ന്യൂഡല്‍ഹി: ഇരുപത്തൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ ഹോട്ടല്‍ തീപിടിത്തത്തിനു പിന്നില്‍ ഗുരുതര സുരക്ഷാവീഴ്ചകളും നിയമലംഘനങ്ങളുമെന്ന് റിപോര്‍ട്ട്.
ഡല്‍ഹി സര്‍ക്കാരിന്റെ 'ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്' (ബി&ബി) പദ്ധതി പ്രകാരം വെറും ആറ് മുറികള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ള കെട്ടിടത്തില്‍ ഇരുപത്തിയഞ്ച് മുറികളാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. ഇരുപത്തഞ്ച് മുറികളിലായി നിരവധി ആളുകള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് ആകെയുണ്ടായിരുന്നത് ഒരു പ്രവേശനകവാടം മാത്രമാണ്.
തീപിടിത്തമുണ്ടായ സമയത്ത് ആളുകള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാന്‍ മറ്റ് സൗകര്യങ്ങള്‍ ഇല്ലാതിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം.
ജീവന്‍ രക്ഷിക്കാനായി ആളുകള്‍ മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. അപകടസമയത്ത് നാല്‍പ്പതോളം അതിഥികള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടര്‍ന്നത്.
അപകടത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൗസ് റാണിയുടെ ഇടുങ്ങിയ പാതകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ അതിന്റെ ബേസ്മെന്റില്‍ ഒരു റെസ്റ്റോറന്റ് ഉണ്ടായിരുന്നു. മികാസ ഇന്‍ ഹോട്ടലിന്റെ ബേസ്മെന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ വിദേശികളാണെന്നാണ് സൂചന.

