കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍.
പള്‍സര്‍ സുനിയുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുക. 11 മണിയോടെ അപ്പീല്‍ ഹരജി പരിഗണിക്കും. നടിക്കുവേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും.
ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടന്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ പിന്നീടായിരിക്കും പരിഗണിക്കുക.
ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുത്തേക്കും.
2017 ഫെബ്രുവരി പതിനേഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ആണ് നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടുകയും ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ നടന്‍ ദിലീപ് ആദ്യം മുതല്‍ക്കുതന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയും ഒടുവില്‍ പോലിസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാന്‍ഡില്‍ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു.
നടിയെ ആക്രമിക്കുവാന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങള്‍ ദിലീപ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്
നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചായിരുന്നു ഗുണ്ടകള്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

