Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എഎംഎംഎയില്‍ ഔദ്യോഗിക രാജി; ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു

എഎംഎംഎയില്‍ ഔദ്യോഗിക രാജി; ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു

തേജസ് 3 weeks ago

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ നിന്ന് ഒഴിയുന്നതായി ഔദ്യോഗിക രാജി. നടന്മാരായ ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു.

എഎംഎംഎ സംഘടനയുടെ ഇമെയിലിലേക്ക് ഇവര്‍ രാജിസന്ദേശം അയക്കുകയായിരുന്നു. 500ലധികം അംഗങ്ങള്‍ക്ക് മുന്നില്‍ വാര്‍ഷിക പൊതുയോഗത്തില്‍ കമ്മിറ്റി രാജി പ്രഖ്യാപിച്ചതാണ്. ഇനിയും തുടരാന്‍ താത്പര്യമില്ലെന്ന് ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് നടന്മാരായ ജയന്‍ ചേര്‍ത്തലയും കൈലാഷും.

ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ രമേഷ് പിഷാരടിയും ഗണേഷ് കുമാറും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ശ്വേത മേനോന്‍ രംഗത്തെത്തി. എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. എഎംഎംഎയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്‌ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും എഎംഎംഎയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യക്കാര്‍ എഎംഎംഎയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. അഡ്‌ഹോക് കമ്മിറ്റിക്കെതിരേ ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചേക്കും. നിലവില്‍ കൈലാഷും, ജയന്‍ ചേര്‍ത്തലയും, ലക്ഷമി പ്രിയയും മാത്രമാണ് രാജിവച്ചിരിക്കുന്നത്.

ശ്വേത മേനോന്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചത്

ഇത്രയും ദിവസം ഞാന്‍ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാന്‍ നിശബ്ദത പാലിച്ചാല്‍ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ എന്റെ പേര് തുടര്‍ച്ചയായി ലക്ഷ്യം വെക്കപ്പെടുകയും കരിവാരിത്തേക്കാന്‍ ശ്രമം നടക്കുകയുമാണ്. എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പടിയിറങ്ങില്ല. അവര്‍ ഇന്ന് പറഞ്ഞത് ഞാന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നാണ്. അമ്മയെ അനാഥമാക്കിയെന്ന്. അല്ല. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല. ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍, ഞങ്ങളുടെ കമ്മിറ്റി രാജി വെക്കണം എന്ന മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായിട്ടാണ് ചിലര്‍ വന്നത്. കൃത്യമായി പറഞ്ഞാല്‍ 10- 15 പേര്‍. അവര്‍ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന, നേരത്തെ അച്ചടിച്ച ഒരു പ്രമേയം വിതരണം ചെയ്തു. അതില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരായുള്ള അടിസ്ഥാനമില്ലാത്ത നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതിന് ഞങ്ങള്‍ക്ക് വ്യക്തവും വിവരാധിഷ്ഠിതവും നിയമപരവുമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, അമ്മയിലെ ബൈലോ ആര്‍ട്ടിക്കിള്‍ 12 (ഇ) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ആ പ്രമേയം പാസ്സായിട്ടുമില്ല. അതിന് യാതൊരു നിയമബലവുമില്ല.

ജനറല്‍ ബോഡിയുടെ തീരുമാനമാണ് അഡ്‌ഹോക്ക് കമ്മിറ്റിയെന്ന് ഇന്ന് അവര്‍ പറഞ്ഞു. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. അമ്മയുടെ ബൈലയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? ബൈലോയില്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്? ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്. ഒരു കമ്മിറ്റി പൂര്‍ണ്ണമായും ഒഫിഷ്യലി രാജി വച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്?

അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്‌ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല. അമ്മ അംഗങ്ങളെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയുമാണ്. അമ്മ ഒരു ചാരിറ്റി സംഘടനയാണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. ജനറല്‍ ബോഡി മീറ്റിംഗ് കഴിഞ്ഞ് ഇന്നുവരെ അമ്മയുടെ യാതൊരു പ്രവര്‍ത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. ജൂലൈ 1 ന് നല്‍കേണ്ട കൈനീട്ടം ഞങ്ങള്‍ അംഗങ്ങള്‍ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്...ഇതെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട്. എന്റെ നിശബ്ദത മുതലെടുത്ത് അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യങ്ങള്‍ അമ്മയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. എന്ന് സ്വന്തം, ശ്വേത മേനോന്‍, അമ്മ പ്രസിഡന്റ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News