തിരുവനന്തപുരം: കെഎസ്‌ഇബിയുടെ സോളാര്‍ പദ്ധതികളില്‍ കോടികളുടെ അഴിമതി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പദ്ധതികളില്‍ ഉണ്ടായ ക്രമക്കേടുകള്‍ മൂലം ഇതുവരെ 3.16 കോടി രൂപയുടെ നഷ്ടമാണ് കെഎസ്‌ഇബിക്കുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എറണാകുളം സ്വദേശി കെ ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലായി നടപ്പാക്കാനിരുന്ന സോളാര്‍ പദ്ധതികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോട്ടയം ഏറ്റുമാനൂരില്‍ ഒരു മെഗാവാട്ട് സോളാര്‍ പദ്ധതി സ്ഥാപിക്കുന്നതിനായി 6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് കരാര്‍ നല്‍കിയിരുന്നത്. പദ്ധതിക്കായി ഇതിനകം 2.48 കോടി രൂപ ചെലവഴിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. അതേസമയം കാസര്‍കോഡ് ജില്ലയിലെ മയിലാട്ടിയില്‍ ഗ്രിഡ് ബന്ധിത സോളാര്‍ പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പദ്ധതി പിന്നീട് നിലച്ചുപോയി.
പദ്ധതികളില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര അഴിമതിയും ക്രമക്കേടുകളും നടന്നതായാണ് ഉയരുന്ന ആരോപണം. ചെലവഴിച്ച തുകയും പ്രവൃത്തികളുടെ പുരോഗതിയും സംബന്ധിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് പരിശോധിച്ചുവരികയാണ്.

