
ഉത്തരാധുനിക കാലഘട്ടത്തില്‍ കാഴ്ച്ച എന്നത് കേവലം ഒരു ഇന്ദ്രിയാനുഭവമല്ല; ഒരു രാഷ്ട്രീയ അനുഭവം കൂടിയാണ്. സമകാലിക ലോകത്ത് ദൃശ്യമാധ്യമങ്ങള്‍ മനുഷ്യന്റെ വ്യക്തിപരമായ അഭിരുചികളെ സ്വാധീനിക്കുന്ന ഒന്ന് മാത്രമായി നിലകൊള്ളുന്നില്ല.
വ്യക്തിയുടെ ബോധമണ്ഡലങ്ങളിലെ സ്വാധീനത്തില്‍ നിന്നും പരിണമിച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ തന്നെ ധാർമ്മികബോധത്തെയും രാഷ്ട്രീയ സംസ്കാരത്തെയും നിർമ്മിക്കുകയും അപനിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ഒന്നായി ദൃശ്യസംസ്കാരം വികസിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ ഇതിഹാസങ്ങളുടെ ദൃശ്യവത്കരണത്തെ കേവലം ഇതിഹാസത്തിന്റെ ജനപ്രിയവല്ക്കരണമായോ, സാങ്കേതികവിദ്യയുടെ വികാസമായോ മാത്രം വിലയിരുത്താനാവില്ല. ഇന്ത്യൻ ഇതിഹാസത്തില്‍ സവിശേഷമായ സ്ഥാനം നല്കിപ്പോരുന്ന രാമായണത്തിന്റെ സമകാലിക ദൃശ്യചരിത്രത്തെ, രാഷ്ട്രീയവും സാംസ്കാരികവുമായ നിലകളില്‍ വിലയിരുത്താനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
രാമായണത്തിന്റെ ദൃശ്യ സംസ്കാരം
രാമായണം ഇന്ന് കേവലം വായിക്കപ്പെടുകയോ പാരായണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു ഇതിഹാസമല്ല. അത് അമർചിത്രകഥയുടെ സചിത്രകഥനങ്ങളിലൂടെയും, ദൂരദർശനിലെ രാമാനന്ദ് സാഗറിന്റെ രാമായണ പരമ്പരയിലൂടെയും, രാഷ്ട്രീയ റാലികളിലെ രാമചിത്രങ്ങളിലൂടെയും, ക്ഷേത്രനിർമ്മാണത്തിന്റെ മാധ്യമാഘോഷങ്ങളിലൂടെയും, സമകാലിക സിനിമകളുടെ ദൃശ്യാനുഭവങ്ങളിലൂടെയും നമ്മുടെ ദൈനംദിന ജീവിതത്തില്‍ കാണപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്ന ഒരു സാംസ്കാരിക വ്യവഹാരമാണ്. മാധ്യമങ്ങള്‍ രാമായണത്തെ അവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; രാമായണത്തെ എങ്ങനെ കാണണം, രാമനെ എങ്ങനെ തിരിച്ചറിയണം, രാമന്റെ ധാർമ്മികസ്ഥാനം എന്താണ്, രാവണൻ ആരാണ്, ധർമ്മാധർമ്മങ്ങള്‍ എന്ത് എന്നിങ്ങനെയുള്ള അർത്ഥനിർമ്മിതികളിലും അവർ നേരിട്ട് തന്നെ പങ്കാളികളാകുന്നു. മാധ്യമങ്ങളുടെ ഈ സ്വാധീന ശക്തിയെ സമർത്ഥമായി ഉപയോഗിച്ചുകൊണ്ട് രാമായണത്തിന്റെ ദൃശ്യ സംസ്കാരത്തെ ഏകശിലാത്മകമായി നിർമ്മിച്ചെടുക്കുന്നതിന്നാണ് ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
സംഘപരിവാർ പ്രത്യയശാസ്ത്രം രാമായണങ്ങളോട് ചെയ്തത്
സംഘപരിവാർ പ്രത്യയശാസ്ത്രം രാമനെ രാഷ്ട്രീയവത്കരിച്ചത് ബഹുസ്വരമായ രാമായണങ്ങളെ പിഴുതുമാറ്റികൊണ്ട്, ഒരൊറ്റ രാമായണത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതുവഴി നാം ചരിത്രപരമായി കൈമാറിയ രാമായണത്തിന്റെ ബഹുസ്വര ആഖ്യാനങ്ങളെ, ബ്രഹത് ആഖ്യാനത്താല്‍ റദ്ദ് ചെയ്തുകൊണ്ടാണ്. ചരിത്രപരമായി രാമന് ഒരേയൊരു രൂപമോ രാമായണത്തിന് ഒരേയൊരു പാഠമോ ഉണ്ടായിരുന്നില്ല. വ്യത്യസ്ത ഭാഷകളിലും മതപാരമ്പര്യങ്ങളിലും സമുദായ-സാമൂഹിക സാഹചര്യങ്ങളിലും രൂപപ്പെട്ട അനേകം രാമായണങ്ങള്‍ ഇന്ത്യൻ സാംസ്കാരികചരിത്രത്തിന്റെ ഭാഗമാണ്. വാത്മീകി രാമായണം, ബൗദ്ധ ദശരഥജാതകം, ജൈന പൗമചരിയം, കമ്പരാമായണം, കൃത്തിവാസ രാമായണം, തുളസീദാസിന്റെ രാമചരിതമാനസം, എഴുത്തച്ഛന്റെ അധ്യാത്മരാമായണം, മാപ്പിള രാമായണം എന്നിവയെല്ലാം വ്യത്യസ്തമായ സാംസ്കാരിക സാഹചര്യങ്ങളില്‍ രൂപപ്പെട്ട രാമകഥകളാണ്. ഈ പാഠങ്ങളില്‍ രാമന്റെ സ്വഭാവവും സീതയുടെ സ്ഥാനവും രാവണന്റെ പ്രതിനിധാനവും ധാർമ്മികതയുടെ നിർവചനങ്ങളും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ബൗദ്ധ ദശരഥജാതകത്തിലെ രാമകഥ വാല്മീകി പാരമ്പര്യത്തില്‍നിന്ന് വ്യത്യസ്തമായ കുടുംബബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ജൈന പൗമചരിയം രാമകഥയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ജൈന ധാർമ്മികതയുടെ അടിസ്ഥാനത്തില്‍ പുനർവ്യാഖ്യാനിക്കുന്നു. ദേശഭാഷാ രാമായണങ്ങള്‍ തങ്ങളുടെ സാമൂഹിക-ഭാഷാപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ അർത്ഥങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ബഹുത്വം സാഹിത്യപരമായ വൈവിധ്യം മാത്രമല്ല. ഒരു സമൂഹത്തിന് തങ്ങളുടെ അനുഭവങ്ങളിലൂടെ ഇതിഹാസത്തെ വ്യാഖ്യാനിക്കാനുള്ള അവകാശം കൂടിയാണ്. വ്യത്യസ്ത സമൂഹങ്ങള്‍ ഒരേ കഥയെ വ്യത്യസ്തമായി വായിക്കുകയും അതിലൂടെ സ്വന്തം സാമൂഹികജീവിതത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന തുറവി ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് അനേകം രാമയണങ്ങള്‍.
