Dailyhunt

കളംനിറഞ്ഞാടുന്ന എല്‍ഡിഎഫും യുഡിഎഫും; നിറംകളഞ്ഞാടുന്നതോ എൻഡിഎ?

തിനാറാം കേരള നിയമസഭ രൂപപ്പെടുത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് ആഗതമായിരിക്കുകയാണ്. പോളിംഗ് ദിനത്തിലേക്ക് ഇനി കൈവിരലുകളില്‍ എണ്ണിയെടുക്കാവുന്ന ദിവസങ്ങള്‍ മാത്രം.

കേരളത്തിനൊപ്പം നിയമസഭാംഗങ്ങളെ തേടുന്ന തമിഴ്നാട്, അസം, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളും ഒരു മാസത്തിനുള്ളില്‍ തന്നെ നിയമസഭയെ തെരഞ്ഞെടുക്കും. മെയ് നാലിനാണ് അഞ്ച് സംസ്ഥാനങ്ങളിലും ജനവിധിയുടെ ഫലമറിയാനാവുക. കേരളത്തില്‍ എല്ലായിടത്തും സ്ഥാനാർത്ഥികള്‍ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് നേടാനുള്ള പരിശ്രമത്തിലാണ്. അതിനിടയില്‍ തെരഞ്ഞെടുപ്പിനെ നയിക്കുന്ന ചർച്ചാ വിഷയങ്ങളും വിജയസമവാക്യങ്ങളും കളം നിറഞ്ഞു കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ പ്രധാന ചർച്ചാവിഷയമാക്കിയിരിക്കുന്നത്, ശബരിമല സ്വർണ്ണക്കൊള്ള, മുഖ്യമന്ത്രിയെ പുണ്യാളനാക്കാനുള്ള പിആർ, സിപിഐഎം-ബിജെപി ഡീല്‍ എന്നീ ആരോപണങ്ങളാണ്. സിപിഐഎമ്മിനകത്ത് ഉരുണ്ടുകൂടിയ തർക്കവിതർക്കങ്ങളും ഉപയോഗപ്പെടുത്താനായാല്‍ വിജയം സുനിശ്ചിതമെന്ന ഉറപ്പിലാണ് യുഡിഎഫ് നേതൃത്വം. വികസനം മാത്രം ചർച്ചയാക്കി തുടർവിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.

ഇതിനുമുമ്ബ് തെരഞ്ഞെടുപ്പുകളില്‍ വലിയ അളവില്‍ പുറത്ത് പ്രദർശിപ്പിക്കാത്ത, സിപിഐഎമ്മില്‍ നിന്ന് പുറത്തേക്ക് പൊട്ടിയൊലിക്കുന്ന വിമതത്വം ഇത്തവണ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടുന്നത് പയ്യന്നൂർ, തളിപ്പറമ്ബ്, ഒറ്റപ്പാലം, മലമ്ബുഴ, അമ്ബലപ്പുഴ എന്നീ മണ്ഡലങ്ങളാണ്. ആ നിലയിലാണ് മുഖ്യധാരാ മാധ്യമ, രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ മുന്നോട്ടുപോകുന്നതും. ഈ മണ്ഡലങ്ങളിലെല്ലാം സിപിഐഎമ്മില്‍ നിന്ന് പുറത്തേക്ക് വന്ന മനുഷ്യർ യുഡിഎഫ് സ്ഥാനാർത്ഥികളായി മാറുന്നു എന്നത് മാത്രമാണ് ഒരു പൊതുപ്രത്യേകത.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ ചരിത്രപരമായി നേരിട്ടുവന്ന നിരവധിയായ അന്തച്ഛിദ്രങ്ങളുടെ രൂപം ഇതില്‍ ഒന്നിനു പോലുമില്ല. അമ്ബലപ്പുഴയിലും ഒറ്റപ്പാലത്തും മലമ്ബുഴയിലും പ്രത്യേകിച്ചും. ഒരു അന്തച്ഛിദ്രത്തിൻ്റെ സ്വഭാവ സവിശേഷതകളെങ്കിലും പ്രദർശിപ്പിക്കാനായത് പയ്യന്നൂരിനും തളിപ്പറമ്ബിനുമാണ്. പക്ഷേ വിഷയം ഒരു വ്യക്തിരൂപമായി ഏറ്റെടുക്കുമ്ബോള്‍, അയാളുടെ ഭാവി രാഷ്ട്രീയ പൊസിഷനിങ് വോട്ടർമാർക്ക് സ്വീകാര്യമല്ലാതാകുമ്ബോള്‍ അവിടെ പരാജയം സംഭവിക്കും. പുറത്തുനിന്ന് വിഷയങ്ങള്‍ വീക്ഷിക്കുന്ന യുഡിഎഫിന് കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദനെയും സ്വന്തം സ്ഥാനാർത്ഥികളായി മാറ്റേണ്ടി വന്നതാണ് പ്രശ്നം. പാർട്ടി വിമർശിച്ച്‌ പുറത്തേക്ക് വന്ന് നേതൃത്വത്തോടുള്ള വിമതത്വം മാത്രമാക്കി ഈ രാഷ്ട്രീയമത്സരത്തെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ കുറെക്കൂടി സാധ്യത ഉണ്ടായേനെ.

സിപിഐഎം അകപ്പെട്ടിരുന്ന മറ്റൊരു നറേറ്റീവ് കുടുക്ക്, വെള്ളാപ്പള്ളി നടേശനെ ചുറ്റിപ്പറ്റിയാണ്. മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ആവശ്യം പോലെ ആവനാഴി തുറന്നുനല്‍കിയ എസ്‌എൻഡിപി യോഗം മുൻ ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ചർച്ചാവൃത്തത്തിന്റെ കേന്ദ്രം ഒഴിഞ്ഞുപോയിരിക്കുന്നു. ഇപ്പോഴും തുടരുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. സിപിഐഎം ജമാഅത്തെ ഇസ്ലാമിയെ വൃത്തകേന്ദ്രത്തില്‍ നിന്ന് ഇറക്കിവിടാൻ പരിശ്രമിക്കുന്നുണ്ടെങ്കിലും അവരാണ് നടുക്കുനിന്ന് ഇറങ്ങിപ്പോകാൻ മടിക്കുന്നത്. ലോകത്തെ ഏതൊരു ലിബറല്‍ സമൂഹത്തിനും തെരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗപ്പെടുത്താവുന്ന മികച്ച ഗവേണൻസിൻ്റെ ബദലാണ് വികസനവും ക്ഷേമവും ചർച്ചയാക്കിക്കൊണ്ട് ഇടതുപക്ഷം ചർച്ചയാക്കാൻ ശ്രമിക്കുന്നത്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
വികസന സംവാദത്തിലേക്ക് കടന്നുവരാൻ കേരളത്തിലെ മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും പ്രതിപക്ഷത്തെ തുടർച്ചയായി വെല്ലുവിളിക്കുന്നത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഉറപ്പായും ഇന്റർവ്യൂ ചോദിച്ച്‌ മാധ്യമങ്ങളും ഇൻഫ്ലുവൻസർമാരും ഓടിയടുത്തുവരുമെന്ന് ഉറപ്പിച്ച്‌ മാനിഫെസ്റ്റോയ്ക്ക് മറുപടി പറയാൻ തയ്യാറെടുത്തതും അതുകൊണ്ടാണ്. അല്ലെങ്കിലും, 56 സിറ്റിംഗ് എംഎല്‍എമാരെ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന പാർട്ടി നേതൃത്വം അതിന് തയ്യാറെടുത്തിട്ട് നില്‍ക്കുകയാണെന്ന് തന്നെയല്ലേ, മറ്റൊന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല എന്നുമല്ലേ മനസ്സിലാക്കേണ്ടത്? പക്ഷേ അവരുടെ പ്രചാരണരീതികളില്‍ ഇതിന് വിഘാതമായ ചില അടയാളങ്ങളും കാണാം. ജനകീയ പിന്തുണയുള്ള പഴയ എംഎല്‍എമാരെ തന്നെ അണിനിരത്തി പിണറായിവിരുദ്ധരെക്കൊണ്ട് പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യിപ്പിക്കാം എന്ന അടവിന് തടസ്സം നില്‍ക്കുന്നത്, കേരളത്തില്‍ പരക്കെ വലിയ ഫ്ലക്സ് ബോർഡുകളില്‍ പിണറായിയുടെ ചിത്രം ഉള്‍പ്പെടുത്തി എന്നുള്ളതാണ്.

പ്രത്യക്ഷത്തില്‍ പരിശോധിച്ചാല്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പ് ചർച്ചയാക്കാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളും സ്ട്രാറ്റജിയുമല്ല ഇന്ന് മുഖ്യധാരാ മാധ്യമചർച്ചയാകുന്നത്. അത് കൃത്യമായും യുഡിഎഫ് നേതൃത്വം തീരുമാനിച്ചുറപ്പിച്ച്‌ എടുത്തു കൊണ്ടുവന്ന വിഷയങ്ങളാണ്. പ്രതിപക്ഷ നേതാവിന്റെ ഡീല്‍ ആരോപണത്തിലേക്ക് വരാം. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ അഞ്ചു മുതല്‍ 10 മണ്ഡലങ്ങളില്‍ വരെ രഹസ്യമായ ഡീലുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്ബോള്‍ ഇടതുപക്ഷത്തിന് തയ്യാറെടുപ്പ് നടത്തി പഴയ ഡീലുകളും കോലീബി സഖ്യം അടക്കം പൊടിതട്ടിയെടുത്ത് പ്രസംഗിക്കാൻ അവസരം കിട്ടി എന്നത് ശരിയാണ്. നിലവില്‍ കോണ്‍ഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്ന പ്രത്യാരോപണവും ഉന്നയിക്കാം. പക്ഷേ ഇടതുപക്ഷം അപ്പോഴും യുഡിഎഫ് വരച്ച നറേറ്റീവില്‍ തന്നെ വന്നുനില്‍ക്കുകയാണ്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
സിപിഐഎമ്മിനകത്തെ അന്തച്ഛിദ്രം സംബന്ധിച്ച്‌ മറുപടി പറഞ്ഞുകഴിഞ്ഞപ്പോള്‍ ശബരിമലയിലെ പഴയ നിലപാട് മാറ്റിയോ എന്ന ചോദ്യം ഉയർന്നുവന്നു. അതിനു മറുപടി പറഞ്ഞുകഴിഞ്ഞതിനുശേഷം ഡീല്‍ ആരോപണത്തിന് മറുപടി പറയേണ്ടിവരുന്നു. ഇത് പൂർത്തിയാക്കിയാല്‍ യുഡിഎഫ് എടുത്തിട്ട അടുത്ത തർക്കത്തില്‍ മറുപടി പറയുന്നു. ഇതിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നത് പത്ത് വർഷത്തെ വികസനം ചർച്ചയാക്കാനുള്ള സാധ്യതയാണ്. ബിജെപി ഈ വിഷയങ്ങളില്‍ ഒന്നും തൊടാതെ മുന്നോട്ടുപോകുന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്.

ദീർഘകാലം പ്രതിപക്ഷത്തിരിക്കുന്നതിന്റെ പേരില്‍ അനിവാര്യമായും രൂപപ്പെടുന്ന ഐക്യം യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും താരതമ്യേന ശക്തമായി എന്ന് കരുതാം. കേരളം മുഴുവനുമുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിഭവിക്കാനുള്ള തരം തമ്മിലടി ഉണ്ടായില്ലെന്ന് ആശ്വസിക്കാം. ഓരോ തവണയും കൊരുത്തുവിടുന്ന നറേറ്റീവുകള്‍ക്ക് മുകളിലേക്ക് മറ്റ് രാഷ്ട്രീയകക്ഷികളെ കൂടി വലിച്ചിട്ട് മറുപടി പറയിപ്പിക്കാൻ കഴിയുന്നുണ്ട് എന്നുള്ളതിലും സമാധാനിക്കാം. പക്ഷേ നിലവില്‍ ചർച്ചയാകുന്ന ഡീല്‍ ആരോപണത്തില്‍ എത്രത്തോളം ശരിയുണ്ടാകും?

രണ്ടു രീതിയിലാണ് പ്രതിപക്ഷനേതാവ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ഉയർത്തിയിട്ടുള്ളത്. മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് ബിജെപിയെ വിജയിപ്പിക്കാനുള്ള ഡീല്‍ ആണെന്നും, ബാക്കി ഡീല്‍ മണ്ഡലങ്ങളില്‍ ബിജെപി സീറ്റ് ഘടകകക്ഷിക്ക് കൈമാറി സിപിഐഎമ്മിനെ വിജയിപ്പിക്കാനുള്ള ഡീലാണ് ഉള്ളതെന്നും വി ഡി സതീശൻ വിശദീകരിക്കുന്നു. അതായത് ബിജെപിക്ക് ശക്തമായ ത്രികോണമത്സരം കാഴ്ചവയ്ക്കാനോ, വിജയിച്ചു വരാനോ പോലും ശേഷിയുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ ഘടകകക്ഷി സ്ഥാനാർത്ഥിയെ നിർത്തി എല്‍ഡിഎഫിന് വോട്ട് മറിക്കുകയാണ് എന്നാണ് വ്യാഖ്യാനം. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണം ഒപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തള്ളിക്കളഞ്ഞതാണ്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
മഞ്ചേശ്വരത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ സമാനപേരുകാരനായ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ ശ്രമിച്ചതും പിന്നീട് പിൻവലിച്ചതും എസ്ഡിപിഐ ആണ്. ബിജെപിക്ക് എന്തെങ്കിലും സാധ്യതയുള്ള മഞ്ചേശ്വരത്ത് പരിഗണിച്ചിരുന്ന ഷാനവാസ് പാദൂരിനെ കാസർഗോഡ് കൊണ്ടുവന്നു നിർത്തരുത് എന്ന് പറയാൻ മാത്രം യുഡിഎഫ് ഭയക്കേണ്ട മണ്ഡലമല്ല അവിടം. മഞ്ചേശ്വരത്തും കാസർഗോഡും കഴിഞ്ഞ ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകണക്കുകള്‍ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം ഇരുപതിനായിരം വോട്ടിന്റെ മേല്‍ക്കൈയുണ്ട് യുഡിഎഫിന്. കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങള്‍ക്ക് പുറമേ ഡീല്‍ ആരോപണം ഉയർന്നത് പ്രധാനമായും റാന്നി, കോന്നി, പാലക്കാട്, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂർ, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂർ, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലാണ്. ബിജെപിക്ക് കേരളത്തില്‍ ഘടകകക്ഷികള്‍ സ്വന്തമായതിനുശേഷം ഇതുവരെ ഘടകകക്ഷികള്‍ മാത്രം മത്സരിച്ച മണ്ഡലമാണ് റാന്നി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചപ്പോള്‍ മാത്രം മുപ്പതിനായിരത്തിലധികം ബിജെപി വോട്ടുകള്‍ രൂപപ്പെട്ട മണ്ഡലമാണ് കോന്നിയും. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പകുതി വോട്ടുകള്‍ പോലും എൻഡിഎക്ക് ഇല്ലാത്ത രണ്ടു മണ്ഡലങ്ങളാണ്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ഗോള്‍ഡൻ ഓപ്പർച്യൂണിറ്റി അന്വേഷിക്കപ്പെട്ട രണ്ടു മണ്ഡലങ്ങളാണ്. കെ സുരേന്ദ്രൻ തെക്കോട്ടും വടക്കോട്ടും ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ പ്രദേശം. അത്തരമൊരു ഓപ്പർച്യൂണിറ്റി കോണ്‍ഗ്രസിനല്ലാതെ സിപിഐഎമ്മിന് എന്തു ഗുണം കൊണ്ടുതരാനാണ്?

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ആരോപണ വിധേയനായി തുടർ മത്സരത്തിന് കോണ്‍ഗ്രസ് തന്നെ പേരുവെട്ടിയ സിറ്റിംഗ് എംഎല്‍എയാണുള്ളത്. അവിടെ കെ കെ ദിവാകരനു ശേഷം സിപിഐഎമ്മിന് തിരികെ കളംപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടന്ന് യുഡിഎഫിന് പിന്നില്‍ രണ്ടാമത് എത്താൻ പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ കണക്കുകള്‍ പ്രകാരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ 6000 വോട്ട് വ്യത്യാസമുണ്ടെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള എൻഡിഎയും എല്‍ഡിഎഫും തമ്മില്‍ ഇതേ 6000 വോട്ട് വ്യത്യാസമുണ്ട്. അവിടെ ഇത്തവണ എല്‍ഡിഎഫ് ചെയ്തത് ഒരു ജനകീയ സ്വതന്ത്രനെ മത്സരിപ്പിക്കുക എന്നതാണ്. ഇടതുപക്ഷം മുസ്ലിം നാമധാരിയായ ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചാല്‍ അത് പറ്റില്ല എന്ന വാദമാണ് കാസർഗോഡ് മണ്ഡലത്തെ പോലെ തന്നെ പാലക്കാടും യുഡിഎഫ് എടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മില്‍ മത്സരിക്കുമ്ബോള്‍ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാർക്ക് ജയിക്കാൻ വേണ്ടി ഡീല്‍ ഉണ്ടാക്കുമെന്ന് പറയുന്നത് വൈരുദ്ധ്യമല്ലേ?

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം, ബിജെപിക്ക് നിലവില്‍ അധികാരമുള്ള തൃപ്പൂണിത്തുറ നഗരസഭയിലെ ഭൂരിഭാഗം വാർഡുകളും ഉള്‍പ്പെടുന്ന മണ്ഡലമാണ്. അവിടെ കക്ഷിനില ബിജെപിക്ക് 21, എല്‍ഡിഎഫിന് 20, യുഡിഎഫിന് 12 എന്ന നിലയിലാണ്. കുമ്ബളം പഞ്ചായത്തില്‍ ആകെ 19 വാർഡുകളില്‍ ഒരെണ്ണം ബിജെപിക്കുണ്ട്. ഉദയംപേരൂർ പഞ്ചായത്തില്‍ ആകെ 23 വാർഡുകളില്‍ ഒരെണ്ണം ബിജെപിക്കാണ്. മണ്ഡലത്തില്‍ ബിജെപിക്കാകെ ഈ 23 വാർഡുകള്‍ മാത്രമേയുള്ളൂ. മരട് നഗരസഭയില്‍ ബിജെപിയുടെ കക്ഷിനില പൂജ്യമാണ്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊച്ചി കോർപ്പറേഷനിലെ എട്ടു വാർഡുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനെയും ഒരെണ്ണം യുഡിഎഫിനെയും ജയിപ്പിച്ചതാണ്. മൊത്തം തദ്ദേശ കണക്ക് പ്രകാരം എൻഡിഎയ്ക്ക് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പകുതി വോട്ടുകള്‍ മാത്രം. ബിജെപിക്ക് പോലും പ്രതീക്ഷയില്ലാത്ത തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പറയണം.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
മറ്റൊരു പ്രധാന ഡീല്‍ മണ്ഡലം കൊടുങ്ങല്ലൂരാണ്. കഴിഞ്ഞതവണ എൻഡിഎയ്ക്ക് ഭരണമുണ്ടായിരുന്ന നഗരസഭ ശക്തമായ സാംസ്കാരിക, രാഷ്ട്രീയ ഇടപെടല്‍ നടത്തിയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചത്. അവിടെ ഇത്തവണയും എൻഡിഎയ്ക്ക് 18 വാർഡുകളുണ്ട്. യുഡിഎഫ് ഭരിക്കുന്ന അന്നമനടയിലും പൊയ്യയിലും പൂജ്യവും, വെള്ളാങ്ങള്ളൂരിലും കുഴൂരിലും രണ്ടും, എല്‍ഡിഎഫും യുഡിഎഫും തുല്യം പാലിക്കുന്ന മാളയില്‍ നാലും, എല്‍ഡിഎഫ് ഭരിക്കുന്ന പുത്തൻചിറയില്‍ ഒന്നും വാർഡുകള്‍ മാത്രമാണ് എൻഡിഎ ഭരിക്കുന്ന വാർഡുകളായിട്ടുള്ളത്. കണക്കുകള്‍ പ്രകാരം എല്‍ഡിഎഫും യുഡിഎഫും ബഹുദൂരം മുന്നില്‍. അവിടെ എൻഡിഎയുടെ ആരു മത്സരിച്ചാലും എല്‍ഡിഎഫിനും യുഡിഎഫിനും എന്ത് സംഭവിക്കാനാണ്?

ഡീല്‍ മണ്ഡലങ്ങളുടെ ലിസ്റ്റില്‍ ബാക്കിയുള്ളത് കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂർ, പത്തനാപുരം, തൊടുപുഴ എന്നിവയാണ്. ഈ മണ്ഡലങ്ങളില്‍ എല്ലാം എൻഡിഎയുടെ തദ്ദേശ തെരഞ്ഞെടുപ്പ് കക്ഷിനില എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളുടെ പകുതിയിലും താഴെ ബഹുദൂരം പിന്നിലാക്കുന്ന മൂന്നാം സ്ഥാനമാണ്. എസി മൊയ്തീൻ സിറ്റിംഗ് എംഎല്‍എ ആയ കുന്നംകുളം മണ്ഡലത്തില്‍ കുന്നംകുളം നഗരസഭയും ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂർ പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണ്. കാട്ടകാമ്ബാല്‍, പോർക്കുളം, വേളൂർ പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് അധികാരം. ഒരു പഞ്ചായത്ത് പോലും എൻഡിഎയുടെ കൈകളില്‍ ഇല്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫും യുഡിഎഫും 45,000-75,000 എന്ന തോതില്‍ വോട്ടുകള്‍ നേടുമ്ബോള്‍ ബിജെപിക്ക് ഒരിക്കലും 30,000 കടക്കാനായിട്ടില്ല. മാത്രമല്ല, ബിജെപിയുടെ വോട്ട് 20,000 എങ്കിലും കടത്തിയ തൃശ്ശൂർ ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ്കുമാർ ഇത്തവണ മണലൂരില്‍ സ്ഥാനാർത്ഥിയാണ്. മണലൂരിനും കുന്നംകുളത്തിനുമിടയില്‍ ഹെലികോപ്റ്റർ ഓടിക്കാൻ യുഡിഎഫ് നേതൃത്വം പണം നല്‍കേണ്ടിവരും.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ എൻഡിഎയ്ക്ക് വേണ്ടി എപ്പോഴും മത്സരിക്കാറുള്ള ഘടകകക്ഷിയാണ് ഇത്തവണയും മത്സരിക്കുന്നത്. ഏറ്റുമാനൂരില്‍ ഘടകകക്ഷി മത്സരിച്ചപ്പോള്‍ മാത്രമാണ് എൻഡിഎയ്ക്ക് ഇരുപതിനായിരത്തിലധികം വോട്ടെങ്കിലും ലഭിച്ചത്. അവിടെ എൻഡിഎയ്ക്ക് ഘടകകക്ഷിയെ അല്ലാതെ മറ്റാരെ നിർത്താൻ കഴിയും? പത്തനാപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ കഷ്ടിച്ചാണ് അവർ പതിനായിരമെങ്കിലും കടക്കുന്നത്. തൊടുപുഴയില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും മത്സരിക്കുന്നത് സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളാണ്. ആ പ്രദേശത്തെ പ്രബലർ. അവിടെ ബിജെപിക്ക് പകരം ഘടകകക്ഷികള്‍ മത്സരിച്ചപ്പോഴാണ് എൻഡിഎയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയിട്ടുള്ളത്.

ഇനി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പരിശോധിച്ചാല്‍, നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയത് 11 മണ്ഡലങ്ങളിലാണ്. അവിടെ ഒരിടത്തും ബിജെപി മറ്റ് ഘടകകക്ഷികള്‍ക്ക് മത്സരിക്കാൻ മണ്ഡലം വിട്ടുനല്‍കിയിട്ടില്ല. ബിജെപിയോ മറ്റ് എൻഡിഎ ഘടകകക്ഷികളോ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നേടുകയോ, മുഖ്യധാരാ മാധ്യമങ്ങളാല്‍ ത്രികോണ പോരാട്ടമുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുകയോ ചെയ്ത നാല്‍പ്പതിനടുത്ത് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ ബിജെപി ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ള നാല് മണ്ഡലങ്ങളാണുള്ളത് - അരൂർ, നെന്മാറ, കൊടുങ്ങല്ലൂർ, കുന്നത്തുനാട്. ഇതില്‍ സതീശന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് കൊടുങ്ങല്ലൂർ മാത്രമാണ്. കുന്നത്തുനാട് പിന്നെ ഘടകകക്ഷിയായ ട്വന്റി20 യുടെ ശക്തികേന്ദ്രമായതുകൊണ്ട് അത് ഒഴിവാക്കാം. പക്ഷേ അരൂരും നെന്മാറയും പറയാൻ സതീശൻ മറന്നുപോയത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇനി ബിജെപിക്ക് എൻഡിഎക്കുള്ളില്‍ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കാം. ലോക്സഭയിലേക്ക് മത്സരിക്കുമ്ബോള്‍ 20 സീറ്റില്‍ ആളെ നിർത്തിയാല്‍ മതിയെങ്കില്‍, നിയമസഭയിലേക്ക് പോകാൻ നോക്കിയാല്‍ 140 സീറ്റിലും ആളെണ്ണം തികയ്ക്കേണ്ടി വരും. അത്രയും പേരെ സംഘടിപ്പിച്ച്‌ സ്ഥാനാർത്ഥിയാക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും ട്വന്റി20യും ബിഡിജെഎസും മാത്രം ഘടകകക്ഷിയായുള്ള ബിജെപി ഇത്തവണ ഇതുവരെ കാണാത്ത വിധത്തില്‍ വളരെ ഉദാരമായി കൂട്ടാളികള്‍ക്ക് സീറ്റ് നല്‍കിയിരിക്കുകയാണ്. ഇത്, വിജയിക്കാൻ എന്തെങ്കിലും സാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് മാത്രം ആളും അർത്ഥവും തിരിച്ചുവച്ച്‌, ഘടകകക്ഷികള്‍ക്ക് വലിയ സൗകര്യം ചെയ്തുനല്‍കിയെന്ന ലിബറല്‍ യുക്തികളെ കരുപിടിപ്പിച്ച്‌ നേട്ടം കൊയ്യാനുള്ള പരിശ്രമമാണ് എന്നുറപ്പ്.

140 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചാരണക്കാഴ്ച കാവി നിറം മങ്ങിപ്പോകുന്ന തെരഞ്ഞെടുപ്പാണോ ഇത്തവണത്തേത് എന്ന് പ്രേക്ഷകരെ സംശയിപ്പിക്കും. സതീശൻ ഈ സംശയവും സ്വന്തം രാഷ്ട്രീയ യുക്തികളും ചേർത്തുവെച്ചാണ് ഡീല്‍ ആരോപണം ഉയർത്തിയതെന്ന് മനസ്സിലാക്കാം. പക്ഷേ, ഘടകകക്ഷികളെ മുഴുവൻ കാവിയില്‍ മുക്കിക്കൊല്ലുന്ന തെരഞ്ഞെടുപ്പുകള്‍ ബിഹാറിലും മഹാരാഷ്ട്രയിലും ആസാമിലും കാശ്മീരിലും വരെ കണ്ടിട്ടുള്ളത് കൊണ്ട് ഇത് അത്തരം ഒരു തെരഞ്ഞെടുപ്പ് കൂടിയാണോ എന്ന സംശയം ആദ്യ സംശയത്തെ മറികടക്കും.

വികസിത ബൂർഷ്വാ ജനാധിപത്യം ലോകത്ത് എല്ലായിടത്തും മിക്കവാറും രണ്ട് പാർട്ടികളെ മാത്രം അക്കോമഡേറ്റ് ചെയ്യുന്ന സ്വഭാവത്തിലായിരിക്കും. പ്രമുഖ ഫ്രഞ്ച് സോഷ്യോളജിസ്റ്റും ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന മോറിസ് ഡുവർജർ ഇത് വിശദമാക്കിയിട്ടുണ്ട്. ഒരു പ്രതിനിധിയെ മാത്രം തിരഞ്ഞെടുക്കാവുന്ന ഫസ്റ്റ്-പാസ്റ്റ്-ദ-പോസ്റ്റ് തെരഞ്ഞെടുപ്പുകള്‍ അമേരിക്കയിലും ബ്രിട്ടനിലും ഇത്തരം ഒരു സംവിധാനം രൂപപ്പെടുത്തിയത് നമുക്ക് കാണാം. ഇന്ത്യയില്‍ ബൂർഷ്വാ ജനാധിപത്യത്തിന്റെ വികസിതരൂപം സാധ്യമായിട്ടില്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ ബംഗാളിലും കേരളത്തിലും ഒരു ബൈപോളാർ മത്സരം രൂപപ്പെടുത്തുന്നുണ്ട്. ജാതി-മത-രാഷ്ട്രീയ സ്വഭാവങ്ങളുടെ ആ ഇരുധ്രുവപ്പിളർപ്പ് മൂന്നാമതൊരു രാഷ്ട്രീയ കക്ഷിയെ അകറ്റിനിർത്തുന്ന നിലയിലാണ്.

 മോറിസ് ഡുവർജർ | PHOTO : WIKI COMMONS
ഈ സാഹചര്യം ബംഗാളില്‍ സിപിഐഎമ്മിന് അവസരം നല്‍കാത്തപ്പോള്‍, കേരളത്തില്‍ ബിജെപിക്ക് ഒരു സാധ്യതയും നല്‍കാത്ത നിലയില്‍ പ്രവർത്തിക്കുന്നു. ബംഗാളും കേരളവും തമ്മിലുള്ള വ്യത്യാസം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും പരസ്പരം ഇടം നല്‍കി നിലവിലെ സിസ്റ്റത്തെ സംരക്ഷിച്ചുകൊണ്ട് കാർട്ടല്‍ പാർട്ടികളായി തുടരുമ്ബോള്‍, കേരളത്തില്‍ ജനതയൊന്നാകെ മതനിരപേക്ഷ സാഹചര്യത്തെ നിലനിർത്തണമെന്ന ഉറച്ച ബോധ്യത്തോടെ സ്ട്രാറ്റജിക് വോട്ടിംഗ് നടത്തുന്നതായി വേണം മനസ്സിലാക്കാൻ. ബംഗാളില്‍ 2011ല്‍ അധികാരഭ്രഷ്ടമാക്കപ്പെട്ട സിപിഐഎമ്മിന് തിരിച്ചുവരാൻ കഴിയാത്തത് ഭരണപക്ഷ പ്രതിപക്ഷ പാർട്ടികളുടെ ശേഷി കൊണ്ടാണെങ്കില്‍, ആയിരക്കണക്കിന് ശാഖകള്‍ നടത്തിയിട്ടും അധികാരത്തിലേക്ക് ഒളിച്ചുകടക്കാൻ കഴിയാത്തത് മതനിരപേക്ഷമായ ജനകീയ ശേഷി ഒന്നുകൊണ്ട് മാത്രമാണ്.

സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ എപ്പോഴെങ്കിലും കാർട്ടല്‍ പാർട്ടികളായി പ്രവർത്തിക്കേണ്ടി വരുന്നുണ്ടെങ്കില്‍, അത് ഈ സ്ട്രാറ്റജിക് വോട്ടിംഗ് കൂടുതല്‍ ശക്തമായി സാധ്യമാക്കേണ്ടിവരുന്ന മഞ്ചേശ്വരം, പാലക്കാട്, നേമം മണ്ഡലങ്ങളിലാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ഒരിക്കല്‍ പോലും എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ സംശയിക്കാവുന്ന വഞ്ചനാനില കൈവന്നിട്ടില്ല. കേരളത്തിലെ ചില മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാൻ താല്പര്യമുള്ള സ്ഥാനാർത്ഥികളെ അണിനിരത്താൻ കഴിയാതെ ഈ രണ്ടു മുന്നണികളില്‍ ഏതെങ്കിലും ഒന്നിന് സാഹചര്യം മനസ്സിലാക്കി പെരുമാറേണ്ടിവരുന്നത് ഇതുകൊണ്ട് കൂടിയാണ്.

