ദുബായ്: ഡെലിവറി ബൈക്ക് റൈഡേഴ്സിന് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ദുബായ് ആര്‍ടിഎ. താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതി ദുബൈ ആര്‍ടിഎ നടപ്പാക്കുന്നത്.
23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാവുക. ദുബായ് എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലായി ബസ്-മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. 'എമിറേറ്റ്സ് ഫുഡ് ബാങ്ക്' ലഭ്യമാക്കുന്ന ഭക്ഷണസാധനങ്ങളാണ് നല്‍കുന്നത്. 'ഡെലിവെറോ' കമ്പനിയുമായി സഹകരിച്ചാണ് ഭക്ഷണ വിതരണം. ഫുഡ് ഡെലിവറി മേഖലയില്‍ ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ വഹിക്കുന്ന നിര്‍ണായക പങ്ക് അംഗീകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
യുഎഇ ഫുഡ് ബാങ്കുമായും ഡെലിവറി പ്ലാറ്റ്ഫോമുംമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വേനല്‍ക്കാലത്ത് ഡെലിവറി റൈഡര്‍മാരെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ആര്‍ടിഎയുടെ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ പുറത്ത് ജോലി ചെയ്യുന്നത് നിയന്ത്രിച്ചിരുന്നു. ഈ മിഡ് ഡേ ബ്രേക്ക് നിയമത്തെ പിന്തുണയ്ക്കുന്നത് കൂടിയാണ് പദ്ധതി.
ഗോള്‍ഡ് സൂഖ്, സത്വ, അല്‍ ജാഫിലിയ, ഖുസൈസ്, കറാമ ബസ് സ്റ്റേഷനുകള്‍, റാഷിദിയ, അല്‍ ഫുര്‍ജാന്‍, ഡിഎംസിസി, ബര്‍ജുമാന്‍, ഇബ്നു ബത്തൂത്ത തുടങ്ങിയ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ഏര്‍പ്പെടുത്തുക. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ഘടനയുടെ അനിവാര്യ ഘടകമാണ് ഡെലിവറി തൊഴിലാളികളെന്ന് യുഎഇ ഫുഡ് ബാങ്കിലെ എക്സിക്യൂട്ടീവ് ടീം മേധാവി മനല്‍ ഒബൈദ് ബിന്‍ യാറൂഫ് പറഞ്ഞു.