എ.കെ. രാമാനുജന്റെ Hundred Ramayanas: Five Examples and Three Thoughts on Translation എന്ന പ്രബന്ധം രാമയണത്തിന്റെ ബഹുത്വത്തെക്കുറിച്ചുള്ള നിർണായകമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. വൈവിധ്യങ്ങളായ രാമായണങ്ങളെ ഒരു മൂലപാഠത്തിന്റെ അപൂർണമായ പകർപ്പുകളായി രാമാനുജൻ കാണുന്നില്ല. ഓരോ രാമായണവും ഒരു പ്രത്യേക സമൂഹത്തിന്റെ സാംസ്കാരിക അനുഭവങ്ങളിലൂടെ രൂപപ്പെട്ട സ്വതന്ത്രമായ പറച്ചിലുകളായാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അതായത് രാമായണത്തിന് ഒരു കേന്ദ്രപാഠവും അതിന്റെ ചുറ്റും നില്ക്കുന്ന ഉപപാഠങ്ങളുമെന്ന ശ്രേണീക്രമം സ്ഥാപിക്കുന്നത് ചരിത്രപരമായും സൈദ്ധാന്തികമായും പ്രശ്നമാണ്. ഒരു പ്രത്യേക രാമായണ പാഠത്തെ മാത്രം യഥാർത്ഥമെന്നും മറ്റുള്ളവ അതിന്റെ വ്യതിയാനങ്ങളാണെന്നും പ്രഖ്യാപിക്കുമ്പോള്‍ ആഖ്യാനത്തിന്റെ അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. ഇതാണ് ഏകപാഠത്തിന്റെ പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയപ്രശ്നം. അങ്ങനെയാകുമ്പോള്‍ പാഠത്തിന്റെ ആധികാരികത നിർണയിക്കാനുള്ള അധികാരം ഒരു പ്രത്യേക മതസ്ഥാപനത്തിനോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനോ കൈമാറപ്പെടുന്നു.
എ.കെ. രാമാനുജൻ | PHOTO : WIKI COMMONS
രാമായണത്തിന്റെ ഏകപാഠരൂപീകരണത്തിന്റെ അപകടം ഒരു രാമായണത്തെ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമായി വിലയിരുത്തുന്നതില്‍ മാത്രമല്ല. വ്യത്യസ്ത സമൂഹങ്ങളുടെ വ്യാഖ്യാനാവകാശം തന്നെ പരിമിതപ്പെടുത്തുന്നതിലാണ്. രാമായണത്തിന്റെ ബഹുത്വത്തെ അംഗീകരിക്കുക എന്നത് അതിലെ എല്ലാ പാഠങ്ങളെയും വിമർശനാതീതമാക്കുക എന്നതല്ല. അവയില്‍ നിലനില്‍ക്കുന്ന ജാതീയവും പുരുഷാധിപത്യപരവുമായ അധികാരബന്ധങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ വിമർശനത്തിനുള്ള അവകാശം ഒരൊറ്റ അധികാരകേന്ദ്രത്തില്‍ നിക്ഷിപ്തമാക്കാൻ പാടില്ല. ഈ നിലയില്‍ രാമായണത്തിന്റെ ബഹുത്വം ഒരു സാഹിത്യപ്രശ്നം മാത്രമല്ല; സാംസ്കാരിക ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രശ്നമാണ്.
ഇതിഹാസത്തിന്റെ ജനപ്രിയ വിപണിയും ദേശീയതയുടെ രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മുൻപെന്നതിനേക്കാളും ഇന്ന് സുദൃഢമാണ്. ഇന്ന് രാമസങ്കല്‍പ്പം ഒരു മതവിശ്വാസത്തിന്റെ പ്രതിനിധാനം എന്നതിലുപരി പ്രത്യേകമായൊരു ദേശീയതാബോധത്തിന്റെ പ്രതീകവ്യവസ്ഥയാണ്. ആ വ്യവസ്ഥയില്‍ രാമൻ ദൈവവും മാതൃകാപുരുഷനും മാതൃകാഭരണാധികാരിയും ദേശീയ ഐക്യത്തിന്റെ പ്രതീകവും സാംസ്കാരിക അധികാരത്തിന്റെ അടയാളവും അതോടൊപ്പം രാഷ്ട്രീയമായി നിർവചിക്കപ്പെടുന്ന ശത്രുവിനെതിരായ ഭൂരിപക്ഷ സ്വത്വത്തിന്റെ പ്രതിനിധിയുമാണ്.
ദൃശ്യം: പ്രത്യയശാസ്ത്ര നിർമ്മിതി
ദൃശ്യങ്ങള്‍ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു എന്ന പരമ്പരാഗത ധാരണയെക്കാള്‍ പ്രധാനമാണ് ദൃശ്യങ്ങള്‍ യാഥാർത്ഥ്യത്തെ നിർമ്മിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നുവെന്ന തിരിച്ചറിവ്. ഒരു ചിത്രമോ സിനിമയോ ടെലിവിഷൻ പരമ്പരയോ എന്തെങ്കിലും അവതരിപ്പിക്കുമ്പോള്‍ അത് ഒരേസമയം ചിലതിനെ തിരഞ്ഞെടുക്കുകയും ചിലതിനെ ഒഴിവാക്കുകയും ചെയ്യുന്നു. ക്യാമറ എവിടെ നില്‍ക്കണം, ഏത് കഥാപാത്രത്തിന് കൂടുതല്‍ ദൃശ്യപ്രാധാന്യം നല്‍കണം, ആരുടെ മുഖത്താണ് വെളിച്ചം പതിയേണ്ടത്, ആരുടെ ശരീരമാണ് ഭീതിയുടെയോ മഹത്വത്തിന്റെയോ പ്രതീകമാകേണ്ടത്, ഏത് സംഭവമാണ് ആവർത്തിക്കപ്പെടേണ്ടത് തുടങ്ങിയ തീരുമാനങ്ങള്‍ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ നിർണയിക്കുന്നു. അതിനാല്‍ തന്നെ പ്രതിനിധാനം എന്നത് നിലവിലുള്ള അർത്ഥങ്ങളെ പകർത്തിവെക്കലല്ല; ഭാഷയിലൂടെയും ചിത്രങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും അർത്ഥം നിർമ്മിക്കുന്ന പ്രവർത്തനമാണ് എന്ന് സ്റ്റുവർട്ട് ഹാള്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിന്റെ ദൃശ്യരൂപം അയാളുടെ സ്വാഭാവികമായ രൂപമല്ല. സാംസ്കാരികമായി നിർമ്മിക്കപ്പെട്ട ഒരു അർത്ഥവ്യവസ്ഥയുടെ ഭാഗമാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ദൃശ്യത്തിന്റെ പ്രത്യയശാസ്ത്ര നിർമ്മിതി പരിശോധിക്കാനായി അമർചിത്രകഥകളിലുള്ള രാമന്റെ ദൃശ്യപ്രതിനിധാനത്തെ ഉദാഹരണമായി എടുക്കാം. നീലനിറമുള്ള ശരീരം, രാജകീയ വേഷം, കിരീടം, വില്ല്, ശാന്തമായ മുഖഭാവം തുടങ്ങിയവ ചേർന്ന് ഒരു പ്രത്യേക രാമരൂപം നിർമ്മിക്കുന്നു. ഈ രൂപം ഒരു പ്രത്യേക മതപരവും കലാപരവുമായ പാരമ്പര്യത്തിന്റെ സൃഷ്ടിയാണ്. അത് നിരന്തരമായി ആവർത്തിക്കപ്പെടുമ്പോള്‍ പ്രസ്തുത രാമരൂപത്തിന്റെ ചരിത്രപരമായ നിർമ്മിതിസ്വഭാവം മറഞ്ഞുപോകുകയും, രാമന്റെ സ്വാഭാവികമായ രൂപം എന്ന നിലയില്‍ അത് അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ചരിത്രപരമായി നിർമ്മിക്കപ്പെട്ട ഒരു ആശയത്തെ സ്വാഭാവികവും ശാശ്വതവുമായ സത്യമായി അവതരിപ്പിക്കുന്നതാണ് മിത്തിന്റെ പ്രത്യയശാസ്ത്രപരമായ പ്രവർത്തനം എന്ന് റൊളാങ് ബാർത്ത് വിശദീകരിക്കുന്നുണ്ട്. ഒരു പ്രത്യേക രാമരൂപത്തെ ശാശ്വതമായ ദേശീയസത്യമായി അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതുതന്നെയാണ്. അതിന്റെ പിന്നിലുള്ള സാമൂഹിക-ചരിത്രപരമായ തിരഞ്ഞെടുപ്പുകള്‍ അപ്രത്യക്ഷമാകുകയും നിർമ്മിതമായ അർത്ഥം പ്രകൃതിദത്തമായ ഒന്നായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരു പ്രത്യേക ലോകവീക്ഷണം പൊതുസമൂഹത്തിന്റെ സ്വാഭാവികബോധമായി അംഗീകരിക്കപ്പെടുമ്പോഴാണ് സാംസ്കാരിക മേധാവിത്വം രൂപപ്പെടുന്നത്.
ഈ അർത്ഥത്തില്‍ ദൃശ്യങ്ങള്‍ അധികാരത്തിന്റെ അലങ്കാരങ്ങളല്ല; അധികാരം പ്രവർത്തിക്കുന്ന സാംസ്കാരിക ഉപാധികളാണ്. അവ രാഷ്ട്രീയത്തെ നേരിട്ട് നിർദ്ദേശിക്കണമെന്നില്ല. എന്നാല്‍ ചില രാഷ്ട്രീയ ആശയങ്ങളെ പരിചിതവും സ്വീകാര്യവും വിശ്വസനീയവുമാക്കുന്നു. ഇതിഹാസങ്ങളുടെ ദൃശ്യവല്‍ക്കരണത്തില്‍ ഈ പ്രവർത്തനം കൂടുതല്‍ സങ്കീർണമാണ്. കാരണം, ദൃശ്യങ്ങള്‍ മതവിശ്വാസം, സാംസ്കാരിക ഓർമ്മ, കുടുംബപരമായ പാരമ്പര്യം, ബാല്യകാല അനുഭവം എന്നിവയുമായി ബന്ധപ്പെടുന്നു. അതിനാല്‍ രാമായണത്തിന്റെ ദൃശ്യചരിത്രം പരിശോധിക്കുമ്പോള്‍ ചോദിക്കേണ്ടത് എന്താണ് കാണിക്കുന്നത് എന്നതുമാത്രമല്ല; ആ കാഴ്ച എന്തുതരം അറിവാണ് നിർമ്മിക്കുന്നത്, എന്തുതരം ധാർമ്മികതയാണ് സ്വാഭാവികമാക്കുന്നത്, എന്തുതരം അധികാരബന്ധങ്ങളെയാണ് അംഗീകരിപ്പിക്കുന്നത് എന്നതുകൂടിയാണ്.
ടെലിവിഷൻ രാമായണം: സ്വകാര്യഭക്തിയുടെ ദേശീയ ദൃശ്യാനുഭവം
1987-88 കാലത്ത് ദൂരദർശനില്‍ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ ഇന്ത്യൻ ദൃശ്യസംസ്കാരത്തിലെ നിർണായകമായ വഴിത്തിരിവാണ്. അതുവരെ അച്ചടിയിലൂടെയും ചിത്രകഥകളിലൂടെയും പ്രചരിച്ചിരുന്ന രാമകഥ ഒരു ദേശീയ ടെലിവിഷൻ അനുഭവമായി മാറി എന്നതിലൂടെ അതുവരെ വ്യത്യസ്ത പാഠരൂപങ്ങളില്‍, വ്യത്യസ്ത പ്രദേശങ്ങളിലും വ്യത്യസ്ത സമയങ്ങളിലും അനുഭവിക്കപ്പെട്ടിരുന്ന രാമകഥ, ഒരു പൊതുസമയക്രമത്തില് ഒരു പൊതു രൂപത്തില്‍ രാജ്യത്തിന്റെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തി. ടെലിവിഷൻ സ്വീകരണമുറികള്‍ അങ്ങനെ രാമായണം എന്ന പൊതുദൃശ്യാനുഭവത്തിന്റെ ഇടങ്ങളായി മാറി.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഫിലിപ്പ് ലട്ട്ഗൻഡോർഫിന്റെ ടെലിവിഷൻ രാമായണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഈ സ്വീകരണത്തിന്റെ സാംസ്കാരിക-മതപരമായ മാനങ്ങള്‍ പരിശോധിക്കുന്നുണ്ട്. പരമ്പര സംപ്രേഷണം ചെയ്തിരുന്ന സമയത്ത് ടെലിവിഷന്‍ മുന്നില്‍ പ്രാർത്ഥിക്കുകയും പൂജ നടത്തുകയും ചെയ്ത പ്രേക്ഷകരുണ്ടായിരുന്നു. രാമനെ അവതരിപ്പിച്ച അഭിനേതാക്കള്‍ക്ക് ദൈവികമായ ആദരവ് ലഭിച്ചതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ 'ദൃശ്യഭക്തി' (Visual Devotion) എന്ന് വിശേഷിപ്പിക്കാം. പരമ്പരാഗത ഭക്തിയില്‍ ക്ഷേത്രം, വിഗ്രഹം, പാരായണം, ആചാരം തുടങ്ങിയവ ദൈവികസാന്നിധ്യത്തിന്റെ പ്രധാന ഉപാധികളായിരുന്നെങ്കില് ടെലിവിഷൻ കാലത്ത് ദൈവത്തിന്റെ ദൃശ്യസാന്നിധ്യം ഭക്തിയുടെ പ്രകാശനത്തിനുള്ള ഉപാധിയായി മാറി. ഇത്തരത്തില്‍ ടെലിവിഷൻ സ്ക്രീൻ ഒരു വിനോദോപാധി മാത്രമല്ലാതായി. ഭക്തിയുടെയും കൂട്ടായ ഓർമ്മയുടെയും സാമൂഹിക അനുഭവത്തിന്റെയും ഇടമായി മാറി.
അരവിന്ദ് രാജഗോപാല്‍ തന്റെ Politics After Television: Hindu Nationalism and the Reshaping of the Public in India എന്ന പ്രബന്ധത്തിലൂടെ ഇന്ത്യയിലെ പൊതുമണ്ഡല പുനർനിർമ്മിതിയും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. പ്രസ്തുത പഠനത്തില്‍ ടെലിവിഷൻ സംസ്കാരം, ഉപഭോക്തൃവിപണി, ഹിന്ദുത്വ രാഷ്ട്രീയം എന്നിവ തമ്മിലുള്ള സങ്കീർണബന്ധം പരിശോധിക്കുന്നുണ്ട്. ടെലിവിഷൻ പുതിയൊരു പൊതുമണ്ഡലം സൃഷ്ടിക്കുകയും രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പുതിയ സാംസ്കാരിക സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തുവെന്നും രാമായണ പരമ്പര നേരിട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണായുധമായി മാറിയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
പ്രാദേശിക രാമലീലകളിലും വാമൊഴിപ്പാരമ്പര്യങ്ങളിലും കഥക്ക് നിരവധി അവതരണസാധ്യതകളുണ്ട്. കഥാപാത്രങ്ങളുടെ വേഷവും സംഭാഷണവും അവതരണരീതിയും പ്രദേശങ്ങള്‍ക്കനുസരിച്ച് മാറുന്നു. എന്നാല്‍ ടെലിവിഷൻ പരമ്പരയില്‍ ഒരു നിശ്ചിത ദൃശ്യരൂപവും അഭിനേതാവിന്റെ ശരീരവും വേഷവും സംഭാഷണവും പ്രേക്ഷകന്റെ ഓർമ്മയില്‍ സ്ഥിരപ്പെടുന്നു. ഇതിനെ 'ദൃശ്യത്തിന്റെ മാനദണ്ഡവല്‍ക്കരണം' (Visual Standardisation) എന്നു വിളിക്കാം. ഒരു കഥാപാത്രത്തിന്റെ പ്രത്യേക രൂപം ആവർത്തിച്ചുള്ള പ്രചാരണത്തിലൂടെ അതിന്റെ സ്വാഭാവികവും ആധികാരികവുമായ രൂപമായി അംഗീകരിക്കപ്പെടുന്ന പ്രക്രിയയായി തീരുന്നു. അങ്ങനെ ടെലിവിഷൻ രാമനെ വീടുകളിലെത്തിക്കുക മാത്രമല്ല ചെയ്തത്; രാമനെ സങ്കല്‍പ്പിക്കാനുള്ള ഒരു പൊതുമാതൃകയും നിർമ്മിച്ചു. ഒരു പ്രത്യേക രാമായണ പാഠം രാജ്യവ്യാപകമായി ആവർത്തിച്ച് കാണപ്പെടുമ്പോള്‍ അതിന് പൊതുസാംസ്കാരികമായ പ്രാമാണികത ലഭിച്ചു. ഈ പൊതുമാതൃക പിന്നീട് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ദൃശ്യഭാഷയുമായി ഇടപഴകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഉണ്ടായത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
രഥയാത്ര മുതല്‍ അയോധ്യ വരെ-ദൃശ്യത്തിന്റെ യാത്ര
1980 കളുടെ അവസാനവും 1990 കളുടെ തുടക്കവും രാമായണത്തിന്റെ ദൃശ്യചരിത്രം നേരിട്ട് രാഷ്ട്രീയചരിത്രവുമായി ബന്ധപ്പെടുന്ന കാലമാണ്. 1989-ലെ പാലംപുർ പ്രമേയത്തിലൂടെ ബിജെപി രാമജന്മഭൂമി വിഷയത്തെ രാഷ്ട്രീയമായി ഏറ്റെടുത്തു. 1990-ലെ എല്‍.കെ. അദ്വാനിയുടെ സോമനാഥ്-അയോധ്യ രഥയാത്ര ഈ ആവശ്യത്തെ രാജ്യവ്യാപകമായ രാഷ്ട്രീയ ദൃശ്യസംഭവമാക്കി മാറ്റി.
രഥം ഇവിടെ ഒരു യാത്രാവാഹനം മാത്രമായിരുന്നില്ല. മതചിഹ്നങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും പൊതുപ്രകടനങ്ങളും ദേശീയ സഞ്ചാരവും ഒരുമിപ്പിച്ച സഞ്ചരിക്കുന്ന ദൃശ്യവേദിയായിരുന്നു. രാമന്റെ സാന്നിധ്യം ഒരു മതപരമായ ആഖ്യാനത്തില്‍നിന്ന് രാഷ്ട്രീയ റാലികളുടെയും പൊതുസമ്മേളനങ്ങളുടെയും തെരുവുകളുടെയും ദൃശ്യഭാഷയിലേക്ക് വ്യാപിപ്പിക്കുകയാണ് ഉണ്ടായത്.
അയോധ്യ ഒരു ഭൂമിശാസ്ത്രപരമായ സ്ഥലം എന്നതില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ പ്രതീകാത്മക കേന്ദ്രമായി ഉയർത്തപ്പെട്ടു. ക്ഷേത്രം, ഭൂമി, ചരിത്രം, മതം, ദേശീയത എന്നിവ ഒരേ രാഷ്ട്രീയ ആഖ്യാനത്തിന്റെ ഭാഗങ്ങളായി പുനഃക്രമീകരിക്കപ്പെട്ടു. ഒരു മതപാരമ്പര്യത്തിന്റെ വിശുദ്ധസ്ഥലത്തെ രാജ്യത്തിന്റെ സാംസ്കാരിക ആധികാരികതയുടെ കേന്ദ്രമായി മാറ്റി. അതിലൂടെ 1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർത്തു. 2019 നവംബർ 9-ലെ സുപ്രീംകോടതി വിധി തർക്കഭൂമി ക്ഷേത്രനിർമ്മാണത്തിനായി ട്രസ്റ്റിന് കൈമാറുകയും മുസ്ലിം വിഭാഗത്തിന് പള്ളിനിർമ്മാണത്തിനായി മറ്റൊരിടത്ത് അഞ്ച് ഏക്കർ ഭൂമി അനുവദിക്കുകയും ചെയ്തു. അതേസമയം മസ്ജിദ് തകർത്തത് നിയമവിരുദ്ധമായിരുന്നുവെന്നും 1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് നിയമവിരുദ്ധമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2024 ജനുവരിയിലെ അയോധ്യാ ക്ഷേത്രപ്രതിഷ്ഠ ഈ രാഷ്ട്രീയ-ദൃശ്യചരിത്രത്തെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടുപോയി. ക്ഷേത്രപ്രതിഷ്ഠ മതപരമായ ചടങ്ങ് എന്നതിലുപരി ദേശീയ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രക്ഷേപണം ചെയ്യപ്പെട്ട ദൃശ്യസംഭവമായി മാറി. രാഷ്ട്രീയ നേതൃത്വത്തിന്റെ സാന്നിധ്യവും ഭരണകൂടത്തിന്റെ പങ്കാളിത്തവും മാധ്യമങ്ങളുടെ തത്സമയ ദൃശ്യാവിഷ്കാരവും ചേർന്ന് ക്ഷേത്രത്തെ ദേശീയ സ്വത്വത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഒരു മതപരമായ ചടങ്ങ് രാജ്യവ്യാപകമായ ദൃശ്യാനുഭവമായി മാറുമ്പോള്‍ അത് പങ്കാളിത്തത്തിന്റെയും വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും അനുഭവം സൃഷ്ടിക്കുന്നു. എന്നാല്‍ അതോടൊപ്പം ഒരു പ്രത്യേക മതപരമായ അനുഭവം ദേശീയതയുടെ സ്വാഭാവിക രൂപമായി അവതരിപ്പിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഒരു മതാചാരത്തിന് പൊതുമണ്ഡലത്തില്‍ ഇടമുണ്ടോ എന്നതല്ല. മറിച്ച്, ഒരു മതാചാരത്തിന്റെ ദൃശ്യപ്രതിനിധാനം എങ്ങനെയാണ് രാഷ്ട്രത്തിന്റെ ഔദ്യോഗികവും പൊതുവുമായ സ്വത്വത്തിന്റെ പ്രതിനിധാനമായി മാറുന്നത് എന്നതാണ്.
സിനിമ: ഇതിഹാസത്തിന്റെ വിപണിവല്‍ക്കരണവും ദൃശ്യപ്രാമാണികതയും
അമർചിത്രകഥ രാമനെ ചിത്രമാക്കി; ടെലിവിഷൻ അദ്ദേഹത്തെ ദേശീയ പൊതുകാഴ്ചയാക്കി; സിനിമ അദ്ദേഹത്തെ സാങ്കേതികമായി പുനർനിർമ്മിക്കാവുന്ന മഹാവിസ്മയമായും വിപണിയുടെ പ്രധാനപ്പെട്ട ദൃശ്യവസ്തുവായും മാറ്റുന്നു.
സിനിമയുടെ പ്രത്യേകത അതിന്റെ ദൃശ്യവ്യാപ്തിയിലും സാങ്കേതിക സാധ്യതകളിലുമാണ്. അഭിനേതാക്കളുടെ ശരീരങ്ങള്‍, ക്യാമറയുടെ സ്ഥാനനിർണയം, വെളിച്ചം, സംഗീതം, വസ്ത്രാലങ്കാരം, ഗ്രാഫിക്സ്, വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിവ ചേർന്ന് ഒരു വിശ്വാസലോകത്തെ അതീവ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാൻ അതിന് കഴിയും. അതിനാല്‍ തന്നെ രാമായണ ചലചിത്രങ്ങള്‍ രാമനെ ഒരു ആഖ്യാനകഥാപാത്രം എന്നിടത്തു നിന്നും അനുഭവിക്കപ്പെടുന്ന ഒരു ദൃശ്യസംഭവമായി മാറ്റുന്നു. പ്രേക്ഷകൻ രാമനെക്കുറിച്ച് വായിക്കുന്നതിനപ്പുറം അദ്ദേഹത്തെ കാണുകയും അയോധ്യയെയും ലങ്കയെയും യുദ്ധങ്ങളെയും ദൈവികതയെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ അനുഭവിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൈവികതയെ കൂടുതല്‍ ദൃശ്യവും അനുഭവവേദ്യവും യാഥാർത്ഥ്യസമാനവുമാകുന്നു.
എന്നാല്‍, സാങ്കേതിക മികവ് ഒരു ചരിത്രപരമായ അവകാശവാദത്തിന്റെ തെളിവല്ല. ദൃശ്യത്തിന്റെ യാഥാർത്ഥ്യസമാനത അതിന്റെ ഉള്ളടക്കത്തിന്റെ ചരിത്രപരമായ ആധികാരികതയുമായി തുല്യമല്ല. എന്നിട്ടും സിനിമയുടെ സാങ്കേതിക മികവ് പലപ്പോഴും കഥയുടെ സത്യസന്ധതയായി അനുഭവപ്പെടുന്നു. ഇതിഹാസങ്ങള്‍ മതപരമായ ഓർമ്മകളുടെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ വലിയ പ്രേക്ഷകസമൂഹത്തെ ആകർഷിക്കാൻ കഴിയുന്ന ജനപ്രിയ ഉള്ളടക്കങ്ങളുമാണ്. രാമായണം പോലുള്ള ഇതിഹാസങ്ങള്‍ക്ക് ഇതിനായി പ്രത്യേകമായ വിപണിമൂല്യമുണ്ട്. തലമുറകളായി പരിചിതമായ കഥ, മതപരമായ വൈകാരികബന്ധം, ദേശീയമായ സാംസ്കാരിക ഓർമ്മ, താരങ്ങളുടെ ജനപ്രീതി, സാങ്കേതിക വിസ്മയം എന്നിവ ചേർന്ന് വലിയ വിപണിസാധ്യത സൃഷ്ടിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇവിടെ ഇതിഹാസം ഒരു സാംസ്കാരിക ഉല്‍പ്പന്നമായി മാറുന്നു. അതിന്റെ ദൃശ്യാവിഷ്കാരം തിയേറ്ററുകളിലും ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നു. ഒരു സിനിമയുടെ വിപണിജീവിതം റിലീസില്‍ അവസാനിക്കുന്നില്ല; ട്രെയിലറുകള്‍, പോസ്റ്ററുകള്‍, അഭിമുഖങ്ങള്‍, പ്രചാരണപരിപാടികള്‍, മീമുകള്‍, ആരാധകസംഘങ്ങള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൂടെ അത് തുടർച്ചയായി വികസിക്കുന്നു. ഇവിടെ മതപരമായ ഓർമ്മയും സാംസ്കാരിക തിരിച്ചറിവും വിപണിയുടെ കൈമാറ്റമൂല്യവുമായി ബന്ധപ്പെടുന്നു.
