ നായിക്, ടിസിസിഐ പ്രസിഡൻറ് എസ്‌എൻ രഘുചന്ദ്രൻ നായർ, എസ്കെഎച്ച്‌എഫ് പ്രസിഡൻറ് എംആർ നാരായണൻ, സികെടിഐ പ്രസിഡൻറ് ഇഎം നജീബ്, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, എസ്കെഎച്ച്‌എഫ് വൈസ് പ്രസിഡൻറ് ശിശുപാലൻ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ജൂണ്‍ 4 ന് ഹോസ്പിറ്റാലിറ്റി എജ്യുക്കേഷൻ, മെഡിക്കല്‍ ടൂറിസം, ആയുർവേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളില്‍ സെമിനാർ നടക്കും.

ജൂണ്‍ 5 ന് 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളർച്ച' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.

'സമൂഹ ക്ഷേമത്തിനും സമഗ്ര വളർച്ചയ്ക്കും വേണ്ടി ഉത്തരവാദിത്ത ടൂറിസം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷൻ മിഷൻ ഡയറക്ടർ കെ. രൂപേഷ് കുമാർ സംസാരിക്കും. ആർടി മിഷൻ ജെൻഡർ ഓഡിറ്റ് ആൻഡ് സേഫ്റ്റി ഓഡിറ്റ് ടീം അംഗവും എസ്കേപ്പ് നൗ സ്ഥാപകയുമായ ഇന്ദു കൃഷ്ണ, ആർടി ക്ലബ് ലീഡർ ഇന്ദിര എന്നിവരാണ് മറ്റ് പാനലിസ്റ്റുകള്‍. 'കേരളത്തിൻറെ വികസനം' എന്ന വിഷയത്തില്‍ കേരള ഡെവലപ്മെൻറ് മീഡിയ ചെയർമാൻ നസീർ സലാം സംസാരിക്കും.

1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മില്‍ ഉണ്ടായിരിക്കും. ആയുർവേദത്തെ ആഗോള ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ് കമ്പനി പ്രതിനിധികളെ ഉള്‍പ്പെടുത്തി കോർപ്പറേറ്റ് ബിസിനസ് നെറ്റ് വർക്കിംഗ് സെഷനും നടക്കും. ജൂണ്‍ 4, 5 ദിവസങ്ങളിലാണ് ബിടുബി സെഷനുകള്‍ നടക്കുക.

ഹോട്ടലുകള്‍, റിസോർട്ടുകള്‍, ടൂറിസം സംഘടനകള്‍, എയർലൈനുകള്‍, ട്രാവല്‍ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവല്‍ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയില്‍ ഉണ്ടായിരിക്കും.

ട്രാവൻകൂർ എക്സ്പീരിയൻസ് സോണ്‍ ജിടിഎം-2026 ലെ പ്രധാന ആകർഷണമാണ്. ഹോട്ടലുകള്‍, റെസ്റ്റോറൻറുകള്‍, കഫേകള്‍, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനായി ജിടിഎമ്മില്‍ ഹൊറെക പവലിയൻ ഒരുക്കും. ബിസിനസ് നെറ്റ് വർക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയൻ പ്രവർത്തിക്കും.

ജിടിഎം മെട്രോ എക്സ്പെഡിഷൻ അവാർഡ് നൈറ്റ് ജൂണ്‍ 4 ന് വൈകുന്നേരം 6 ന് കോവളം ലീല ഹോട്ടലില്‍ നടക്കും. ജൂണ്‍ 5 ന് വൈകുന്നേരം 6 ന് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന ജിടിഎം 2026 ൻറെ സമാപന സമ്മേളനം നടക്കും.

എക്സ്പോയിലേക്ക് ജൂണ്‍ 5 ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gtmt.in, 9995139933, ഇമെയില്‍: info@gtmt.in.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy