മുംബൈ: ട്വന്റി-20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ മാറ്റിയതായാണ് റിപോര്‍ട്ട്. ക്യാപ്റ്റന്‍സി തെറിച്ചതിന് പിന്നാലെ ഒരു കളിക്കാരന്‍ എന്ന നിലയിലും സൂര്യകുമാറിനെ ഇനി ഇന്ത്യയുടെ ട്വന്റി-20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇതോടെ ന്യൂസിലന്‍ഡിനെതിരെ നടന്ന 2026 ട്വന്റി-20 ലോകകപ്പ് ഫൈനല്‍ മല്‍സരമാകും സൂര്യകുമാറിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര ട്വന്റി-20 മല്‍സരം. ഈ മാസം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തോടെ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന.
2024 ജൂലൈയില്‍ രോഹിത് ശര്‍മ്മ വിരമിച്ചതിനെത്തുടര്‍ന്നാണ് ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ട്വന്റി-20 നായകനാകുന്നത്. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീം ഇന്ത്യ തുടര്‍ജയങ്ങള്‍ നേടിയിരുന്നെങ്കിലും ബാറ്റിങില്‍ തിളങ്ങാനാവാഞ്ഞത് തിരിച്ചടിയായി. തുടര്‍ച്ചയായ 8 ദ്വിരാഷ്ട്ര പരമ്പര വിജയങ്ങള്‍, 2025-ലെ ഏഷ്യാ കപ്പ് കിരീടം, 2026-ലെ ട്വന്റി-20 ലോകകപ്പ് കിരീട എന്നിവയാണ് സൂര്യക്ക് കീഴിലെ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്‍.

