Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കെ കെ അബ്ദുല്‍ ജബ്ബാര്‍

മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കെ കെ അബ്ദുല്‍ ജബ്ബാര്‍

തേജസ് 3 hrs ago

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയും മുന്നറിയിപ്പ് നല്‍കാതെയും ഒന്നിലേറെ തവണ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സാധാരണ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ആരോപിച്ചു.

പകല്‍ സമയത്തും രാത്രിയിലും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും വിദ്യാര്‍ഥികളെയും രോഗികളെയും ഉള്‍പ്പെടെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി മുടക്കം ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. വൈദ്യുതിയെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് വ്യക്തമായ കാരണവും സമയക്രമവും ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനവും ഉണ്ടാകണം. എന്നാല്‍ പല പ്രദേശങ്ങളിലും യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സാഹചര്യമാണുള്ളത്. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പോലും കൃത്യമായി അറിയാന്‍ കഴിയാത്ത അവസ്ഥയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്.

ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വൈദ്യുതി മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണം.

വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും ആസൂത്രണത്തിലെ വീഴ്ചകളുമാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന ആരോപണം ഗൗരവമായി പരിശോധിക്കണം. പ്രസരണ-വിതരണ മേഖലയിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ബോര്‍ഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News