Friday, 27 Nov, 3.12 pm The Editor

കേരളവാര്‍ത്തകള്‍
വിസയില്ലാതെ സാന്‍ഫ്രാന്‍സിസ്കോയില്‍ വന്ന് ഭക്ഷണം കഴിക്കാം; നടന്‍ നവജിത് നാരായണന്റെ പുതിയ സംരംഭം വൈറല്‍

കാസര്‍ഗോഡ് നീലേശ്വരത്ത് മടിക്കൈയില്‍ നിന്ന് നാടകങ്ങളിലൂടെ സിനിമയിലേക്കെത്തിയ നടനാണ് നവജിത് നാരായണന്‍. നവജിത്ത് ഇതിനകം 'കോഴിപ്പോര്', 'ആമി' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ആദ്യമായി നായക വേഷത്തിലെത്തിയ 'കോഴിപ്പോര്' റിലീസായത് ഈ വര്‍ഷം മാര്‍ച്ച്‌ ആറിനാണ്. പക്ഷേ മാര്‍ച്ച്‌ 11ന് കൊവിഡ് ലോക്ക് ഡൗണ്‍ വന്നതോടെ തീയേറ്ററുകള്‍ അടച്ചു. സിനിമ തീയേറ്ററില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. എങ്കിലും പ്രതീക്ഷയോടെ വരും നാളുകള്‍ സ്വപ്നം കാണുകയാണ് അറുപതിലേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇരുപതോളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള നടന്‍ നവജിത്ത്. അതേസമയം ഇപ്പോഴിതാ കൊച്ചിയില്‍ 'സാന്‍ഫ്രാന്‍സിസ്കോ' എന്ന പേരില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നവജിത്തും സുഹൃത്തുക്കളും. നവജിത്തും സഹോദരന്‍ നവനീതും സുഹൃത്തായ അമല്‍ ഗോപിയും ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ചെറിയൊരു സംരംഭമാണ്. ഒരു തട്ടുകട എന്ന് പറഞ്ഞ് ഒതുക്കാനാവില്ല, അതുക്കും മേലെയാണ്. വിസയില്ലാതെ സാന്‍ഫ്രാന്‍സിസ്കോയില്‍ വന്ന് ഭക്ഷണം കഴിക്കാം എന്നാണ് ഇവരുടെ പരസ്യ വാചകം.

നിങ്ങള്‍ക്ക് ഇവിടെ വന്നാല്‍ പക്കാ മലബാര്‍‍ ഭക്ഷണം കഴിക്കാമെന്നതാന് ഇവരുടെ വാഗ്ദാനം. ഇവിടെ ശുദ്ധമായ വെളിച്ചെണ്ണയിലാണ് പാചകം. ലാഭം പ്രതീക്ഷിച്ചല്ല. കഴിക്കുന്നവരുടെ വയറും മനസ്സും നിറയണം, അത്രേയുള്ളൂ. വരുന്നവര്‍ക്ക് മതിയാവോളം ഇരുന്ന് വര്‍ത്തമാനം പറയാനും സ്പേസ് ഉണ്ട്. വരുന്ന കസ്റ്റമേഴ്സ് ഭയങ്കര ഹാപ്പിയാണ്. ഇപ്പോള്‍ തുടങ്ങിയിട്ട് 9 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിരമായിട്ട് 50 പേരോളം വരുന്നുണ്ട്. ഇവിടെ മൊത്തം സിനിമയാണ്. ഭക്ഷണം കഴിക്കുമ്ബോള്‍ പശ്ചാത്തലത്തില്‍ സിനിമാ പാട്ടുകളില്ല, പകരം ഓരോ സിനിമകളുടെ ശബ്‍ദരേഖകളാണ് കേള്‍പ്പിക്കുന്നത്. അത് തന്നെ നല്ലൊരു വൈബാണ്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സിനിമയുമായി ബന്ധപ്പെട്ട കാസ്റ്റിംഗ് കോള്‍ ഓഡിഷനുകള്‍ ഇവിടെ നടന്ന് തുടങ്ങും. കൂടുതലും യുവജനങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