ഇന്ത്യയിലെ വിവിധ ഭാഷാസമൂഹങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും സ്വന്തമായ രാമായണ പാരമ്പര്യങ്ങളുണ്ട്. അത്തരം സമൂഹങ്ങളിലേക്ക് ഒരേ സിനിമാറ്റിക് രാമനെ ബഹുഭാഷാ വിപണിയിലൂടെ എത്തിക്കുമ്പോള്‍ വൈവിധ്യത്തിനുള്ളില്‍ ഒരു പൊതുദൃശ്യരൂപം സ്ഥാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഷകള്‍ പലതായിരിക്കുമ്പോഴും ഒരേ ദൃശ്യരൂപവും കഥാപാത്രസങ്കല്പ്പവും സാംസ്കാരിക മാതൃകയും വിവിധ ഭാഷാസമൂഹങ്ങളില്‍ പ്രചരിക്കുന്നു. ഇവിടെ വിപണിയും പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു സിനിമയുടെ വിപണിവിജയം ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ വിജയത്തിന് തുല്യമല്ല. അതുപോലെ ജനപ്രിയമായ ഒരു ഇതിഹാസാവിഷ്കാരം സ്വാഭാവികമായും രാഷ്ട്രീയ പ്രചാരണമാകണമെന്നുമില്ല. എന്നാല്‍ വിപണിക്ക് ചില പ്രതീകങ്ങളെ കൂടുതല്‍ ദൃശ്യമാക്കാനും ചില ആഖ്യാനങ്ങളെ കൂടുതല്‍ പ്രചരിപ്പിക്കാനും ശേഷിയുണ്ട്. ഈ ദൃശ്യ അസമത്വത്തെ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്.
ദൃശ്യപാഠവും സാമൂഹികബോധവും: ജനാധിപത്യത്തിന്റെ അദൃശ്യ അതിരുകള്‍
രാമായണത്തിന്റെ ദൃശ്യവല്‍ക്കരണം ഒരു പ്രത്യേക മതപരമായ ആഖ്യാനത്തെ ജനപ്രിയമാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അത് സാമൂഹികമായ തിരിച്ചറിവുകളെയും ധാർമ്മികമായ നിലപാടുകളെയും രാഷ്ട്രത്തെക്കുറിച്ചുള്ള ഭാവനകളെയും സ്വാധീനിക്കുന്ന സാംസ്കാരിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു സമൂഹം നിരന്തരം കാണുന്ന ദേശീയപ്രതീകങ്ങള്‍ അതിന്റെ പൊതുസാംസ്കാരിക ഓർമ്മയുടെ ഭാഗമാകുന്നു. എന്നാല്‍ ഈ ഓർമ്മയില്‍ ആരാണ് ഉള്‍പ്പെടുന്നത്, ആരാണ് പുറത്താക്കപ്പെടുന്നത് എന്നത് രാഷ്ട്രീയമായി നിർണായകമാണ്. സംഘപരിവാറിന്റെ രാഷ്ട്രസങ്കല്‍പ്പത്തില്‍ രാമൻ ഒരു മതപരമായ കഥാപാത്രം എന്നതിലുപരി ഹിന്ദു ഭൂരിപക്ഷത്തിന്റെ സാംസ്കാരിക ആധിപത്യത്തിന്റെ പ്രതീകമായി പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി ഒരു പ്രത്യേക മതപാരമ്പര്യത്തിന്റെ ചിഹ്നങ്ങള്‍ ദേശീയതയുടെ സ്വാഭാവിക പ്രതിനിധാനങ്ങളായി മാറുന്നു. ഒരു മതസമൂഹത്തിന്റെ പ്രതീകങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും പൊതുമണ്ഡലത്തിലെ ദേശീയതയുടെ സ്വാഭാവിക അടയാളങ്ങളായി മാറുകയും മറ്റു മതസമൂഹങ്ങളുടെ സാംസ്കാരിക സാന്നിധ്യം താരതമ്യേന അദൃശ്യമാകുകയും ചെയ്യുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇതോടൊപ്പം, നിയമപരമായി തുല്യപൗരന്മാരായ മനുഷ്യർക്ക് ദേശീയ സാംസ്കാരിക പ്രതിനിധാനത്തില്‍ തുല്യമായ സ്ഥാനം ലഭിക്കാത്ത അവസ്ഥയുണ്ട്. ഒരു മതസമൂഹത്തിന്റെ പ്രതീകങ്ങള്‍ മാത്രം ദേശീയതയുടെ ദൃശ്യഭാഷയില്‍ ആവർത്തിക്കപ്പെടുമ്പോള്‍ മറ്റുള്ളവരുടെ സാംസ്കാരിക സാന്നിധ്യം പൊതുബോധത്തില്‍ പിന്നിലേക്ക് നീങ്ങാം. ഇതിന്റെ ഫലമായി ദേശീയതയെക്കുറിച്ചുള്ള പൊതുധാരണയില്‍ ഭൂരിപക്ഷ മതത്തിന്റെ സാംസ്കാരിക അധികാരം സ്വാഭാവികമാകുന്നു.
കുടുംബം, വിദ്യാഭ്യാസം, മാധ്യമം, മതസ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെ പ്രത്യയശാസ്ത്രം വ്യക്തികളുടെ സാമൂഹിക തിരിച്ചറിവുകളെ രൂപപ്പെടുത്തുന്നു എന്ന് അള്‍ത്തൂസർ നിരീക്ഷിക്കുന്നുണ്ട്. ദൃശ്യസംസ്കാരവും ഈ വിശാലമായ പ്രത്യയശാസ്ത്രപരമായ പ്രവർത്തനമേഖലയുടെ ഭാഗമാണ്. ദൃശ്യത്തിന്റെ രാഷ്ട്രീയം പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ യാന്ത്രികമായി നിർണയിക്കുന്നില്ല. എന്നാല്‍, അവർക്ക് ലഭ്യമാകുന്ന അർത്ഥങ്ങളുടെ പരിധിയും അവയുടെ സാമൂഹികപ്രചാരവും സ്വാധീനിക്കുന്നു. ഒരു പ്രത്യേക ദൃശ്യഭാഷയ്ക്ക് നിരന്തരമായ മാധ്യമപിന്തുണയും വിപണിവ്യാപ്തിയും ലഭിക്കുമ്പോള്‍ അതിന് പൊതുബോധത്തില്‍ കൂടുതല്‍ ആധിപത്യം നേടാൻ കഴിയും. ഈ അർത്ഥത്തില്‍ രാമായണത്തിന്റെ ദൃശ്യചരിത്രം ഇന്ത്യയുടെ മതേതര ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചയിലേക്കും നമ്മെ നയിക്കുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന പൗരത്വം മതപരമായ തിരിച്ചറിവുകള്ക്കതീതമായ തുല്യതയിലാണ് നിലകൊള്ളുന്നത്. എന്നാല്‍ പൊതുമണ്ഡലത്തിലെ ദൃശ്യപ്രതിനിധാനങ്ങള് ഒരു പ്രത്യേക മതപരമായ സ്വത്വത്തെ രാഷ്ട്രത്തിന്റെ സ്വാഭാവിക രൂപമായി സ്ഥാപിക്കുമ്പോള്‍ ഭരണഘടനാപരമായ തുല്യതയും സാംസ്കാരികമായ അധികാരവിതരണവും തമ്മില്‍ സംഘർഷം രൂപപ്പെടുന്നു.
