ന്യൂഡല്‍ഹി: ട്രെയിനില്‍ ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ദമ്പതികള്‍ക്ക് മണിയറ ഒരുക്കിയ സംഭവത്തില്‍ ടിക്കറ്റ് എക്‌സാമിനറെ സസ്‌പെന്‍ഡ് ചെയ്തു.
ട്രെയിന്‍ നമ്പര്‍ 11002 നന്ദിഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനിലാണ് സംഭവം. ബലൂണുകളും പൂക്കളും ഉപയോഗിച്ച് അലങ്കരിച്ച കമ്പാര്‍ട്ട്‌മെന്റിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.
ജൂലൈ ആറിനാണ് സംഭവം. ദമ്പതികള്‍ അവരുടെ ഫസ്റ്റ് എസി ക്യാബിന്‍ അലങ്കരിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ സേവനമേഖലയിലൂടെ സ്വകാര്യ ഡെക്കറേറ്ററെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക അനുമതിയില്ലാതെ ഡെക്കറേറ്റര്‍ കോച്ചില്‍ പ്രവേശിച്ച് കമ്പാര്‍ട്ട്‌മെന്റ് അലങ്കരിക്കുകയായിരുന്നു. അനധികൃത പ്രവേശനം എങ്ങനെ സാധ്യമായെന്നും സുരക്ഷാചട്ടങ്ങളില്‍ ലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ വകുപ്പുതല പരിശോധന പുരോഗമിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ഉത്തരവാദികള്‍ക്കെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