അവര്‍ക്ക് കൂട്ടുകൂടിയിരിക്കാനും സിനിമാ ചര്‍ച്ചകള്‍ക്കും നല്ലൊരു സ്പേസായിരിക്കും സാന്‍ഫ്രാന്‍സിസ്കോ.ദശമൂലം കട്ടനാണ് സാന്‍ഫ്രാന്‍സിസ്കോയിലെ പ്രത്യേകത, സൗജന്യമായാണ് ഇത് കൊടുക്കുന്നത്. വെറുതെ വര്‍ത്താനം പറയാന്‍ എത്തുന്നവര്‍ക്കും നല്‍കും. പാര്‍ട്നറായ അമല്‍ ഗോപിയുടെ സുഹൃത്ത് ട്വിങ്കിള്‍ ആണ് സാന്‍ഫ്രാന്‍സിസ്കോ എന്ന പേര് സജസ്റ്റ് ചെയ്തത്. എന്നാല്‍ ആദ്യം അവര്‍ സച്ചിയേട്ടന് ട്രിബ്യൂട്ടായി അയ്യപ്പനും കോശിയും എന്ന പേരാണ് ആലോചിച്ചിരുന്നത്. അദ്ദേഹത്തോടുള്ള ട്രിബ്യൂട്ടായി ഇവിടുത്തെ ഭക്ഷണങ്ങള്‍ക്ക് അയ്യപ്പനും കോശിയിലെ കഥാപാത്രങ്ങളുടെ പേരിട്ടിട്ടുണ്ട്. മുണ്ടൂര്‍ മാടന്‍ പുട്ടാണ് പ്രധാന ഐറ്റം. അതു കൂടാതെ മാടമ്ബള്ളിയിലെ മനോരോഗി എന്ന പേരില്‍ പൊറോട്ടയും ബീഫുമുണ്ട്. കൂടാതെ നീര്‍ദോശയും ഐല പൊരിച്ചതും ഇവിടുത്തെ സ്പെഷല്‍ ഐറ്റമാണ്.

മാത്രമല്ല, ഒരു തട്ടുകട സെറ്റപ്പ് മാത്രമല്ല. നല്ലൊരു സ്പേസ് ഉണ്ട് ഇവിടെ. റോഡരികിലെന്ന ബുദ്ധിമുട്ടൊന്നുമില്ല. വെറുതെ മാലിന്യം ഇട്ടിരുന്ന സ്ഥലം മൂന്നാഴ്ചയോളം എടുത്ത് വൃത്തിയാക്കി എടുക്കുകയായിരുന്നു. എല്ലാം ടെമ്ബററി ആയിട്ടുള്ള ക്രിയേറ്റീവ് സാധനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും വൈകീട്ട് വന്ന് നവജിത്തും കൂട്ടരും സെറ്റ് ചെയ്യുകയാണ് പതിവ്. ഒപ്പം ഇവര്‍ പല മേഖലയില്‍ നിന്നുള്ളവരാണ്. നവജിത് സിനിമയില്‍, സഹോദരന്‍ നവനീത് അല്‍ഹിന്ദ് ടൂര്‍സ് വിസ സെക്ഷനിലാണ്, അമല്‍ ഗോപി സ്കൂബ ട്രെയിനറാണ്. എന്നാല്‍ തങ്ങള്‍ ഒരു ആഗ്രഹത്തിന് പുറത്ത് തുടങ്ങിയതാണിതെന്നും, ഒട്ടുമിക്ക ദിവസങ്ങളിലും താന്‍ തന്നെ ദോശ ചുടുന്നു, അതിന് മടിയൊന്നുമില്ല.സഹായിക്കാന്‍ ആളുണ്ടെങ്കിലും നമ്മള്‍ നമ്മളുടേതായ രീതിയില്‍ ചെയ്യുകയാണെന്നും നവജിത് പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Theeditor
Top