കൊല്‍ക്കത്ത: കൊല്‍ക്കത്ത ലേക്ക് ടൗണില്‍ സ്ഥാപിച്ചിരുന്ന ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൂറ്റന്‍ പ്രതിമ ബംഗാള്‍ പൊതുമരാമത്ത് നീക്കം ചെയ്തു.
കഴിഞ്ഞവര്‍ഷം മമത ബാനര്‍ജി സര്‍ക്കാര്‍ സ്ഥാപിച്ച 70 അടി ഉയരമുള്ള പ്രതിമയാണ് ഇളക്കി മാറ്റിയത്. പ്രതിമ കാറ്റില്‍ ഉലയുന്നുണ്ടെന്നും, ഇത് പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫൈബര്‍ ഗ്ലാസിലും ഇരുമ്പിലും തീര്‍ത്ത ഈ പ്രതിമ കാറ്റില്‍ അപകടകരമായ രീതിയില്‍ ആടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നടപടി.
കഴിഞ്ഞ ആഴ്ച മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പ്രതിമയ്ക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കനത്ത നൈലോണ്‍ കയറുകള്‍ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു. അടിത്തറ പൊളിച്ച് മാറ്റിയശേഷം ഹൈഡ്രോളിക് ക്രെയ്ന്‍ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്. പുതിയ സ്ഥലത്ത് സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനം ആകുംവരെ പ്രതിമ പൊതുമരാമത്ത് സൂക്ഷിക്കും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നില്‍ മമത ബാനര്‍ജി രൂപകല്‍പന ചെയ്ത ഫുട്‌ബോള്‍ ശില്‍പവും പുതിയ ബിജെപി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന്, മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനും മുന്നോടിയായാണ് ഫുട്‌ബോള്‍ പ്രേമികള്‍ നഗരത്തില്‍ ഈ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്. കൊല്‍ക്കത്തയിലെത്തിയ മെസി തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, കഴിഞ്ഞ മെയ് 25ന് പ്രതിമ കാറ്റില്‍ ആടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പ്രതിമയുടെ ഘടനയ്ക്ക് ഗുരുതരമായ ബലക്ഷയം ഉള്ളതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന്, ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രതിമ ഉടനടി നീക്കം ചെയ്യാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും അധികൃതര്‍ ഉത്തരവിട്ടു.

