Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഇറാനില്‍ അതീവ ജാഗ്രത

ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഇറാനില്‍ അതീവ ജാഗ്രത

തേജസ് 3 weeks ago

തെഹ്‌റാന്‍: മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഇറാന്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിദേശ നേതാക്കളുടെയും മതനേതാക്കളുടെയും ദശലക്ഷക്കണക്കിന് ആളുകളുടെയും എണ്ണം കണക്കിലെടുത്ത് സൈന്യം അതീവ ജാഗ്രതയിലാണെന്ന് ഇറാന്‍ സൈന്യം ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമിനിയ പറഞ്ഞു.

രാജ്യത്തുടനീളം കര, നാവിക, വ്യോമസേനകള്‍ തങ്ങളുടെ വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, അതേസമയം ഏതെങ്കിലും തരത്തിലുള്ള ഭീഷണികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 4 ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. മൃതദേഹം തെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല സമുച്ചയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ജൂലൈ 9 ന് മഷ്ഹാദിലെ ഇമാം റെസ ദേവാലയത്തില്‍ സംസ്‌കരിക്കും. നേരത്തെ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

ചൈന, റഷ്യ, ഖത്തര്‍, ഫ്രാന്‍സ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലോക നേതാക്കള്‍ക്കും ചടങ്ങില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഖാംനഈയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് മോദിയും നിലവിലെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ആ സമയം മോദി പെസഷ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആദ്യഘട്ട ആക്രമണങ്ങളിലാണ് ആയത്തുല്ല അലി ഖാനഈ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖാംനഈക്കും പരുക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്തതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഖാംനഈയുടെ മകള്‍ സഹ്ദ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാഹ് അല്‍ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും ഖാംനഈക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. ഖാംനഈ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിനുനേരെ ആക്രമണം ഉണ്ടായത്. ഇറാന്‍ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൂസവി, ഖാനഈയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍, 1989 മുതല്‍ ഖാംനഈയുടെ മിലിറ്ററി ബ്യൂറോ തലവനായ മുഹമ്മദ് ഷിറാസി എന്നിവരും കൊല്ലപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News