തെഹ്‌റാന്‍: ഇറാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള അമേരിക്കന്‍ നീക്കത്തില്‍ അയല്‍രാജ്യങ്ങള്‍ പങ്കാളികളായാല്‍ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന് വ്യക്തമാക്കി ഇറാന്‍.
അവരുടെ താല്‍പര്യങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മോഹ്‌സെന്‍ റസായിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ ഐആര്‍ഐബിക്ക് നല്‍കിയ അഭിമുഖത്തിലാണ് റായിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തില്‍ പങ്കാളികളാകരുതെന്ന് എല്ലാ അയല്‍രാജ്യങ്ങളോടും ഞങ്ങള്‍ പറയുകയാണ്. അങ്ങനെ ചെയ്താല്‍ അവരെ ഞങ്ങള്‍ ശത്രുരാജ്യങ്ങളായി കണക്കാക്കും എന്നായിരുന്നു മോഹ്‌സെന്‍ റസായിയുടെ മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.
സമീപരാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം മൂന്ന് ഘട്ടങ്ങളുള്ള തന്ത്രമാണെന്നും രസായി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. തുടര്‍ന്ന് സൗഹൃദപരമായ ഭാഷയില്‍ അവരെ അമേരിക്കയില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുമെന്നുമായിരുന്നു റസായി പറഞ്ഞത്. അമേരിക്കയുടെ പക്ഷത്ത് തുടര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നിലപാട് പുനഃപരിശോധിക്കാന്‍ സമയം നല്‍കുമെന്നും, എന്നാല്‍ മൂന്നാം ഘട്ടത്തില്‍ നിശ്ചയമായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ സൈനിക നടപടികള്‍ തുടരുന്നതിനിടെ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ച് ഇറാനിലെ ആഭ്യന്തര ഐക്യം തകര്‍ക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് റസായി ആരോപിച്ചു. 'സാമ്പത്തിക സമ്മര്‍ദത്തിലൂടെ നമ്മുടെ ഐക്യം തകര്‍ക്കാനും ജനങ്ങളെ തെരുവിലിറക്കാനും അവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് അമേരിക്കന്‍ എഫ്-35 യുദ്ധവിമാനങ്ങളുടെ ദൗത്യത്തിന് സഹായകമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍' എന്നും റസായി പ്രതികരിച്ചു.
അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നടപടികള്‍ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളിലേക്കുള്ള അതിര്‍ത്തി കടന്ന പരമാധികാര പ്രയോഗം ആണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും ശനിയാഴ്ച പ്രതികരിച്ചിരുന്നു. ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്ന അമേരിക്കയുടെ നീക്കത്തെയും ഇറാന്‍ ശക്തമായി അപലപിച്ചു. പുതിയ ഉപരോധങ്ങള്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതോടൊപ്പം ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളായ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ബാധിക്കുമെന്നും ഇറാന്റെ പ്രതികരിച്ചു. അതേസമയം ട്രംപിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കിയ യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള അമേരിക്കന്‍ സഖ്യകക്ഷികളെയും ഭാവിയില്‍ ആക്രമണലക്ഷ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഇറാന്‍ പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ ഭൂഗര്‍ഭ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ച് രാജ്യത്തിന്റെ മിസൈല്‍ ശേഷി കൂടുതല്‍ ശക്തിപ്പെട്ടതായി ഇറാന്റെ സായുധസേനാ മേധാവി അബ്ദുല്ലാഹി അവകാശപ്പെട്ടു. മുമ്പത്തേക്കാള്‍ മികച്ച ശേഷിയിലും ഗുണമേന്മയിലും അളവിലും ഈ കേന്ദ്രത്തിന് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്റെ നാവിക-വ്യോമസേനകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താനും പ്രാദേശിക എതിരാളികളെ ആക്രമിക്കാനും മതിയായ മിസൈല്‍ ഡ്രോണ്‍ ശേഷി ഇറാന് ഇപ്പോഴും ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ നിരവധി അയല്‍രാജ്യങ്ങള്‍ പുതിയ പ്രാദേശിക സുരക്ഷാ സംവിധാനങ്ങളെയും സാമ്പത്തിക സഹകരണത്തെയും കുറിച്ച് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ് വ്യക്തമാക്കി.

