കൊല്‍ക്കത്ത: ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് നിഷേധിച്ചുവെന്ന 'ദ് ടെലഗ്രാഫ്' മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.
എസ്‌ഐആറിനു പിന്നാലെ ബംഗാള്‍ വോട്ടര്‍പട്ടികയില്‍നിന്നു പേരൊഴിവാക്കിയതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞില്ലെന്നും പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷയില്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നുമായിരുന്നു ആര്‍.രാജഗോപാലിന്റെ കുറിപ്പ്. ഇതിനു പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.
രാജഗോപാലിനു പാസ്‌പോര്‍ട്ട് ലഭിച്ചെന്നും അദ്ദേഹം ഈ വിവരം തന്റെ ഓഫിസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അന്നു തന്നെ പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. പാസ്പോര്‍ട്ട് പുതുക്കിക്കിട്ടാന്‍ നല്‍കിയ പിന്തുണയ്ക്ക് കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നന്ദി പ്രകാശിപ്പിച്ച് രാജഗോപാല്‍ കത്തയച്ചു.

