ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ എത്തി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ലാത്തിച്ചാര്‍ജിനും പെല്ലറ്റ് പ്രയോഗത്തിനും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കും.
അമിത് ഷാ സഭയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്താനുള്ള നീക്കം നടത്തുന്നത്.
ഇന്ത്യാ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷം പാര്‍ലമെന്റ് കവാടത്തില്‍ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കും. അതേസമയം, ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്ലും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബിലും ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യസഭയില്‍ നടന്ന പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്‌സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.
ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയോട് സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവരുടെ ചര്‍ച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാല്‍ ഡിഎംകെ സഭ ബഹിഷ്‌കരിച്ചില്ല. വോട്ടെടുപ്പില്‍ പങ്കെടുത്ത ഡിഎംകെ, ഭേദഗതികള്‍ നിര്‍ദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പരീക്ഷാ ഭേദഗതി ബില്ല് പാസാകുകയായിരുന്നു. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ബില്ല് പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.
അതിനിടെ, ഇന്ന് കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ആലോചനകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന. ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. അടുത്തയാഴ്ച ചില പ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എഫ്‌സിആര്‍എ ബില്ലും ഉള്‍പ്പെടാനാണ് സാധ്യത. കൂടാതെ, മണ്ഡല പുനര്‍നിര്‍ണയത്തിനും വനിതാ സംവരണത്തിനുമുള്ള ബില്ലുകള്‍ കൂടി സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുമോ എന്നതും പ്രധാനമാണ്. ഡിഎംകെയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാല്‍ മാത്രമേ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനാകൂ.
ഇതിനിടെ, അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാമക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാര്‍ലമെന്റിന്റെ ഇന്നത്തെ നടപടികളും പ്രതിഷേധങ്ങളും രാഷ്ട്രീയമായി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

