ദുബയ്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തന്ത്രപ്രധാന കടല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് സാധാരണ നിലയിലേക്ക്.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയില്‍ 30 ലക്ഷത്തിലധികം ബാരലിന്റെ വര്‍ധന രേഖപ്പെടുത്തിയതോടെ മേഖലയില്‍ നിന്നുള്ള പ്രതിദിന എണ്ണ കയറ്റുമതി വീണ്ടും ഒരു കോടി ബാരല്‍ കടന്നു.
യുഎസ് സൈന്യത്തിന്റെ സുരക്ഷാ മേല്‍നോട്ടത്തില്‍ ജലപാതയിലൂടെയുള്ള കപ്പല്‍ഗതാഗതം സുഗമമായതാണ് ഈ തിരിച്ചുവരവിന് പ്രധാന കാരണമായത്. എന്നാല്‍ യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഇപ്പോഴും ഏകദേശം 40 ശതമാനം താഴെയാണ്. ഗള്‍ഫ് വിപണിയില്‍ കെട്ടിക്കിടന്നിരുന്ന ദശലക്ഷക്കണക്കിന് ബാരല്‍ അസംസ്‌കൃത എണ്ണ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതില്‍ യുഎഇയാണ് നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില സംഘര്‍ഷത്തിന് മുന്‍പുണ്ടായിരുന്ന നിരക്കിലേക്ക് താഴ്ത്താന്‍ ഉല്‍പാദക രാജ്യങ്ങള്‍ക്ക് സാധിച്ചു.
കെപ്ലര്‍, എല്‍എസ്‌ഇജി, വോര്‍ട്ടെക്‌സ എന്നിവയുടെ കണക്കുകള്‍ പ്രകാരം ജൂണില്‍ യുഎഇയുടെ എണ്ണ കയറ്റുമതി റെക്കോര്‍ഡ് നിരക്കായ 37 മുതല്‍ 38 ലക്ഷം ബാരല്‍ പ്രതിദിനമായി ഉയര്‍ന്നു. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിനം 10 ലക്ഷത്തിലധികം ബാരലിന്റെ വര്‍ധനയാണിത്. സംഘര്‍ഷകാലത്ത് ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കുന്നതിനായി അഡ്‌നോക് പ്രത്യേക 'ടാങ്കര്‍ ഷട്ടില്‍ സര്‍വീസ്' ഉപയോഗിച്ചിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ജൂണ്‍ 17ന് യുഎസ്-ഇറാന്‍ ധാരണയായതിന് പിന്നാലെ കടലില്‍ ഫ്‌ലോട്ടിങ് സ്‌റ്റോറേജായി കിടന്നിരുന്ന എണ്ണയുടെ അളവ് വേഗത്തില്‍ കുറഞ്ഞതായി കെപ്ലര്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ അവസാനത്തോടെ കടലിടുക്കിലെ ഫ്‌ലോട്ടിങ് സ്‌റ്റോറേജ് 9.6 കോടി ബാരലിലെത്തി ഉയര്‍ന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ നിലവിലെ നീക്കത്തോടെ ഏകദേശം 2.3 കോടി ബാരല്‍ എണ്ണ മാത്രമാണ് ഇനി ഈ ജലപാതയിലൂടെ നീങ്ങാനുള്ളതെന്ന് കണക്കാക്കപ്പെടുന്നു.
ജൂണ്‍ 22നും 28നും ഇടയില്‍ മാത്രം 98 ടാങ്കറുകളാണ് ഹോര്‍മുസ് കടലിടുക്ക് കടന്നത്. പ്രതിദിനം ശരാശരി 14 കപ്പലുകള്‍ എന്ന നിലയിലാണ് ഗതാഗതം നടന്നത്. ഇതില്‍ എണ്ണയുമായി പുറത്തേക്കുപോയ 47 ടാങ്കറുകളും ഗള്‍ഫിലേക്ക് പ്രവേശിച്ച 41 ചരക്കില്ലാത്ത കപ്പലുകളും ഉള്‍പ്പെടുന്നു. കപ്പല്‍ ഉടമകള്‍ ഈ റൂട്ടിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും പുനസ്ഥാപിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
ജൂണ്‍ മാസത്തില്‍ സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിദിനം 7.68 ലക്ഷം ബാരല്‍ വര്‍ധിച്ച് 45.2 ലക്ഷം ബാരലായി. റാസ് തനൂറയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയിലെ ശരാശരി കയറ്റുമതി പ്രതിദിനം 63 ലക്ഷം ബാരലിലെത്തിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷകാലത്ത് സൗദി അറേബ്യക്കും യുഎഇക്കും പൈപ്പ്‌ലൈന്‍ വഴി എണ്ണ തിരിച്ചുവിടാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇറാഖിനും കുവൈത്തിനും അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടതോടെ ഇറാഖും കുവൈത്തും പ്രതിദിനം എട്ട് ലക്ഷം ബാരല്‍ വീതം കയറ്റുമതി വീണ്ടെടുത്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കുവൈത്തിന്റെ ആകെ എണ്ണ ഉല്‍പാദനം പ്രതിദിനം 16.5 ലക്ഷം ബാരലായി ഉയര്‍ന്നതായും റിപോര്‍ട്ടുണ്ട്.
ഇതിനിടെ യുഎസ് ഉപരോധത്തില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് ഇറാനും ജൂണില്‍ കയറ്റുമതി ഗണ്യമായി വര്‍ധിപ്പിച്ചു. ഇറാന്റെ എണ്ണ കയറ്റുമതി 70 ശതമാനത്തിലധികം ഉയര്‍ന്ന് പ്രതിദിനം 6.4 ലക്ഷം ബാരലിലെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

