കോട്ടയം: എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ചെറുവള്ളി കുള്ളന്‍ എന്നറിയപ്പെടുന്ന നാടന്‍ ഇനം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.
12 പശുക്കളാണ് ചത്തത്. ഇടിമിന്നലേറ്റ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നലേറ്റതാണ് കാരണമെന്ന് വെറ്റിനറി ഓഫീസര്‍ അറിയിച്ചു. ഒരു തൊഴിലാളിയുടെ മൂരിയും പശുവും കിടാവും ഉള്‍പ്പടെ എട്ടും, മറ്റു രണ്ട് തൊഴിലാളികളുടെ നാലു പശുക്കളുമാണ് ചത്തത്. പശുക്കള്‍ കൂട്ടത്തോടെ ചത്തുകിടന്നതിന് സമീപം ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റത്തിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പശുക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടി.
എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന വളം മഴയില്‍ സമീപസ്ഥലങ്ങളിലേക്കോ നീര്‍ച്ചാലിലേക്കോ എത്തി പശുക്കള്‍ വിഷാംശം നിറഞ്ഞ വളം കുടിച്ചതാണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ തൊഴുത്തില്‍ നിന്ന് പോകുന്ന പശുക്കള്‍ സന്ധ്യയോടെ തിരികെ എത്താറാണ് പതിവ്. എന്നാല്‍ നല്ല മഴയും മിന്നലും കാരണം പശുക്കള്‍ വൈകിട്ട് തൊഴുത്തില്‍ തിരികെ എത്തിയില്ല. വ്യാഴാഴ്ച രാവിലെയാണ് ഇവയെ തോട്ടത്തിലെ തൊഴിലാളികള്‍ ചത്ത നിലയില്‍ കണ്ടത്.
ചെറുവള്ളിക്കുള്ളന്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പാല്‍ ഉദ്പാദനം അളവില്‍ കുറവെങ്കിലും, ഔഷധ ഗുണം കൂടുതലുള്ളവയെന്നാണ് കണക്കാക്കുന്നത്. ഇവയുടെ പാലും, ചാണകവും, കിടാവുകളും വില്‍പന നടത്തുന്നതുമൊക്കെയാണ് തൊഴിലാളികളുടെ വരുമാന മാര്‍ഗ്ഗം. ജില്ലാ വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെ പോസ്റ്റുമോര്‍ട്ടം നടത്തി. എസ്റ്റേറ്റില്‍ യന്ത്ര സഹായത്തോടെ കുഴിയെടുത്തു ഇവയെ കുഴിച്ചിട്ടു. മിന്നലേറ്റതാണ് മരണ കാരണമെന്ന് ഔദ്യോഗികമായുള്ള പ്രാഥമിക വിവരം. ഇവ ചത്തു കിടന്നതിന് സമീപമുള്ള റബ്ബര്‍ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകിത്തെറിച്ച നിലയിലാണ്.

