കൊല്ലം: കടയ്ക്കലില്‍ പാമ്പുകടിയേറ്റ് ചികില്‍സയിലിരുന്ന യുവതി മരിച്ചു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.
ഒരാഴ്ച മുന്‍പ് വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍വച്ച് വീണ്ടും അസ്വസ്ഥതകള്‍ ഉണ്ടായതോടെ വീണ്ടും അഞ്ചലിലെ ആശുപത്രിയില്‍ എത്തി മരുന്ന് വാങ്ങി. ഇന്നലെ ശാലിനിക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടുകൂടി മരണം സംഭവിച്ചു.
മരണത്തില്‍ കടക്കല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് അനീഷ് വിദേശത്താണ്.