ബഹുത്വത്തിന്റെ രാഷ്ട്രീയവും ആഖ്യാന ജനാധിപത്യവും
രാമായണത്തിന്റെ ദൃശ്യചരിത്രത്തെ വിമർശനാത്മകമായി പരിശോധിക്കുമ്പോള്‍ നാം തിരിച്ചെത്തേണ്ടത് അതിന്റെ ബഹുത്വത്തിലേക്കാണ്. വാല്മീകിയുടെ രാമൻ മാത്രമല്ല രാമൻ. ബൗദ്ധ പാരമ്പര്യത്തിലെ രാമനുണ്ട്; ജൈന പാരമ്പര്യത്തിലെ രാമനുണ്ട്; കമ്പന്റെ രാമനുണ്ട്; കൃത്തിവാസന്റെ രാമനുണ്ട്; തുളസീദാസിന്റെയും എഴുത്തച്ഛന്റെയും രാമനുണ്ട്. സ്ത്രീകളുടെ വാമൊഴിപ്പാട്ടുകളിലും സീതാകേന്ദ്രീകൃത ആഖ്യാനങ്ങളിലും ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക ഓർമ്മകളിലും വ്യത്യസ്ത രാമകഥകള്‍ നിലനില്ക്കുന്നു. ഈ പാരമ്പര്യങ്ങള്‍ എല്ലാം അധികാരപരമായി തുല്യമായിരുന്നുവെന്ന് പറയാനാവില്ല. പല ദേശഭാഷാ രാമായണങ്ങളിലും വർണ്ണവ്യവസ്ഥയുടെയും പുരുഷാധിപത്യത്തിന്റെയും അധികാരബന്ധങ്ങള്‍ നിലനിന്നിട്ടുണ്ട്. അതിനാല്‍ ബഹുത്വത്തെ വിമർശനരഹിതമായ ഒരു സാംസ്കാരിക ആദർശമായി അവതരിപ്പിക്കാനാവില്ല. ഓരോ പാഠത്തെയും അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യത്തില്‍ വിമർശനാത്മകമായി വായിക്കുകയാണ് വേണ്ടത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ജ്യോതിറാവു ഫുലെ, പെരിയാർ തുടങ്ങിയവരുടെ രാമായണവിമർശനങ്ങളും അംബേദ്കറുടെ ജാതിവിമർശനവും ഈ സന്ദർഭത്തില്‍ പ്രസക്തമാണ്. അവർ പാരമ്പര്യത്തെ ഭക്തിയുടെയും അനുസരണത്തിന്റെയും മണ്ഡലത്തില്‍ മാത്രം നിലനിർത്താതെ സാമൂഹികാധികാരം, ജാതി, സ്ത്രീയുടെ സ്ഥാനം, നീതി എന്നിവയുടെ അടിസ്ഥാനത്തില്‍ പുനർവായിക്കാനുള്ള സാധ്യത തുറന്നു. ഇവിടെ 'ആഖ്യാന ജനാധിപത്യം' (Narrative Democracy) എന്ന ആശയം നിർണായകമാണ്. ഒരു സമൂഹത്തിന്റെ പൊതുസാംസ്കാരിക ഓർമ്മ നിർമ്മിക്കുന്നതില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് തുല്യമായ ആഖ്യാനാവകാശം ലഭിക്കുന്ന അവസ്ഥയാണത്. ഒരു കഥയുടെ അർത്ഥം നിർണയിക്കാനുള്ള അധികാരം ഒരൊറ്റ മതസ്ഥാപനത്തിനോ രാഷ്ട്രീയപ്രസ്ഥാനത്തിനോ മാധ്യമത്തിനോ വിട്ടുകൊടുക്കാതിരിക്കുകയാണ് ഇതിന്റെ അടിസ്ഥാനലക്ഷ്യം.
ബഹുത്വം എന്നത് ഒരേ കഥയുടെ പല പതിപ്പുകള്‍ നിലനില്ക്കുന്നു എന്നതുമാത്രമല്ല. ആ കഥയെ ചോദ്യം ചെയ്യാനും പുനർവ്യാഖ്യാനിക്കാനും നിരാകരിക്കാനും വിമർശിക്കാനും മനുഷ്യർക്ക് അവകാശമുണ്ട് എന്നതുകൂടിയാണ്. അതുകൊണ്ട് രാമായണത്തിന്റെ ബഹുത്വത്തെ സംരക്ഷിക്കുക എന്നത് ഒരു സാഹിത്യപാരമ്പര്യത്തെ മാത്രം സംരക്ഷിക്കുന്നതല്ല. സാംസ്കാരികമായ സ്വയംനിർണയാവകാശത്തെയും ജനാധിപത്യപരമായ വ്യാഖ്യാനസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുകയാണ്.
ദൃശ്യത്തിന്റെ ഏകാധിപത്യത്തിനെതിരെ ആഖ്യാന ജനാധിപത്യം
രാമായണത്തിന്റെ ചരിത്രം ഒരു ഇതിഹാസത്തിന്റെ മാത്രം ചരിത്രമല്ല. അത് ഇന്ത്യൻ സമൂഹത്തിലെ അധികാരബന്ധങ്ങളുടെയും ഭാഷാപരമായ വൈവിധ്യത്തിന്റെയും മതപരമായ സംഘർഷങ്ങളുടെയും ജാതിവ്യവസ്ഥയുടെയും ദേശീയതാബോധത്തിന്റെയും ചരിത്രം കൂടിയാണ്. ഈ ചരിത്രത്തില്‍ രാമൻ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു: പുത്രനായും രാജകുമാരനായും രാജാവായും ദൈവമായും ഭക്തിയുടെ കേന്ദ്രമായും രാഷ്ട്രീയപ്രതീകമായും വിമർശനത്തിന്റെ ലക്ഷ്യമായും. ഈ വ്യത്യസ്ത രാമകഥാരൂപങ്ങളെ ഒരു പൊതുദൃശ്യബോധത്തിലേക്ക് ഏകീകരിക്കുന്നതില്‍ ആധുനിക മാധ്യമങ്ങള്‍ നിർണായക പങ്കുവഹിച്ചു.
