ന്യൂഡല്‍ഹി: ഇ 20 പെട്രോള്‍ ഉപയോഗിച്ചത് കാരണം വാഹനങ്ങള്‍ കേടായെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാര്‍ലമെന്റില്‍ മറുപടി നല്‍കി.
ഇ 20 പെട്രോള്‍ സുരക്ഷിതമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചത്. ശാസ്ത്രീയമായ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് എഥനോള്‍ പെട്രോള്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ തുടങ്ങിയതെന്നും, ഇ 20 ഉപയോഗിച്ചത് കൊണ്ട് വാഹനത്തിന് കാര്യമായി കേടുപാടുകളുണ്ടായെന്നോ, പ്രകടനം മോശമായെന്നോ ഇതുവരെ തെളിഞ്ഞിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇ 15 അടക്കം ബ്ലെന്‍ഡഡ് പെട്രോളുകള്‍ മൂന്നര വര്‍ഷമായി രാജ്യത്ത് ഉപയോഗിക്കുന്നു. ഇ 19, ഇ 20 പെട്രോളുകള്‍ രണ്ടര വര്‍ഷത്തിലധികമായി ഉപയോഗിക്കുന്നുണ്ട്.
നാളെ മുതല്‍ വിവിധ സംഘടനകള്‍ എഥനോള്‍ പെട്രോളിനെതിരെ ഡല്‍ഹിയില്‍യില്‍ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്രം നിലപാട് ആവര്‍ത്തിക്കുന്നത്. അതിനിടെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത് എന്ന കൂട്ടായ്മയുടെ നേതാവ് തഹ്‌സീന്‍ പൂനെവാലയെ വിജയ് ചൗക്കില്‍നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഡല്‍ഹി പോലിസ് ബലം പ്രയോഗിച്ച് നീക്കിയെന്ന് പരാതി ഉയര്‍ന്നു. നിതിന്‍ ഗഡ്കരിയെ അടക്കം നിരന്തരം വിമര്‍ശിക്കുന്ന തഹ്‌സീന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനെതിരേ സത്യം പറയുന്നതുകൊണ്ടാണ് നടപടിയെന്ന് തഹ്‌സീന്‍ വിമര്‍ശിച്ചു.
അതിനിടെ എഥനോള്‍ ചേര്‍ത്ത ഇ 20 പെട്രോള്‍ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാര്‍ രംഗത്തെത്തി. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നില്‍ ഹാജരാക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവര്‍ മുന്നോട്ട് വെച്ചു. 'ടീം ഭാരത്' എന്ന പേരില്‍ ഇ 20 ഇന്ധനത്തിനെതിരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നയിച്ച ആക്ടിവിസ്റ്റും സംരംഭകനുമായ തഹ്സീന്‍ പൂനാവാലയാണ് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇ 20 പെട്രോളിനെ വിമര്‍ശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.

