Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കലാച്ചിയും സിന്നും: പ്ലേജറിസത്തിൻ്റെ വ്യാപ്തിയും കുറ്റാന്വോഷണ ഭാഷാശാസ്ത്രവും

The Malabar Journal 4 months ago

കുറ്റാന്വോഷണ ഭാഷാശാസ്ത്രം, പൊതുസമൂഹത്തിന് അത്രതന്നെ പരിചിതമല്ലാത്ത ഒരു മേഖലയാണ്. ഭാഷ കുറ്റകൃത്യങ്ങളുടെ ഭാഗമാകുമ്പോള്‍ അവ ആര് ഉപയോഗിച്ചു, എന്തിന് ഉപയോഗിച്ചു, എങ്ങനെ ഉപയോഗിച്ചു എന്നുകൂടി പരിശോധിക്കപ്പെടേണ്ടതായി വരും.

ഉദാഹരണത്തിന് ഒരു അജ്ഞാത ഭീഷണി കത്ത് രൂപത്തിലോ, അതല്ലെങ്കില്‍ ഫോണ്‍ കോള്‍ ആയോ ലഭിച്ചാല്‍, അത് ഒരു സീരിയസ് ത്രെറ്റ് ആണോ അല്ലെയോ, ആ കോള്‍ ചെയ്ത അല്ലെങ്കില്‍ കത്തെഴുതിയ ആളുടെ പ്രദേശം, പശ്ചാത്തലം, ജെൻ്റർ തുടങ്ങി ഏറെ കാര്യങ്ങള്‍ ഭാഷശാസ്ത്ര പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും.

കുറ്റാന്വോഷണ ഭാഷാശാസ്ത്രവും ബൌദ്ധികസ്വത്ത് ചോരണവും

കുറ്റാന്വോഷണ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനമേഖലയാണ്, Authorship, Copy right, Intellectual property theft എന്നിവയെല്ലാം, ഗവേഷണമേഖലയില്‍ ഇത്തരത്തിലുള്ള ടെർമിനോളജികള്‍ സാധാരണമാണ്. വർഷങ്ങള്‍ക്ക് ശേഷം പി.എച്ച്‌.ഡി ബിരുദം പിൻവലിച്ച സംഭവങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട് താനും. എന്നാല്‍ സർഗ്ഗാത്മക ഇടത്തിലേക്ക് വരുമ്പോള്‍ ഇത്തരം കേസുകള്‍ പലപ്പോഴും പരസ്പരമുള്ള വാക്കു തർക്കങ്ങളോ ആരോപണങ്ങളോ അവകാശ വാദങ്ങളോ ആയി മാത്രം നിലനില്‍ക്കുകയാണ് പതിവ്. എന്നാല്‍ സർഗ്ഗാത്മക സൃഷ്ടികളുടെ Authorship കണ്ടെത്താനും കുറ്റാന്വോഷണ ഭാഷാശാസ്ത്രത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താവുന്നതാണ്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
കൃതികളും കഥാകാരന്മാരും തമ്മിലുള്ള അവകാശ തർക്കങ്ങളും അവക്കുമേലുള്ള സംവാദങ്ങളും നടക്കുന്നത് ആദ്യമായൊന്നുമല്ല. പുസ്തകത്തിന്റെയും പാട്ടിന്റെയും എഴുത്തവകാശത്തെക്കുറിച്ച്‌ മുൻപും തർക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും മലയാളത്തിലെ പ്രസിദ്ധിയുള്ള രണ്ടു പുസ്തകങ്ങളുടെ ആശയചോരണം ചർച്ചയാകുന്നത് ഒരുപക്ഷെ ആദ്യമാവണം. എന്നാല്‍ ഇത്തരം കേസുകള്‍ ലോകത്തില്‍ ആദ്യമാണോ ചോദിച്ചാല്‍, അല്ല! ലോകത്തില്‍ തന്നെ ഏറെ പ്രസിദ്ധമായ ഹാരിപ്പോട്ടറിൻ്റെ ഓതർഷിപ്പുമായി ബന്ധപ്പെട്ടു നടന്ന ഒരു കേസിനെ കുറിച്ച്‌ പലർക്കും പരിചയമുണ്ടാകും. എന്നാലും ഒരു ഓർമ്മപ്പെടുത്തല്‍ പോലെ അതൊന്ന് നോക്കാം.

ഹാരി പോട്ടർ സീരിസ് എഴുതിയ ജെ. കെ റൌളിംഗിന് എതിരെ അമേരിക്കൻ എഴുത്തുകാരിയായ Nancy Stouffer 1999 ഒരു കേസ് ഫയല്‍ ചെയ്തു. ഹാരിപ്പോട്ടറിലെ ചില ആശയങ്ങളും പേരുകളും താൻ മുമ്പ് എഴുതിയ, The Legend of Rah and the Muggles, Larry Potter and His best friend Lilly എന്നീ പുസ്തകങ്ങളില്‍ നിന്നും എടുത്തതാണ് എന്നതായിരുന്നു കേസിന്റെ അടിസ്ഥാനം.

എന്നാല്‍ പിന്നീട് 2002 ല്‍ ന്യൂയോർക്കിലെ ഫെഡറല്‍ കോടതി ഭാഷാശാസ്ത്ര തെളിവുകളെ അടിസ്ഥാനമാക്കി, ജെ കെ റൌളിംഗിന് അനുകൂലമായി വിധി പറയുകയും Nancy Stouffer ല്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. Stylistic analysis, textual analysis എന്നീ രണ്ടു കുറ്റാന്വോഷണഭാഷാശാസ്ത്ര (forensic linguistic) രീതികളാണ് ഈ കേസില്‍ ഭാഷാശാസ്ത്ര വിദഗ്ദർ ഉപയോഗിച്ചത്. പകർപ്പാവകാശ നിയമം (copyright law), ബൌദ്ധിക സ്വത്തവകാശം (intellectual property) എന്നിവയില്‍ കുറ്റാന്വോഷണ ഭാഷാശാസ്ത്രത്തിനുള്ള പങ്ക് എടുത്തുകാട്ടിയ കേസ് കൂടിയായിരുന്നു ഇത്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
കുറ്റാന്വോഷണ ഭാഷാശാസ്തരത്തിൻ്റെ രീതിശാസ്ത്രം

വിവിധ നിയമ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ ഭാഷാശാസ്ത്ര രീതികള്‍ കുറ്റാന്വോഷണ ഭാഷാശാസ്ത്രം ഉപയോഗിക്കാറുണ്ട്. ഈ രീതികളാണ് കുറ്റകൃത്യങ്ങളിലും, നിയമനടപടികളിലും, പ്രമാണഗ്രന്ഥങ്ങളിലും ഭാഷ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്ന പരിശോധനകളെ സഹായിക്കുന്നത്. Speech Analysis, Discourse Analysis, Pragmatics and Socio Linguistic Analysis, Language Profiling തുടങ്ങി ഏറെ രീതികള്‍ കുറ്റാന്വാഷണ ഭാഷാശാസ്ത്രം കുറ്റാന്വോഷണത്തിനായി ഉപയോഗിക്കാറുണ്ട്. എങ്കിലും Authorship കേസുകളില്‍ പൊതുവില്‍ ഉപയോഗിക്കുന്ന രീതി, Textual Analysis and Interpretation ഉം Forensic Stylistics ഉം ആണ്.

Textual Analysis and Interpretation: ലിഖിതമായ ഭാഷാരേഖകളെ പരിശോധിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്ന വിശകലനരീതിയാണിത്. സാധാരണയായി കോണ്‍ട്രാക്റ്റുകള്‍, സ്റ്റാറ്റ്യൂട്ടുകള്‍, വില്‍പത്രങ്ങള്‍, മറ്റു നിയമ രേഖകള്‍ എന്നിവയുടെ അർത്ഥം, ഉദ്ദേശം, സ്ഥിരത എന്നിവ പരിശോധിക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. ഗ്രന്ഥ കർത്തൃത്വ തർക്കങ്ങളില്‍ Stylometry, Lexical Analysis എന്നിവയാണ് ഗ്രന്ഥകർത്താവിനെ നിർണയിക്കുന്നതിനും, ആശയചോരണ കേസുകള്‍ പരിഹരിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത്. അതില്‍ ആഖ്യാന രീതി, വാക്കുകളുടെ തെരഞ്ഞെടുപ്പ്, വ്യാകരണിക ക്രമം എന്നുവയെല്ലാം പരിശോധിക്കപ്പെടുന്നു.

Forensic Stylistics:

രചയിതാവിനെ നിർണയിക്കുന്നതിനോ രണ്ട് കൃതികളെ താരതമ്യം ചെയ്യുന്നതിനോ എഴുത്തിന്റെ സ്റ്റൈല്‍ വിശകലനം ചെയ്യുന്ന രീതിയാണ് Forensic Stylistics. കൃതികളില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍, വാക്യഘടന, ആഖ്യാനഘടന എന്നിവ Forensic Stylistics പരിശോധിക്കുന്നു.

കെ ആർ മീരയുടെ കലാച്ചി എന്ന നോവലിന് ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിന്റെ ഉള്ളടക്കവുമായി സാമ്യമുണ്ട് എന്ന ചർച്ചയാണല്ലോ സജീവമായിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ വാദങ്ങള്‍ പറയുകയും ആളുകള്‍ പക്ഷം ചേരുകയും ചെയ്യുന്നു. സർഗ്ഗ സൃഷ്ടികള്‍ ഒരാളുടെ ബൌദ്ധിക സ്വത്താണ്. സൃഷ്ടിയുടെ ആശയമോ, അതിലെ വരികളോ, സന്ദർഭമോ എന്തുമാകട്ടെ അവയെല്ലാം പ്ലേജറിസത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് ശാസ്ത്രീയമായി കുറ്റാന്വേഷണ ഭാഷാശാസ്ത്രത്തിന്റെ സഹായത്തോടെ തെളിയിക്കാൻ വിദഗ്ധർക്ക് സാധിക്കുന്നതുമാണ്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
കല്ലാച്ചി, സിൻ തർക്കവും, വാദങ്ങള്‍ക്ക് അപ്പുറം തെളിവുകളും ശാസ്ത്രീയമായ പരിശോധനകള്‍ക്കും വിധേയമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നേനെ. കേവല തർക്കങ്ങള്‍ക്കപ്പുറത്ത്, ഒരാളുടെ ബൌദ്ധിക സ്വത്ത് കവർച്ച ചെയ്യുക, അല്ലെങ്കില്‍ അത്തരത്തില്‍ ഒരു ആരോപണത്തിന് വിധേയമാവുക എന്നത് ഒട്ടും സുഖകരമല്ലാത്ത ഒന്നാണ്. കുറ്റകൃത്യവും നിരപരാദിത്വവും ഒരുപോലെ നീതി അർഹിക്കുന്നുണ്ട്. കോപ്പി റൈറ്റ് എന്നത് നിസാരമായി കാണേണ്ടുന്ന ഒന്നല്ല. എഴുത്തുകാർക്ക്, തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും, സൃഷ്ടിയുടെ പൂർണമായ അവകാശത്തിനും ഇത്തരം പരിശോധനകള്‍ ഉണ്ടാകുന്നത് നല്ലതു തന്നെ.

ഭാഷാശാസ്ത്ര തെളിവുകള്‍ എക്സ്പേർട്ട് വിറ്റ്നസ് ആണെന്ന് പറയാറുണ്ട്. മറക്കാനോ മായിക്കാനോ കഴിയാത്ത സാക്ഷിയാണ് നമ്മുടെ ഭാഷ ഒരേ ഭാഷയല്ലേ, മലയാളം തന്നെ അല്ലേ. എന്നൊക്കെ പൊതുവില്‍ തോന്നാം, എന്നാല്‍ എല്ലാ മനുഷ്യന്റെയും ഭാഷാപ്രയോഗത്തിലും, ശൈലിയിലും വ്യക്തിപരമായ സവിശേഷതകള്‍ ഉണ്ടാകും, സർഗാത്മക സൃഷ്ടികളില്‍ പ്രത്യേകിച്ചും. ഇനിയൊരുകാലത്തെങ്കിലും വാക്കുതർക്കങ്ങള്‍ക്കപ്പുറം ഇത്തരം കേസുകള്‍ ശാസ്ത്രീയമായി തന്നെ പരിശോധിക്കപ്പെടട്ടെ എന്ന് പ്രത്യാശിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Malabar Journal