കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ഇതോടെ 52 ദിവസത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും കടലിലേക്ക് ഇറങ്ങും.
സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ സീസണിനെ വരവേല്‍ക്കുന്നത്.
കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കല്‍, ശക്തികുളങ്ങര തുടങ്ങിയ ഹാര്‍ബറുകളില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എന്‍ജിന്‍ അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തിയാക്കി.
വെള്ളിയാഴ്ച രാവിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ബോട്ടുകള്‍ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും. രാത്രി 12 മണിക്ക് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ പാലത്തില്‍ സ്ഥാപിച്ചിരുന്ന ചങ്ങല മാറ്റി ബോട്ടുകള്‍ കടലിലേക്ക് യാത്രതിരിക്കും.
മത്സ്യബന്ധനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ഹാര്‍ബറുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഐസ് പ്ലാന്റുകളും മറൈന്‍ ഇന്ധന പമ്പുകളും പൂര്‍ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചി, വൈപ്പിന്‍-മുരുക്കുംപാടം, മുനമ്പം തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളിലായി ആയിരത്തില്‍പ്പരം ബോട്ടുകള്‍ തയ്യാറെടുത്ത് കാത്തിരിക്കുകയാണ്. ഇന്ന് അര്‍ധരാത്രിവരെ ഇവിടങ്ങളില്‍ ഒരുക്കങ്ങളുടെ ആരവമുയരും. എന്നാല്‍ മണ്‍സൂണ്‍കാലത്തെ ട്രോളിങ് നിരോധന ഘട്ടത്തില്‍ മഴ കുറഞ്ഞത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കടലില്‍ പോയാല്‍ 'ക്യാച്ചിങ്' എങ്ങിനെയായിരിക്കുമെന്നു പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബോട്ടുടമകള്‍ പറയുന്നു. നിരോധനസമയത്തെ കാലാവസ്ഥാവ്യതിയാനം പരമ്പരാഗത വള്ളങ്ങളെയും തുണച്ചിരുന്നില്ല. കുറച്ച് വള്ളങ്ങള്‍ക്കു മാത്രമേ നല്ല ക്യാച്ചിങ് ലഭിച്ചുള്ളു. പല വള്ളങ്ങളും ഇന്ധനച്ചെലവിനുള്ള മത്സ്യംപോലും ലഭിച്ചില്ലെന്നാണു പറയുന്നത്. എങ്കിലും ഇന്ന് അര്‍ദ്ധരാത്രിയോടെ കടലില്‍ ചെല്ലുമ്പോള്‍ മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. ഇതിനായി ബോട്ടുടമകളും കുടുംബാംഗങ്ങളും പ്രാര്‍ഥനയിലാണ്.
കഴിഞ്ഞ സീസണ്‍ അവസാനം മല്‍സ്യ ലഭ്യത കുറഞ്ഞതോടെ പല ബോട്ടുകളും വന്‍ കടത്തിലാണു കരയില്‍ കെട്ടിയത്. അതിനാല്‍ എല്ലാ ബോട്ടുകളും ഇന്ന് നീറ്റിലിറക്കുന്നില്ല. സാമ്പത്തികപ്രതിസന്ധി മൂലം അറ്റകുറ്റപ്പണികള്‍ക്കായി പണം കണ്ടെത്താന്‍ വഴിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. പല ബോട്ടുടമകളും അത്യാവശ്യ ജോലികള്‍ മാത്രമാണു നടത്തിയത്. വലകളുടെ കാര്യത്തിലും ഇത്തരത്തില്‍ ചെലവ് ചുരുക്കിയിരുന്നു. പലരും പഴയ വലകള്‍ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്.
കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍നിന്നും രാമേശ്വരത്തു നിന്നുമുള്ള മത്സ്യത്തൊഴിലാളികളെ കൂടാതെ ബിഹാര്‍, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും എത്തിയതോടെ ഹാര്‍ബറുകളില്‍ ഉത്സവ പ്രതീതിയായി.

