ന്യൂഡല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന് (ബാര്‍ക്) കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കി.
നേരത്തെ വാര്‍ത്താ ചാനലുകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താ ഇതര ചാനലുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് സംവിധാനം സ്തംഭിക്കുന്ന സാഹചര്യമാണുണ്ടായത്. പുതിയ 'ടെലിവിഷന്‍ റേറ്റിങ് പോളിസി 2026' പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് റേറ്റിങ് പ്രസിദ്ധീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് വരെ വ്യാപിക്കുന്ന മാധ്യമരംഗത്തെ ഈ തീരുമാനം പലതലങ്ങളില്‍ ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ചാനലുകളുടെ പരസ്യ വരുമാനത്തെയും ജനപ്രീതിയെയും നിര്‍ണയിക്കുന്ന പ്രതിവാര റേറ്റിങ് വിവരങ്ങള്‍ പുറത്തുവിടുന്ന രാജ്യത്തെ ഏക ഏജന്‍സിയാണ് ബാര്‍ക്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ടെലിവിഷന്‍ റേറ്റിങ് നയത്തിലെ വകുപ്പ് 14.2 പ്രകാരമാണ് ഇപ്പോഴത്തെ നടപടി. പുതിയ ചട്ടങ്ങള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നേടാത്ത ഏതെങ്കിലും ഏജന്‍സിക്ക് ഇനി റേറ്റിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. 2014ലെ പഴയ നയത്തിന് പകരമായി കൊണ്ടുവന്ന 'ടെലിവിഷന്‍ റേറ്റിങ് പോളിസി 2026' റേറ്റിങ് മേഖലയിലെ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. ചാനല്‍ തുറക്കുമ്പോള്‍ ആദ്യം കാണിക്കുന്ന 'ലാന്‍ഡിങ് പേജ്' വഴിയുള്ള വ്യൂവര്‍ഷിപ്പ് ഇനി റേറ്റിങ്ങിനായി പരിഗണിക്കില്ല. ഇത് വിപണനരീതിയായി മാത്രം നിലനിര്‍ത്തണമെന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.
റേറ്റിങ് രംഗത്ത് കൂടുതല്‍ ഏജന്‍സികള്‍ പ്രവേശിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനായി, ഏജന്‍സികള്‍ക്ക് നിര്‍ബന്ധമായിരുന്ന കുറഞ്ഞ ആസ്തി മൂല്യം 20 കോടി രൂപയില്‍ നിന്ന് 5 കോടി രൂപയായി കുറച്ചിട്ടുണ്ട്. കേബിള്‍ ടിവി, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി കണക്റ്റഡ് ടിവികളും ഇനി റേറ്റിങ് നിരീക്ഷണ പരിധിയില്‍ വരും. റേറ്റിങ് നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം ഘട്ടംഘട്ടമായി 80,000ല്‍ നിന്ന് 1.2 ലക്ഷമായി ഉയര്‍ത്തണമെന്നും നയം നിര്‍ദേശിക്കുന്നു. റേറ്റിങ് വിവരങ്ങള്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്‌ട്, 2023 പാലിച്ചായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. മൂന്നു മാസത്തിലൊരിക്കല്‍ ആഭ്യന്തര ഓഡിറ്റും വര്‍ഷത്തില്‍ ഒരിക്കല്‍ ബാഹ്യ ഓഡിറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ബാര്‍ക് പുതിയ നിബന്ധനകള്‍ അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ എത്ര വേഗം പൂര്‍ത്തിയാക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത്. അതുവരെ റേറ്റിങ് അടിസ്ഥാനമാക്കിയുള്ള ചാനല്‍ മല്‍സരത്തിലും പരസ്യവിപണിയിലും അനിശ്ചിതത്വം തുടരുമെന്നാണ് സൂചന.