ബിജെപിക്ക് മുമ്ബിലുള്ള ഈ ബൈപോളാർ പ്രതിസന്ധി മറികടക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതില്‍, ഇതു മറികടക്കാനുള്ള സ്ട്രാറ്റജിക്കലായ മറ്റൊരു ഉദ്ദേശലക്ഷ്യവുമുണ്ട്. ബിഡിജെഎസ്, ട്വന്റി20 പാർട്ടികളുടെ രൂപീകരണം തന്നെ അതിനുവേണ്ടിയാണെന്ന് മനസ്സിലാക്കണം. രൂപീകരിക്കപ്പെടുമ്ബോള്‍ തന്നെ, അഞ്ചോ പത്തോ വർഷത്തിനുള്ളില്‍ ബിജെപിയില്‍ ലയിക്കാനുള്ള പാർട്ടിയാണ് ബിഡിജെഎസ് എന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. അത് കേരളത്തില്‍ എണ്ണത്തില്‍ പ്രബലമായ ഈഴവ വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള സംഘപരിവാർ പ്രോജക്ടാണ്. ബൈപോളാർ പ്രതിസന്ധി മറികടക്കാൻ വേണ്ടി ബിജെപി കടന്നുകയറാൻ ആഗ്രഹിക്കുന്ന മറ്റൊരു സാഹചര്യം, കേരളീയ മധ്യവർഗത്തിന്റെ നിരാശയാണ്.

 REPRESENTATIVE IMAGE | PHOTO : WIKI COMMONS
കൃഷിയിലോ കച്ചവടത്തിലോ തകർച്ച നേരിട്ട മധ്യവർഗ്ഗം സ്വാഭാവികമായി ചെന്നുചേരേണ്ടത് ഗാട്ട്, ആസിയാൻ കരാറുകളുടെ എതിർവഴികളിലേക്കും, ഇന്ത്യൻ സർക്കാരുകളെ അതില്‍ നിർബന്ധിച്ച്‌ ഒപ്പിടീപ്പിച്ച സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളിലേക്കുമാണ്. പക്ഷേ അത് സംസ്ഥാന സർക്കാരിന്റെ ഗവേണൻസ് തോന്ന്യാസമായും ട്രേഡ് യൂണിയനിസ്റ്റ് നോക്കുകൂലിയായും 'മറ്റവന്മാർ തട്ടിപ്പറിച്ചു കൊണ്ടുപോകുന്നത് കൊണ്ടാ'ണെന്നും വരെ വ്യാഖ്യാനിക്കുന്ന വംശീയവലതുപക്ഷത്തിന്റെ ഒടുക്കത്തെ വിമോചനനീക്കത്തിൻ്റെ രാഷ്ട്രീയരൂപമാണ് ട്വൻ്റി20. അതും മറ്റൊരു സംഘപരിവാർ പ്രോജക്ടാണെന്ന് ഇന്ന് തെളിയുന്നുണ്ട്. അതുകൊണ്ട് ബിജെപി ബിഡിജെഎസിനും ട്വൻറി20ക്കും ഇരുപത്തിരണ്ടും പത്തൊമ്ബതും സീറ്റുകള്‍ നല്‍കുന്നത് അത്തരമൊരു സ്ട്രാറ്റജിയാണെന്ന് തന്നെ മനസ്സിലാക്കണം.

യുഡിഎഫ് നേതൃത്വം സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആരോപണമായി അതിനെ വ്യാഖ്യാനിക്കുന്നതിലൂടെ, ആരാണ് കോണ്‍ഗ്രസിന്റെ ശത്രു എന്ന ക്ലാരിറ്റിക്ക് തിളക്കം കുറയുകയാണ്. പഴയ അവിശുദ്ധ സഖ്യങ്ങള്‍ ഓർമിപ്പിച്ച്‌ സിപിഐഎം ചർച്ച നീട്ടുന്നതിലൂടെ ബിജെപിയുടെ അവസരങ്ങള്‍ക്ക് ശക്തി വർദ്ധിക്കുകയാണ്. ഇന്ന് പല മണ്ഡലങ്ങളിലും വളരെ ജാഗ്രതയോടെ ജനനങ്ങള്‍ സ്വയവും, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ നേതൃത്വത്തിലും നടക്കുന്ന സ്ട്രാറ്റജിക് വോട്ടിംഗ് തന്നെയാണ് സംഘപരിവാരത്തെ അകറ്റിനിർത്താൻ കേരളത്തില്‍ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ബദല്‍. ബിജെപി നയിക്കുന്ന സർക്കാറിനെ രാജ്യാധികാരത്തില്‍ നിന്ന് പുറത്താക്കി ജനാധിപത്യം പുനഃസ്ഥാപിക്കുന്നത് വരെ അത്തരമൊരു അടവു നയം തുടരാൻ, എല്ലാ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുമപ്പുറം, നമ്മള്‍ ജനങ്ങളും നിർബന്ധിതരാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Malabar Journal