ഭോപ്പാല്‍: ജില്ലാ ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ (എന്‍ഐസിയു) വാമര്‍ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം.
പൊള്ളലേറ്റ മറ്റ് രണ്ടുകുഞ്ഞുങ്ങള്‍ ചികിത്സയില്‍. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ശനിയാഴ്ചയാണ് സംഭവം. വാമര്‍ മെഷീന്റെ ഫിലമെന്റില്‍നിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് വഴിതെളിച്ചത്. തുടര്‍ന്ന് ആശുപത്രിജീവനക്കാര്‍ ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
പൊള്ളലേറ്റതിന് പിന്നാലെ മൂന്ന് കുഞ്ഞുങ്ങള്‍ക്കും പ്രാഥമിക ചികിത്സ നല്‍കിയെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ കാഞ്ചന്‍ ദുബെ പറഞ്ഞു. ശേഷം തുടര്‍ചികില്‍സയ്ക്കായി ജബല്‍പുരിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കുഞ്ഞുങ്ങളില്‍ ഒരാളുടെ നില ഗുരുതരമായിരുന്നു. ഈ കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. ചിന്ദ്വാരയില്‍ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാലാണ് ജബല്‍പുരിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. കുഞ്ഞിനെ ജബല്‍പുരിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
എന്‍ഐസിയുവില്‍ തീപ്പിടിത്തമുണ്ടായത് എങ്ങനെ എന്നതിനേക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആശുപത്രികള്‍ രോഗികളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമങ് സിംഘാര്‍ വിമര്‍ശിച്ചു

