Dailyhunt
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് 25 വര്‍ഷത്തിനുശേഷം പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് 25 വര്‍ഷത്തിനുശേഷം പിടിയില്‍

തേജസ് 1 week ago

കോഴിക്കോട്: എടച്ചേരിയില്‍ ഭാര്യയെ കൊലപ്പെടുത്തി കാല്‍ നൂറ്റാണ്ടോളം നിയമത്തിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവില്‍ പിടിയിലായി.

വേങ്ങോളി കിഴക്കയില്‍ ജമീലയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഹമീദിനെയാണ് ക്രൈംബ്രാഞ്ച് സംഘം കാസര്‍ക്കോട് വെച്ച്‌ അറസ്റ്റ് ചെയ്തത്. 2001ല്‍ നടന്ന ഈ കൊലപാതകത്തില്‍ പ്രതിയെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാതിരുന്ന ഘട്ടത്തിലാണ് നിര്‍ണായകമായ ഈ അറസ്റ്റ് നടന്നിരിക്കുന്നത്.

2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യ ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഹമീദ് നാട്ടില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അക്കാലത്ത് നാട്ടില്‍ വലിയ ജനരോഷത്തിന് കാരണമായ കൊലപാതകമായിരുന്നു ഇത്. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും വര്‍ഷങ്ങളോളം സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഹമീദിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നതായും അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കാസര്‍ക്കോട് ജില്ലയിലെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്രയും കാലം ഹമീദ് ഒളിവില്‍ കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ക്കിടയില്‍ ഒരു സാധാരണ മത്സ്യവില്‍പനക്കാരനായി ജീവിച്ചു വരികയായിരുന്നു ഇയാള്‍. മുന്‍പ് ലഭിച്ച ഫോട്ടോകളും സൂചനകളും വെച്ച്‌ പോലിസ് നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. തിരിച്ചറിയാതിരിക്കാന്‍ പേരും വേഷവും മാറി ലളിതമായ ജീവിതം നയിക്കുകയായിരുന്നു ഹമീദ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതിയുടെ രൂപത്തില്‍ വന്ന മാറ്റം പോലിസിനെ കുഴപ്പിച്ചിരുന്നു. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പഴയകാല ഫോട്ടോകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് ഇയാള്‍ ഹമീദ് തന്നെയെന്ന് ഉറപ്പിച്ചത്. ഒളിവില്‍ കഴിയുന്ന ക്രിമിനലുകളെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് പ്രത്യേകമായി നടത്തുന്ന അന്വേഷണമാണ് 25 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ തുമ്പുണ്ടാക്കിയത്. പ്രതിയെ കോഴിക്കോട് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News