ജ്യോതിറാവു ഫുലെ | PHOTO : WIKI COMMONS
അമർചിത്രകഥ രാമനെ ബാല്യത്തിന്റെ ദൃശ്യബോധത്തില്‍ സ്ഥാപിച്ചു. ടെലിവിഷൻ രാമനെ ദേശീയ പൊതുകാഴ്ചയാക്കി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആ ദൃശ്യപരിചയത്തെ പൊതുപ്രതീകങ്ങളായും രാഷ്ട്രീയ മുദ്രാവാക്യങ്ങളായും പുനഃസംഘടിപ്പിച്ചു. സമകാലിക സിനിമ ഇതിഹാസത്തെ സാങ്കേതിക വിസ്മയത്തിന്റെയും ജനപ്രിയ വിപണിയുടെയും കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. ഒരു സമൂഹത്തിന്റെ പൊതുസാംസ്കാരിക ഓർമ്മ നിർമ്മിക്കുന്നതില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് തുല്യമായ ആഖ്യാനാവകാശം ലഭിക്കുന്ന അവസ്ഥയാണത്. ഒരു കഥയുടെ അർത്ഥം നിർണയിക്കാനുള്ള അധികാരം ഒരൊറ്റ മതസ്ഥാപനത്തിനോ രാഷ്ട്രീയപ്രസ്ഥാനത്തിനോ മാധ്യമത്തിനോ വിട്ടുകൊടുക്കാതിരിക്കുകയാണ് ഇതിന്റെ അടിസ്ഥാനലക്ഷ്യം. ബഹുത്വം എന്നത് ഒരേ കഥയുടെ പല പതിപ്പുകള്‍ നിലനില്ക്കുന്നു എന്നതുമാത്രമല്ല. ആ കഥയെ ചോദ്യം ചെയ്യാനും പുനർവ്യാഖ്യാനിക്കാനും നിരാകരിക്കാനും വിമർശിക്കാനും മനുഷ്യർക്ക് അവകാശമുണ്ട് എന്നതുകൂടിയാണ്. അതുകൊണ്ട് രാമായണത്തിന്റെ ബഹുത്വത്തെ സംരക്ഷിക്കുക എന്നത് ഒരു സാഹിത്യപാരമ്പര്യത്തെ മാത്രം സംരക്ഷിക്കുന്നതല്ല. സാംസ്കാരികമായ സ്വയംനിർണയാവകാശത്തെയും ജനാധിപത്യപരമായ വ്യാഖ്യാനസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുകയാണ്.
ഒരു പ്രത്യേക രാമായണം ദേശീയ ഓർമ്മയായി മാറുമ്പോള്‍ മറ്റ് ആഖ്യാനങ്ങള്‍ പ്രാദേശികവും അരികുവല്ക്കരിക്കപ്പെട്ടതുമായ ഇടങ്ങളിലേക്ക് നീങ്ങുന്നു. ഈ പ്രക്രിയയെ 'ദൃശ്യാധിപത്യം' (Visual Hegemony) എന്നു വിളിക്കാം. ഒരു പ്രത്യേക പ്രതീകത്തിന്റെ നിരന്തരമായ ദൃശ്യസാന്നിധ്യത്തിലൂടെ അതിന്റെ അർത്ഥവും അധികാരവും സ്വാഭാവികവും ചോദ്യം ചെയ്യാനാവാത്തതുമായി അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഇവിടെ അധികാരം ബലപ്രയോഗത്തിലൂടെ മാത്രമല്ല പ്രവർത്തിക്കുന്നത്; കാണുന്നതിലൂടെയും പരിചയപ്പെടുന്നതിലൂടെയും ആവർത്തിച്ച് അംഗീകരിക്കുന്നതിലൂടെയും പ്രവർത്തിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാല്‍, ഈ ദൃശ്യാധിപത്യത്തെ ചെറുക്കുക എന്നത് ഒരു രാമനെ മറ്റൊരു രാമനെക്കൊണ്ട് പകരംവയ്ക്കുക എന്നതല്ല. ഹിന്ദുത്വത്തിന്റെ ഏകപാഠത്തിന് പകരം മറ്റൊരു ഏകപാഠം സ്ഥാപിക്കുന്നതും വിമർശനത്തിന്റെ ലക്ഷ്യമല്ല. വ്യത്യസ്ത സമൂഹങ്ങള്‍ക്ക് രാമനെക്കുറിച്ച് പറയാനും കാണാനും വ്യാഖ്യാനിക്കാനും വിമർശിക്കാനും നിരാകരിക്കാനും കഴിയുന്ന സാംസ്കാരിക ജനാധിപത്യം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്.
അതുകൊണ്ട് സംഘപരിവാറിന്റെ രാമസങ്കല്പ്പത്തെക്കുറിച്ചുള്ള നിർണായകമായ വിമർശനം രാമൻ ആരാണെന്ന ചോദ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. രാമനെ നിർവചിക്കാനുള്ള അധികാരം ആർക്കാണ്? അദ്ദേഹത്തിന്റെ ദൃശ്യരൂപം നിർണയിക്കുന്നത് ആരാണ്? ആ രൂപം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും വിപണിയും ആരുടെ സാംസ്കാരിക അധികാരത്തെയാണ് ശക്തിപ്പെടുത്തുന്നത്? ആ ദൃശ്യത്തില്‍ ആരാണ് പ്രത്യക്ഷപ്പെടുന്നത്, ആരാണ് അദൃശ്യമാകുന്നത്? എന്നീ ചോദ്യങ്ങളിലേക്ക് അത് വികസിക്കേണ്ടതുണ്ട്. രാമൻ ഏകനാകുമ്പോള്‍ ഒരു പ്രത്യയശാസ്ത്രത്തിന് അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയും. രാമൻ പലരാകുമ്പോള് ആ സ്വന്തമാക്കലിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നു.
ആദ്യത്തേത് സാംസ്കാരിക ഏകീകരണത്തിന്റെ രാഷ്ട്രീയമാണ്; രണ്ടാമത്തേത് ആഖ്യാന ജനാധിപത്യത്തിന്റെ സാധ്യതയാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന് ആവശ്യം ഒരേയൊരു രാമനല്ല; വ്യത്യസ്ത രാമന്മാരെക്കുറിച്ച് പരസ്പരം സംസാരിക്കാനും വിയോജിക്കാനും വിമർശിക്കാനും കഴിയുന്ന ഒരു പൊതുമണ്ഡലമാണ്. രാമനെ ഒരു രാഷ്ട്രത്തിന്റെ വിഗ്രഹമാക്കുന്നതിലല്ല ഇന്ത്യയുടെ സാംസ്കാരിക മഹത്വം. രാമനെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാനുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കുന്നതിലാണ് അതിന്റെ ജനാധിപത്യപരമായ മഹത്വം. കാരണം, ദൃശ്യങ്ങള്‍ ഒരു ജനതയെ ലോകം കാണാൻ പഠിപ്പിക്കുന്നതുപോലെ, അധികാരത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയില്‍ കാണാൻ ആ ജനതയെ പരിശീലിപ്പിക്കാനും കഴിയും. അതിനാല്‍ രാമായണത്തിന്റെ ദൃശ്യപാഠങ്ങളെക്കുറിച്ചുള്ള വിമർശനം കേവലം ഒരു ഇതിഹാസത്തിന്റെ വായനയല്ല; ഒരു ജനതയുടെ രാഷ്ട്രീയബോധവും സാംസ്കാരിക ഓർമ്മയും രാഷ്ട്രസങ്കല്‍പ്പവും എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ്.
