Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൈനീസ് കമ്പനികള്‍ക്ക് എഐ ചിപ്പ് നിയന്ത്രണം കടുപ്പിച്ച്‌ അമേരിക്ക; വിദേശ ഉപകമ്പനികള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം

ചൈനീസ് കമ്പനികള്‍ക്ക് എഐ ചിപ്പ് നിയന്ത്രണം കടുപ്പിച്ച്‌ അമേരിക്ക; വിദേശ ഉപകമ്പനികള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം

തേജസ് 1 week ago

വാഷിങ്ടണ്‍: ചൈനീസ് കമ്പനികള്‍ക്കും അവരുടെ വിദേശ ഉപകമ്പനികള്‍ക്കും അത്യാധുനിക എഐ ചിപ്പുകള്‍ കൈമാറുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക.

കയറ്റുമതി നിയന്ത്രണങ്ങളിലെ പഴുതുകള്‍ അടയ്ക്കുന്നതിനായാണ് യുഎസ് വാണിജ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചൈനയില്‍ ആസ്ഥാനമോ മാതൃകമ്പനിയോ ഉള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും എഐ ചിപ്പുകള്‍ നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാണെന്ന് യുഎസ് ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി. നിലവിലുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

മുന്‍പ് ബൈഡന്‍ ഭരണകൂടം അവതരിപ്പിച്ച 'ഫ്രെയിംവര്‍ക്ക് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിഫ്യൂഷന്‍' എന്ന നയം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതോടെ കയറ്റുമതി നിയന്ത്രണങ്ങളില്‍ അവ്യക്തത ഉണ്ടായെന്നും അതുവഴി ചൈനീസ് കമ്പനികള്‍ക്ക് എഐ ചിപ്പുകള്‍ ലഭിക്കാന്‍ സാധ്യത വര്‍ധിച്ചതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് അമേരിക്കന്‍ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ അറിയിച്ചു. എന്നാല്‍ എഎംഡി, ഇന്റല്‍ തുടങ്ങിയ കമ്പനികള്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയില്‍ ആഗോള ആധിപത്യം ഉറപ്പാക്കാന്‍ അമേരിക്കയും ചൈനയും തമ്മില്‍ ശക്തമായ മല്‍സരം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം ശ്രദ്ധ നേടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News