കൊച്ചി: ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം.
ഇതു കൂടാതെ മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിനതടവും വിധിച്ചു. പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റല്‍ രാജ്.
2023 സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം. ആലുവ എടപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുറന്നിട്ട ജനലിലൂടെ കൈയിട്ട് വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. സമീപത്തുള്ള പാടത്ത് വച്ചാണ് പീഡനം നടന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട സമീപവാസിയാണ് പ്രതി പെണ്‍കുട്ടിയുമായി പോകുന്നത് കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ദൃക്സാക്ഷി അയല്‍ക്കാരെ വിവരമറിയിക്കുകയും ഇവര്‍ നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
പിന്നീട് പ്രതിയെ കണ്ടെത്താനായി വ്യാപക തെരച്ചില്‍ നടത്തി. പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പോലിസിനെ കണ്ടതോടെ പ്രതി പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ നീന്തല്‍ വിദഗ്ധരായ നാട്ടുകാരില്‍ രണ്ടുപേര്‍ പുഴയിലേക്ക് ചാടി പ്രതിയെ പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു.
ആലുവ ഈസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാവിധി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുകൊണ്ടാണ് പോലിസ് പ്രതിയെ പിടികൂടിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്കാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കേസില്‍ മറ്റു പ്രതികളില്ല. പോക്സോ കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍ രാജ്. ഇയാള്‍ക്കെതിരേ മുമ്പ് കാപ്പ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

