കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ മുകളില്‍ നിന്ന് മാവിൻ കൊമ്പ് പൊടി താഴേക്ക് വീണ വിദ്യാര്‍ഥിയുടെ കഴുത്തില്‍ ഗേറ്റിലെ ഇരുമ്പ് കമ്പി തുളഞ്ഞുകയറി.
മലപ്പുറം പുളിക്കല്‍ എയര്‍പോര്‍ട്ട് റോഡിലെ സിയാംകണ്ടം പാലശ്ശേരി പറമ്പില്‍ മുഹമ്മദ് സഹീറിന്റെ മകന്‍ മുഹമ്മദ് മാസി(15)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിന്ന മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാവിൻ കൊമ്പ് പൊട്ടിയതോടെ മാസ് നിയന്ത്രണം വിട്ട് താഴേക്ക് വീണത്. വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ശൂലം പോലെയുള്ള ഇരുമ്പ് കമ്പി കഴുത്തില്‍ തുളഞ്ഞുകയറി മറുവശത്തേക്ക് പുറത്തുകടക്കുകയായിരുന്നു. ഗേറ്റില്‍ തൂങ്ങിയ നിലയില്‍ കിടന്ന വിദ്യാര്‍ഥിയെ അയല്‍വാസികളും , അതുവഴി എത്തിയ നാട്ടുകാരും ചേർന്ന് താങ്ങിപ്പിടിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് സ്‌ട്രെച്ചറിന്റെ സഹായത്തോടെ ഗേറ്റിന്റെ ഭാഗം മുറിച്ചുമാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് കഴുത്തിന് പുറത്തുണ്ടായിരുന്ന കമ്പിയുടെ ശേഷിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റി. ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഭാഗം നീക്കം ചെയ്യുന്നതിനായി ഇന്നലെ രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

